ഇന്ത്യക്കെതിരെ കാനഡയുടെ ഉപരോധ നീക്കം
സൂചന നല്‍കി കനേഡിയന്‍ വിദേശകാര്യ മന്ത്രി
നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ വഷളായതോടെ ഇന്ത്യക്കെതിരെ ഉപരോധ നീക്കവുമായി കാനഡ സര്‍ക്കാര്‍. ഇത് സംബന്ധിച്ച് കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളി ഒട്ടാവയില്‍ മാധ്യമങ്ങള്‍ക്ക് സൂചന നല്‍കി. ഉപരോധത്തിനുള്ള എല്ലാ കാര്യങ്ങളും തയ്യാറാക്കി വെച്ചിരിക്കുകയാണെന്ന് മെലാനി ജോളി പറഞ്ഞു. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് ഗുജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ തര്‍ക്കം മുറുകുകയാണ്. ഗുജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മീഷനെ സംശയിക്കുന്നതായി കഴിഞ്ഞ ദിവസം കാനഡ വിദേശകാര്യ മന്ത്രാലയം ഇന്ത്യാ ഗവണ്‍മെന്റിന് അയച്ച കത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ഇന്ത്യ ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്.
കരാര്‍ ലംഘനമെന്ന് കനേഡിയന്‍ മന്ത്രി
ആറ് കനേഡിയന്‍ നയതന്ത്രജ്ഞരെ ഇന്ത്യ പുറത്താക്കുന്നത് വിയന്ന കരാറിന്റെ ലംഘനമാണെന്ന് മെലാനി ജോളി കുറ്റപ്പെടുത്തി. കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മീഷണറെയും മറ്റു നയതന്ത്രജ്ഞരെയും ഇന്ത്യ കഴിഞ്ഞ ദിവസം തിരിച്ചു വിളിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് ഹര്‍ദീപ് സിംഗ് ഗുജ്ജാര്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈകമ്മീഷന് പങ്കുണ്ടെന്ന് ആരോപിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയിരുന്നു. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് കാനഡ സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയാണെന്നാണ് ഇന്ത്യ തിരിച്ചടിച്ചത്. കാനഡയുടെ നയതന്ത്രജ്ഞരെ ഇന്ത്യ പുറത്താക്കിയത് ജി 7 രാജ്യങ്ങള്‍ക്കിടയില്‍ ഉയര്‍ത്തി കൊണ്ടു വരാന്‍ കാനഡ ശ്രമിക്കുന്നുണ്ട്. ഒക്ടോബര്‍ 19 ന് മുമ്പ് രാജ്യം വിട്ടു പോകാനാണ് നയതന്ത്രജ്ഞരോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുള്ളത്.