വരുന്നു ബൈജൂസ് 3.0; ഇനി കളികള്‍ നിര്‍മിത ബുദ്ധിയില്‍, പ്രശ്നങ്ങള്‍ തീരുമെന്ന് ജീവനക്കാര്‍ക്ക് ബൈജു രവീന്ദ്രന്റെ ഉറപ്പ്

കമ്പനിയുടെ നിയന്ത്രണം ലഭിച്ചാല്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുമെന്നും ബൈജു രവീന്ദ്രന്‍

Update:2024-08-21 11:41 IST

image credit : byjus website and canva

സാമ്പത്തിക പ്രതിസന്ധിയും നിയമപ്രശ്‌നങ്ങളും അലട്ടുന്ന എഡ്‌ടെക് കമ്പനിയായ ബൈജൂസിലെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്ന് സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍. കമ്പനി തിരിച്ചുവരവിന് ഒരുങ്ങുകയാണെന്നും ഇതിന് നിക്ഷേപകരുടെ പിന്തുണയുണ്ടെന്നും ജീവനക്കാര്‍ക്ക് എഴുതിയ കത്തില്‍ ബൈജു ഉറപ്പ് നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെലവ് കുറഞ്ഞ, വ്യക്തിഗത അനുഭവങ്ങള്‍ നല്‍കാന്‍ കഴിയുന്ന, നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ പുതിയ എഡ്യൂക്കേഷണല്‍ പ്ലാറ്റ്‌ഫോം, ബൈജൂസ് 3.0 അധികം വൈകാതെ ലോഞ്ച് ചെയ്യുമെന്നും കത്തില്‍ പറയുന്നു.
ജൂലൈയിലെ ശമ്പളം മുടങ്ങി
പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ബൈജൂസിലെ 90 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു. ബാക്കിയുള്ളവര്‍ക്ക് ജൂലൈയിലെ ശമ്പളം നല്‍കാന്‍ പോലും കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. കമ്പനിയുടെ പേരിലുള്ള നിയമനടപടികളാണ് കഴിഞ്ഞ മാസത്തെ ശമ്പളം മുടങ്ങാന്‍ കാരണമെന്നാണ് കത്തില്‍ പറയുന്നത്. കമ്പനിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലെ നിയന്ത്രണം ലഭിച്ചാലുടന്‍ എല്ലാ ജീവനക്കാര്‍ക്കും ശമ്പളമെത്തും. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡില്‍ കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടയില്‍ 7,500 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ സ്ഥാപകര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ നിലവിലുള്ള നിയമനടപടികള്‍ മൂലം സ്വകാര്യ സമ്പാദ്യത്തില്‍ നിന്നും കമ്പനിയില്‍ നിക്ഷേപം നടത്താന്‍ കഴിയുന്നില്ലെന്നും കത്തില്‍ പറയുന്നു.
അതേസമയം, കമ്പനിയുടെ നിയന്ത്രണം വീണ്ടും ലഭിച്ചാല്‍ എല്ലാ ജീവനക്കാരുടെയും ശമ്പളം കൃത്യമായി നല്‍കുമെന്നും ബൈജു പറയുന്നു. അതിനായി വ്യക്തിഗത വായ്പകളെടുക്കേണ്ടി വന്നാല്‍ അതും ചെയ്യുമെന്നും കത്തില്‍ വിശദീകരിക്കുന്നു.
അഴിയാത്ത കുരുക്കുകള്‍
സ്‌പോണ്‍സര്‍ഷിപ്പ് ഇടപാടില്‍ കുടിശികയായ 158 കോടി രൂപ നല്‍കാത്തതില്‍ ബി.സി.സി.ഐ നല്‍കിയ പരാതിയെത്തുടര്‍ന്ന് ബൈജൂസിനെതിരെ ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണല്‍ (എന്‍.സി.എല്‍.എ.ടി) പാപ്പരത്ത നടപടികള്‍ ആരംഭിച്ചിരുന്നു. കമ്പനിയുടെ നിയന്ത്രണം നഷ്ടമായ ബൈജു രവീന്ദ്രന്‍ ക്രിക്കറ്റ് ബോര്‍ഡിന് നല്‍കാനുള്ള പണം നല്‍കാമെന്ന് അറിയിച്ചതോടെ പാപ്പരത്ത നടപടികള്‍ ട്രിബ്യൂണല്‍ അവസാനിപ്പിച്ചു. എന്നാല്‍ തീരുമാനത്തിനെതിരെ ബൈജൂസിന് സാമ്പത്തിക സഹായം നല്‍കിയ വിദേശ കമ്പനികള്‍ സുപ്രീം കോടതിയെ സമീപിച്ചതോടെ കമ്പനിയുടെ നിയന്ത്രണം വീണ്ടും നഷ്ടമായെന്നാണ് ബൈജു രവീന്ദ്രന്‍ പറയുന്നത്.
Tags:    

Similar News