സ്റ്റഡി പെര്‍മിറ്റില്‍ കാനഡയുടെ കടുംവെട്ട്, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചടി

വിദേശ തൊഴിലാളികള്‍ക്കുള്ള നിയമങ്ങളിലും മാറ്റം

Update:2024-09-19 15:09 IST

വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റഡി പെര്‍മിറ്റുകള്‍ 35 ശതമാനം വെട്ടിച്ചുരുക്കി കാനഡ. രാജ്യത്തെ താല്‍ക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാനായി വിദേശ തൊഴിലാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റിനുള്ള യോഗ്യത കര്‍ശനമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. 

മലയാളികളുടേതടക്കമുള്ള കുടിയേറ്റ മോഹങ്ങള്‍ക്ക് തിരിച്ചടിയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പുതിയ നീക്കം. കുടിയേറ്റത്തിന് നിയന്ത്രണം കൊണ്ടു വരാനും വിദേശ വിദ്യാര്‍ത്ഥികള്‍ ചൂഷണം ചെയ്യപ്പെടുന്നത് ഒഴിവാക്കാനുമാണ് നടപടി എന്നാണ് ജസ്റ്റിന്‍ ട്രൂഡോ എക്‌സില്‍ കുറിച്ചത്. കുടിയേറ്റം സമ്പദ് മേഖലയ്ക്ക് ഗുണകരമാണെങ്കിലും അവസരം മുതലെടുക്കുന്നവരും കുറവല്ലെന്ന് ട്രൂഡോ പറയുന്നു. 
അടുത്ത വര്‍ഷവും വിദേശ വിദ്യാർത്ഥികളുടെ എണ്ണം 10 ശതമാനം കൂടി കുറയ്ക്കാനാണ് സർക്കാറിന്റെ പദ്ധതി.

സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി

ഉപരിപഠനത്തിനായി കാനഡയിലേക്ക് പോകാനാഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ കരിനിഴല്‍ പരത്തുന്നതാണ് ഈ നീക്കം. പലരും വിദ്യാഭ്യാസത്തിനു ശേഷം അവിടെ സ്ഥിര താമസമാക്കാറുണ്ട്. നിലവില്‍ ഇന്ത്യയില്‍ നിന്ന് നിരവധി പേരാണ് കാനഡയില്‍ പഠനത്തിനായും താത്കാലിക വര്‍ക്ക് പെര്‍മിറ്റ് വഴി ജോലിയ്ക്കായും പോയിരിക്കുന്നത്.
കുടിയേറ്റം കൂട്ടുന്നത് കാനഡ സര്‍ക്കാരിനെതിരെ ജനരോഷത്തിന് ഇടയാക്കിയിരുന്നു. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ ഗവണ്‍മെന്റ്, പൊതുജനാഭിപ്രായ വോട്ടെടുപ്പില്‍ പിന്നിലാവുകയും ഈ ആഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ പരാജയം നേരിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നത്. 2025 ഒക്ടോബറിനുശേഷം നടക്കാനിരിക്കുന്ന ഫെഡറല്‍ തിരഞ്ഞെടുപ്പോടെ ഈ വിഷയം കനേഡിയന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വിവാദപരമായ ഒന്നായി മാറുമെന്ന് സര്‍ക്കാര്‍ കരുതുന്നു.
കുടിയേറ്റക്കാരുടെ എണ്ണം കൂടിയതോടെ കാനഡയിലെ ജനസംഖ്യ ഈ വര്‍ഷം ആദ്യം 4.1 കോടിക്ക് മുകളിലായി. മതിയായ താമസ സ്ഥലം ഒരുക്കാനും തൊഴില്‍ ലഭ്യമാക്കാനും സാധിക്കാത്തത് പരാതികൾക്കും ഇടയാക്കിയിരുന്നു.

അടുത്ത വര്‍ഷം 4.37 ലക്ഷം സ്റ്റഡി പെര്‍മിറ്റുകള്‍

വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി 2025ല്‍ 4.37 ലക്ഷം സ്റ്റഡി പെര്‍മിറ്റുകള്‍ നല്‍കാനാണ് കാനഡ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ഷം 4.85 ലക്ഷവും 2023ല്‍ 5 ലക്ഷവും പെര്‍മിറ്റുകള്‍ നല്‍കിയ സ്ഥാനത്താണിത്. ഇതു കൂടാതെ വിദേശ വിദ്യാര്‍ത്ഥികളുടേയും ജീവനക്കാരുടെയും പങ്കാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റുകളിലും പുതിയ നിയന്ത്രണം കൊണ്ടു വരുന്നുണ്ട്.
ധാരാളം വിദേശികള്‍ തട്ടിപ്പിനിരയാകുന്നതും മറ്റും കണക്കിലെടുത്ത് ട്രാവല്‍ വീസ നല്‍കുന്നതില്‍ പരിശോധന കര്‍ശനമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. താത്കാലിക താമസക്കാരുടെ അനുപാതം ജനസംഖ്യയുടെ 6.8 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കാനാണ് കാനഡ ഉദ്ദേശിക്കുന്നത്.

കൂടുതൽ കർശന നിബന്ധനകൾ 

ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ഡോക്ടറേറ്റ് വിദ്യാർത്ഥികൾക്കും  പ്രൊവിന്‍സിയല്‍ അറ്റസ്റ്റേഷന്‍ ലെറ്റര്‍ (PAL) നിര്‍ബന്ധമാക്കിയിട്ടുണ്ട്. നേരത്തെ ഇത് കോളേജുകള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മാത്രമായിരുന്നു.

ബിരുദാനന്തര ബിരുദ വര്‍ക്ക് പെര്‍മിറ്റ് പ്രോഗ്രാമില്‍ (Post-Graduation Work Permit /PGWP) ഭാഷാ പരിജ്ഞാനം ഉള്‍പ്പെടെയുള്ള പുതിയ മാറ്റങ്ങളും കൊണ്ടു വന്നിട്ടുണ്ട്. നവംബര്‍ ഒന്നിനുശേഷം അപേക്ഷ സമര്‍പ്പിക്കുന്ന യൂണിവേഴ്‌സിറ്റി ബിരുദധാരികള്‍ കാനേഡിയന്‍ ലാംഗ്വേജ് ബെഞ്ച്മാര്‍ക്കില്‍ 7 മാര്‍ക്കും കോളേജ് ബിരുദധാരികള്‍ 5 മാര്‍ക്കും നേടണം. പുതിയ മാറ്റങ്ങള്‍ വരുന്നതോടെ പി.ജി.ഡബ്ല്യു.പി പ്രോഗ്രാമില്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളിൽ  1.75 ലക്ഷം പേരുടെ കുറവുണ്ടാകുമെന്നാണ് കണക്കാകുന്നത്. വിദേശ വിദ്യാര്‍ത്ഥികളുടെ പങ്കാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് യോഗ്യതയും പരിമിതപ്പെടുത്തിയിട്ടുണ്ട് കാനഡ.

Tags:    

Similar News