ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 14, 2020

Update: 2020-07-14 15:15 GMT

കൊറോണ അപ്‌ഡേറ്റ്‌സ്

ഇന്ന് കേരളത്തില്‍

കേരളത്തില്‍ 608 പേര്‍ക്ക് കൂടി പുതുതായി കോവിഡ്. 4454 പേരാണ് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ :906752  (ഇന്നലെ വരെയുള്ള കണക്ക്:878234)

മരണം :23727  (ഇന്നലെ വരെയുള്ള കണക്ക്: 23174 )

ലോകത്ത് ഇതുവരെ

രോഗികള്‍: 13127006 (ഇന്നലെ വരെയുള്ള കണക്ക്: 12932171 )

മരണം : 573664 ( ഇന്നലെ വരെയുള്ള കണക്ക്: 569679  )

ഓഹരി വിപണിയില്‍ ഇന്ന്

വ്യാപകമായ വില്‍പ്പന സമ്മര്‍ദ്ദം വിപണിയെ നഷ്ടത്തിലേക്ക് നയിച്ചു. നിക്ഷേപകര്‍ ലാഭമെടുപ്പ് തുടര്‍ന്നതോടെ സെന്‍സെക്‌സ് 660.63 പോയ്ന്റ് താഴ്ന്ന് 36033.06 ലും നിഫ്റ്റി 195.30 പോയ്ന്റ് നഷ്ടത്തില്‍ 10,607.40 ലുമാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4550 രൂപ (ഇന്നലെ 4565 രൂപ)
ഒരു ഡോളര്‍: 75.49 രൂപ (ഇന്നലെ : 75.19 രൂപ)

ക്രൂഡ് ഓയ്ല്‍

WTI Crude     39.43      -1.67 %
Brent Crude   42.22      -1.10%
Natural Gas   1.734      -0.29%

മറ്റ് വാര്‍ത്തകള്‍ ചുരുക്കത്തില്‍

ജിയോ പ്ലാറ്റ്ഫോമില്‍ ഗൂഗിള്‍ 4 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചേക്കും

ഗൂഗിളും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ ബിസിനസുകള്‍ നടത്തുന്ന ജിയോ പ്ലാറ്റ്ഫോമില്‍ 4 ബില്യണ്‍ ഡോളര്‍(30,000 കോടി രൂപ) നിക്ഷേപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. കാല്‍കോം വെഞ്ച്വേഴ്സ് 730 കോടി രൂപയുടെ നിക്ഷേപം നടത്തിയതിനു പിന്നാലെയാണ് ഗൂഗിളിന്റെ നിക്ഷേപം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ലോകസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ആറാമന്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ലോകധനികരില്‍ ആറാം സ്ഥാനത്ത്. 72.4 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി. ബ്ലൂംബെര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡക്‌സിന്റെ റാങ്കിങ് അനുസരിച്ചാണിത്.

അഞ്ചു വര്‍ഷത്തെ ഐടി റിട്ടേണ്‍ ഫയലിങ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് സെപ്റ്റംബര്‍ 30വരെ സമയം

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഓണ്‍ലൈനില്‍ റിട്ടേണ്‍ ഫയല്‍ ചെയതിട്ട് അത് പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഒരുതവണ കൂടി അവസരം അനുവദിച്ചു. ആവശ്യമുള്ള തിരുത്തലുകല്‍വരുത്തി സെപ്റ്റംബര്‍ 30നകം റിട്ടേണ്‍ ഫയലിങ് പൂര്‍ത്തിയാക്കാം. ഓണ്‍ലൈനായി റിട്ടേണ്‍ നല്‍കിയവര്‍ അത് ഒപ്പിട്ട് അയച്ചുകൊടുക്കാതിരിക്കുകയോ ഫയലിങ് പ്രക്രിയ പൂര്‍ത്തിയാക്കാതിരിക്കുയോ ചെയ്തിട്ടുണ്ടെങ്കില്‍ ഈ അവസരം പ്രയോജനപ്പെടുത്താം

40,000 പേരെ പുതുതായി നിയമിക്കുമെന്ന് ടി.സി.എസ്

മുന്‍ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും തുടക്കക്കാരില്‍നിന്ന് 40,000 പേരെ നിയമിക്കുമെന്ന് പ്രമുഖ ഐ.ടി. കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്. കാമ്പസുകളില്‍നിന്നുള്ള നിയമനമാണ് പരിഗണിക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ വരുമാനം കുറഞ്ഞത് നിയമനത്തെ ബാധിക്കില്ലെന്നും ടി.സി.എസ്. അറിയിച്ചു.

അബുദാബി സസ്റ്റെയിനബിലിറ്റി ലീഡര്‍ അവാര്‍ഡ് എം.എ.യൂസഫലിക്ക്

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിക്ക് ഈ വര്‍ഷത്തെ അബുദാബി സസ്റ്റെയിനബിലിറ്റി ലീഡര്‍ പുരസ്‌കാരം. അബുദാബി പരിസ്ഥിതി വകുപ്പിന്റെ കീഴിലുള്ള അബുദാബി സസ്റ്റെയിനബിലിറ്റി ഗ്രൂപ്പാണ് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. സുസ്ഥിരതയുടെ മികച്ചതും നൂതനവുമായ സമ്പ്രദായങ്ങള്‍ നടപ്പിലാക്കുന്നതും സുസ്ഥിര മാനേജ് മെന്റ് നടപടികളുടെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

റെറ മൂന്നു വര്‍ഷത്തിനിടയില്‍ തീര്‍പ്പാക്കിയത് അര ലക്ഷത്തോളം കേസുകള്‍

വീടുവാങ്ങാനായി കാത്തിരിക്കുന്നവര്‍ക്ക്  പ്രതീക്ഷയുമായി റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ തീര്‍പ്പാക്കിയത് 48,556 കേസുകള്‍. പ്രോജക്റ്റുകള്‍ വൈകുന്നതിലൂടെ ഉപഭോക്താവിന് നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനായുള്ളതാണ് ഇവ. ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയത്തില്‍ നിന്നുള്ള വിവരങ്ങളനുസരിച്ച് ആകെ തീര്‍പ്പായ കേസുകളില്‍ 57 ശതമാനവും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലാണ്്.

എസ്ബിഐ ഭവനവായ്പാ നിരക്ക് റെക്കോര്‍ഡ് താഴ്ചയില്‍

15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഭവനവായ്പാ പലിശ നിരക്കുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 2020 ജൂലൈയില്‍ ഏറ്റവും കുറഞ്ഞ നിരക്കായ 6.95 ശതമാനമാണ് ഭവന വായ്പാ പലിശ നിരക്ക്.പലിശ നിരക്ക് കുറഞ്ഞതോടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണര്‍വ് പ്രകടമാകുമെന്നാണ് ഈ മേഖലയിലുള്ളവര്‍ പ്രതീക്ഷിക്കുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് എ ജി എം നാളെ

ഇന്ത്യന്‍ സാമ്പത്തിക മേഖലയോടൊപ്പം ആഗോള തലത്തില്‍ കോര്‍പ്പറേറ്റുകളും ഉറ്റുനോക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 43-ാമത് വാര്‍ഷിക പൊതുയോഗം നാളെ. സൗദി ആരാംകോയില്‍ നിന്ന് 1,500 കോടിയുടെ നിക്ഷേപം വരുന്നതു സംബന്ധിച്ചും  റിലയന്‍സ് ജിയോയുടെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) സംബന്ധിച്ചുമുള്ള പ്രഖ്യാപനങ്ങള്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് നിരീക്ഷകരുടെ പ്രതീക്ഷ.

ഐപിഒ വഴി 1,200 കോടി ലക്ഷ്യമിട്ട് ബാര്‍ബിക്യൂ നേഷന്‍

കാഷ്വല്‍ ഡൈനിംഗ് ശൃംഖലയായ ബാര്‍ബിക്യൂ നേഷന്‍ ഹോസ്പിറ്റാലിറ്റിക്ക് പ്രാരംഭ പബ്ലിക് ഓഫറിംഗിലൂടെ 1,000-1,200 കോടി രൂപ സമാഹരിക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ അനുമതി ലഭിച്ചു. സെബിയില്‍ സമര്‍പ്പിച്ച അനുമതി അപേക്ഷ പ്രകാരം 275 കോടി രൂപയുടെ പുതിയ ഓഹരികളിറക്കാനും 98,22,947 വരെ ഓഹരി വില്‍ക്കാനുമുള്ള ഓഫറുകള്‍ ഐപിഒയില്‍ ഉള്‍പ്പെടുന്നു.

യെസ് ബാങ്ക് എഫ്.പി.ഒ നാളെ മുതല്‍

യെസ് ബാങ്കിന്റെ ഫോളോ-ഓണ്‍ പബ്ലിക് ഓഫറിംഗ് നാളെ മുതല്‍. 15,000 കോടി രൂപ സമാഹരിക്കാനുള്ള എഫ്.പി.ഒ ജൂലൈ 17 ന് അവസാനിക്കും. യെസ് ബാങ്കിന്റെ പുനര്‍ജീവന പാതയിലെ നിര്‍ണ്ണായക നടപടിയാകും എഫ.പി.ഒ പ്രക്രിയയെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു.

കോഴിക്കോടു നിന്ന് ഗള്‍ഫിലേക്കുള്ള പച്ചക്കറി കപ്പല്‍ കയറി

കോവിഡ് ലോക്ഡൗണിനു പിന്നാലെ എയര്‍ കാര്‍ഗോ നിരക്കുകള്‍ ഗണ്യമായി ഉയര്‍ന്നതോടെ മലബാറില്‍ നിന്നു ഗള്‍ഫിലേക്കുള്ള പച്ചക്കറി കപ്പല്‍ കയറുന്നു. ശീതീകരിച്ച (റീഫര്‍) കണ്ടെയ്നറുകളില്‍ റോഡ് മാര്‍ഗം കൊച്ചിയിലെത്തിച്ചു വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലില്‍ നിന്നാണ് ഇവ അയയ്ക്കുന്നത്.കോഴിക്കോടു നിന്ന് ആദ്യ ഘട്ടമായി 12 നാല്‍പതടി കണ്ടെയ്നറുകളിലായി ഏകദേശം 216 ടണ്‍ പച്ചക്കറിയാണു ഗള്‍ഫിലേക്ക് കപ്പലില്‍ അയച്ചത്.

സ്വര്‍ണ-വജ്രാഭരണങ്ങളുടെ കയറ്റുമതി ഇടിഞ്ഞു

രാജ്യത്തെ സ്വര്‍ണ-വജ്രാഭരണങ്ങളുടെ കയറ്റുമതി ജൂണ്‍ മാസത്തില്‍ 34.72 ശതമാനം ഇടിഞ്ഞ് 1.64 ബില്യണ്‍ ഡോളറായി. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇത് 2.5 ബില്യന്‍ ഡോളറായിരുന്നു. ( ഏകദേശം18,951 കോടി രൂപ). ഏപ്രില്‍-ജൂണ്‍ മാസങ്ങളിലെ കയറ്റുമതി 54.79 ശതമാനം ഇടിഞ്ഞ് 2.75 ബില്യണ്‍ ഡോളറായി.രാജ്യത്തെ മൊത്തം കയറ്റുമതിയുടെ 15% സ്വര്‍ണ, വജ്ര മേഖലയില്‍ നിന്നാണ്. കയറ്റുമതി പ്രധാനമായും അമേരിക്ക, യൂറോപ്പ്, ചൈന, ജപ്പാന്‍ എന്നീ മേഖലകളിലേക്കാണ്.

ഗ്രാമീണ മേഖലകളിലെ തൊഴിലില്ലായ്മ നിരക്ക് 6.34 ശതമാനം; നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നതിന്റെ ഫലമായി ഇന്ത്യയുടെ ഗ്രാമീണ മേഖലകളിലെ തൊഴിലില്ലായ്മ നിരക്ക് 6.34 ശതമാനമായി കുറഞ്ഞുവെന്ന് സെന്റര്‍ ഓഫ് മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ). നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. തൊഴിലില്ലായ്മ നിരക്ക് കുറയുന്നത് ഗ്രാമീണ മേഖലയില്‍ വലിയ നേട്ടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News