കേന്ദ്രം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ എക്‌സൈസ് തീരുവ കുറയ്ക്കുന്നു?

നിയമസഭ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുള്ള ചെപ്പടി വിദ്യയെന്നു സംശയം

Update:2021-03-02 11:14 IST

തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനവിനെതിരെ ദേശവ്യാപകമായ 12 മണിക്കൂര്‍ പണിമുടക്ക് അരങ്ങേറുന്നതിനിടയില്‍ പെട്രോളിന്റെയും, ഡീസലിന്റെയും എക്‌സൈസ് നികുതി കുറയ്ക്കുന്ന കാര്യം കേന്ദ്ര ധനമന്ത്രാലയം പരിഗണിക്കുന്നു. ധനമന്ത്രാലയത്തിലെ പേരു വെളിപ്പെടുത്താത്ത മൂന്നു ഉദ്യോഗസ്ഥരെ അടിസ്ഥാനപ്പെടുത്തി വാര്‍ത്ത ഏജന്‍സി റോയിട്ടേഴ്‌സ് ആണ് നികുതി കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയതായി റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

എണ്ണ ഉല്‍പ്പാദനസംസ്‌ക്കരണവിതരണ കമ്പനികള്‍, തെരഞ്ഞെടുത്ത സംസ്ഥാനങ്ങള്‍ എന്നിവയിലെ ഉദ്യോഗസ്ഥരുമായി ഇതു സംബന്ധിച്ച് ചര്‍ച്ച ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയെന്ന് റിപോര്‍ട് പറയുന്നു. 'വില സ്ഥിരത ഉറപ്പു വരുത്തുന്നതിനുള്ള ചര്‍ച്ചകള്‍ ഞങ്ങള്‍ ആരംഭിച്ചു. മാര്‍ച്ച് പകുതിയോടെ ഒരു തീരുമാനം ഉണ്ടാവും', ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സി റിപോര്‍ട് ചെയ്തു.

എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിലെ അംഗ രാജ്യങ്ങളും, ഒപെക് അംഗങ്ങള്‍ അല്ലാത്ത ഉല്‍പ്പാദക രാജ്യങ്ങളും തമ്മില്‍ ഈയാഴ്ച അവസാനം നടക്കുന്ന യോഗവും നിരക്കു കുറയ്ക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്നു കരുതുന്നു. ഇന്ധന വില തുടര്‍ച്ചയായി താഴോട്ടു പോയതിന്റെ പശ്ചാത്തലത്തില്‍ ഓപെക്കിലെ സൗദി അറേബ്യയടക്കമുള്ള പ്രമുഖ രാജ്യങ്ങള്‍ എണ്ണയുല്‍പ്പാദനം വെട്ടിക്കുറച്ചിരുന്നു. അസംസ്‌കൃത എണ്ണയുടെ വില കോവിഡിന് മുമ്പുള്ള സ്ഥിതിയില്‍ എത്തിയതിന്റെ പശ്ചാത്തലത്തില്‍ വെട്ടിക്കുറച്ച ഉല്‍പ്പാദനം ഭാഗികമായെങ്കിലും പുനസ്ഥാപിക്കുവാനുള്ള തീരുമാനം ഈ യോഗത്തില്‍ ഉണ്ടാവുന്ന പക്ഷം ഇന്ധന വില കുറയാന്‍ സഹായിക്കുമെന്നു കരുതപ്പെടുന്നു.

അനൗപചാരികമായ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പറഞ്ഞ ഉദ്യോഗസ്ഥന്റെ അഭിപ്രായത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ റവന്യൂ വരുമാനത്തില്‍ വലിയ ക്ഷതമേല്‍ക്കാതെ എങ്ങനെ നികുതി നിരക്കുകള്‍ കുറയ്ക്കാമെന്നതാണ് ആലോചനകളിലെ പ്രധാന ഊന്നല്‍.

കേരളം, തമിഴ് നാട്, പശ്ചിമ ബംഗാള്‍, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാര്‍ച്ചഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സൂത്രപ്പണിയാണ് നിരക്കു കുറയ്ക്കാനുള്ള നീക്കമെന്ന വിലയിരുത്തലും ശക്തമാണ്. കുറയ്ക്കുന്ന നിരക്കുകള്‍ കേന്ദ്ര സര്‍ക്കാരിന് വീണ്ടും ഉയര്‍ത്തുവാന്‍ കഴിയുമെന്നതിനാല്‍ എക്‌സൈസ് നിരക്കുകളില്‍ വരുത്തുന്ന ഇളവുകള്‍ സ്ഥിരത പുലര്‍ത്തുമെന്ന് കരുതാനാവില്ല, അവര്‍ പറഞ്ഞു.

കേന്ദ്രവും സംസ്ഥാനങ്ങളും 5.56 ലക്ഷം കോടി രൂപയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള നികുതിയായി 2021 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം ഈടാക്കിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ റവന്യൂ വരുമാനത്തിന്റെ മൂന്നിലൊന്നും പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള നികുതിയാണ്. ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ റീടൈല്‍ വിലയുടെ ഏകദേശം 60 ശതമാനവും കേന്ദ്രവും, സംസ്ഥാനങ്ങളും ഈടാക്കുന്ന നികുതികളും, സെസുകളുമാണ്. കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാറിന്റെ വരുമാനത്തിലുണ്ടായ ഇടിവ് മറികടക്കുന്നതിനുള്ള പ്രധാന ഉപാധി പെട്രോള്‍ഡീസല്‍ എന്നിവയുടെ എക്‌സൈസ് തീരുവ ഉയര്‍ത്തല്‍ ആയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഈ നയം മൂലം ലോകത്തു തന്നെ ഏറ്റവുമധികം ഇന്ധന വിലയുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വരുമാനകമ്മി മറി കടക്കുന്നതിനുള്ള ഉപാധിയായി പെട്രോള്‍ഡീസല്‍ ഉല്‍പ്പന്നങ്ങളുടെ നികുതിയെ കണക്കാക്കുന്ന സമീപനം ഉപേക്ഷിക്കുന്നതിലൂടെ മാത്രമാവും ഈ വിഷയത്തില്‍ ഫലപ്രദവും, സ്ഥായിയുമായ മാറ്റങ്ങള്‍ സാധ്യമാവുക.


Tags:    

Similar News