ബൈജൂസില്‍ വീണ്ടും പ്രതിസന്ധി; ഓഫ്‌ലൈന്‍ ട്യൂഷന്‍ സെന്ററുകളിലെ പകുതിയും അടച്ചു പൂട്ടുമെന്ന് റിപ്പോര്‍ട്ട്

ഓഗസ്റ്റ് 31ന് മുമ്പ് 120 ട്യൂഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടുമെന്നാണ് വിവരം

Update:2024-08-16 15:05 IST

Image courtesy Byju's

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പകുതിയോളം ഓഫ്‌ലൈന്‍ ട്യൂഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങി എഡ്‌ടെക് കമ്പനിയായ ബൈജൂസ്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ കമ്പനിയുടെ ഓഫ്‌ലൈന്‍ ട്യൂഷന്‍ ആസ്ഥാനത്ത് ലഭിച്ചതായും ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാണ്ട് 120 സെന്ററുകള്‍ ഇത്തരത്തില്‍ അടച്ചുപൂട്ടും.
ആഗസ്റ്റ് 31 മുമ്പ് സെന്ററുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് കാട്ടി, ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡാണ് ട്യൂഷന്‍ സെന്ററുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കെട്ടിട വാടക, കറണ്ട് ബില്‍, വാട്ടര്‍ ബില്‍ എന്നിവ കുടിശിക ആയതിനെത്തുടര്‍ന്ന് ബൈജൂസിന്റെ നൂറോളം ട്യൂഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ മാസം തന്നെ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് പകുതിയോളം ട്യൂഷന്‍ സെന്ററുകളും അടച്ചുപൂട്ടാനുള്ള തീരുമാനം.

കോവിഡിന് ശേഷം കരകയറിയില്ല

2022 ഫെബ്രുവരിയിലാണ് ബൈജൂസ് ട്യൂഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നത്. ഏതാണ്ട് 200 മില്യന്‍ ഡോളര്‍ (ഏകദേശം 16,792 കോടി രൂപ ) നിക്ഷേപം നടത്തുമെന്നും കമ്പനി അറിയിച്ചിരുന്നു. കോവിഡിന് ശേഷം എഡ്‌ടെക് കമ്പനികള്‍ക്കുണ്ടായ വളര്‍ച്ചാ മുരടിപ്പ് ഓഫ്‌ലൈന്‍ ട്യൂഷന്‍ സെന്ററുകളിലൂടെ ലഭിക്കുന്ന അധിക വരുമാനത്തിലൂടെ മറികടക്കാമെന്നായിരുന്നു ബൈജൂസിന്റെ കണക്കുകൂട്ടല്‍. ഇന്ത്യയിലെ മറ്റ് പ്രമുഖ എഡ്‌ടെക് കമ്പനികളായ അണ്‍അക്കാഡമി, സൈലം, വേദാന്തു എന്നിവരെല്ലാം ഇത്തരത്തില്‍ ഓഫ്‌ലൈന്‍ ക്യാംപസുകള്‍ തുടങ്ങിയെങ്കിലും ബൈജൂസിന് കരകയറാനായില്ല. പ്രതിസന്ധി പരിഹരിക്കാന്‍ ട്യൂഷന്‍ ഫീസ് കുറച്ചെങ്കിലും പ്രവര്‍ത്തനച്ചെലവ് വര്‍ധിച്ചതും ആവശ്യത്തിന് പഠിതാക്കളെ ലഭിക്കാത്തതും തിരിച്ചടിയായി. ഇതിനൊപ്പം കമ്പനിയെ മൊത്തത്തില്‍ ബാധിച്ച സാമ്പത്തിക ബാധ്യതയും പിരിച്ചുവിടലുകളും നിയമനടപടികളും കാര്യങ്ങള്‍ വഷളാക്കി.

ജീവനക്കാര്‍ക്ക് ശമ്പളം പോലുമില്ലെന്ന് പരാതി

കമ്പനിയുടെ ജീവനക്കാരില്‍ ഭൂരിഭാഗത്തെയും പിരിച്ചുവിട്ടെങ്കിലും പലര്‍ക്കും നല്‍കാനുള്ള ശമ്പള കുടിശിക കൊടുത്തുതീര്‍ക്കാന്‍ ബൈജൂസിന് കഴിഞ്ഞിട്ടില്ല. നിലവില്‍ കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി ശമ്പളവും കൊടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ മാര്‍ഗത്തിലൂടെയുള്ള കമ്പനിയുടെ കോച്ചിംഗിനും ഇപ്പോള്‍ പഴയത് പോലെ ആളില്ല. ഇത് വരുമാനത്തെയും വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ഇനിയും ജീവനക്കാരെ കുറച്ചാല്‍ കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും നടക്കില്ലെന്ന് കമ്പനി സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ തന്നെ സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്നാണ് ഇപ്പോള്‍ ബിസിനസ് ലോകം ഉറ്റുനോക്കുന്നത്.
Tags:    

Similar News