താല്‍ക്കാലിക താമസക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ കാനഡ; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
2023ല്‍ ഇന്ത്യയില്‍ നിന്ന് 26,495 താല്‍ക്കാലിക തൊഴിലാളികളാണ് കാനഡയിലേക്ക് ചേക്കേറിയത്;
കാനഡയിലേക്ക് വരുന്ന താല്‍ക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാനൊരുങ്ങി രാജ്യം. ഇവരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 6.2 ശതമാനത്തില്‍ നിന്ന് 2027ഓടെ 5 ശതമാനമായി കുറയ്ക്കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ പറഞ്ഞു. കാനഡയില്‍ പഠിക്കാനോ ജോലി ചെയ്യാനോ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇത് വലിയ തിരിച്ചടിയാകും. കാര്‍ഷികം പോലുള്ള ചില മേഖലകളിലൊഴികെ താല്‍ക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കുന്നത് 30 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറയ്ക്കുമെന്ന് തൊഴില്‍ മന്ത്രി റാന്‍ഡി ബോയ്സോണോള്‍ട്ട് പറഞ്ഞു.
എണ്ണം കൂടുന്നു
പെര്‍മിറ്റ് അനുവദിച്ചിട്ടുള്ള വിദ്യാര്‍ത്ഥികളും തൊഴിലാളികളും ഉള്‍പ്പെടുന്ന താല്‍ക്കാലിക താമസക്കാര്‍ കാനഡയിലെ ജനസംഖ്യ അതിവേഗം വളരുന്നതിന് വലിയ കാരണമാണ്. എന്നാല്‍ ഇത്തരം ആളുകള്‍ക്കെല്ലാം മതിയായ ഭവനങ്ങളും ആരോഗ്യ സംരക്ഷണം പോലെയുള്ള സേവനങ്ങളും കണ്ടെത്തുന്നത് സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നുണ്ട്.
കാനഡയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്ത്യന്‍ ജനസംഖ്യ 2000-2020ന് ഇടയില്‍ 6.70 ലക്ഷത്തില്‍ നിന്ന് പത്ത് ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ന്നു. 2020ല്‍ കാനഡയില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാരുടെ എണ്ണം 10.21 ലക്ഷമാണ്. ഇപ്പോള്‍ കാനഡയില്‍ അഭയാര്‍ത്ഥികള്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ ഏകദേശം 25 ലക്ഷം താല്‍ക്കാലിക താമസക്കാരുണ്ട്. ഇത് മൊത്തം ജനസംഖ്യയുടെ 6.2 ശതമാനം വരും. 2023ല്‍ ഇന്ത്യയില്‍ നിന്ന് 26,495 താല്‍ക്കാലിക തൊഴിലാളികളാണ് കാനഡയിലേക്ക് ചേക്കേറിയത്.