ഫെബ്രുവരിയില്‍ അടച്ചുപൂട്ടിയത് 50 ട്യൂഷന്‍ സെന്ററുകള്‍; പിന്നാലെ 200 സെന്ററുകള്‍ക്ക് കൂടി പൂട്ടിടാന്‍ ബൈജൂസ്
എല്ലാ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് കമ്പനി അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
ചെലവ് ചുരുക്കലിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള 300 ഓഫ്‌ലൈന്‍ ട്യൂഷന്‍ സെന്ററുകളില്‍ 200 ഓളം സെന്ററുകള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങി എഡ്ടെക് കമ്പനിയായ ബൈജൂസ് (Byju's). അടുത്ത മാസം മുതല്‍ ഇവ പ്രവർത്തിക്കില്ലെന്ന് ക്യാപ്ടേബിൾ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരിയില്‍ കമ്പനി 50 സെന്ററുകള്‍ അടച്ചുപൂട്ടിയിരുന്നു. കമ്പനിയുടെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ച വിഭാഗമാണ് ഇത്തരം ട്യൂഷന്‍ സെന്ററുകള്‍.
പണം ലാഭിക്കണം
കഴിഞ്ഞയാഴ്ച ബൈജൂസ് എല്ലാ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബംഗളൂരുവിലെ ഓഫീസ് മാത്രം നിലനിര്‍ത്തിക്കൊണ്ട് പാട്ടക്കാലാവധി അവസാനിച്ച മറ്റെല്ലാ ഓഫീസുകളും ഉപേക്ഷിക്കാനാണ് കമ്പനിയുടെ പദ്ധതി. ബൈജൂസിന്റെ ഇന്ത്യ സി.ഇ.ഒ അര്‍ജുന്‍ മോഹന്‍ മുന്നോട്ട് വച്ച പുനഃസംഘടനയുടെ ഭാഗമായി പണം ലാഭിക്കുന്നതിനാണ് ഓഫീസുകള്‍ ഉപേക്ഷിക്കുന്നത്.
ഈയടുത്ത് അവകാശ ഇഷ്യൂവില്‍ സമാഹരിച്ച പണം (ഏകദേശം 2000-2,500 കോടി രൂപ) ചില നിക്ഷേപകരുമായുള്ള തര്‍ക്കത്തിനിടയില്‍ കുടുങ്ങിക്കിടക്കുന്നതിനാലാണ് പണം ലാഭിക്കുന്നതിനായി ഇത്തരമൊരു നീക്കം നടത്തുന്നത്. അതേസമയം 20,000ത്തില്‍ അധികം ജീവനക്കാര്‍ക്കുള്ള ഫെബ്രുവരിയിലെ ശമ്പളത്തിന്റെ ഒരു ഭാഗം ബൈജൂസ് വിതരണം ചെയ്തതായി അറിയിച്ചു.