പാക്കറ്റ് സാധനങ്ങള്‍ തരംപോലെ വില്‍ക്കാന്‍ പറ്റില്ല; ചട്ടഭേദഗതിക്ക് സര്‍ക്കാര്‍

ഓണ്‍ലൈന്‍ വില്‍പന വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി

Update:2024-07-15 10:58 IST

Image by Canva

പാക്കറ്റിലാക്കിയ സാധനങ്ങളുടെ കാര്യത്തില്‍ ഏകീകൃത സ്വഭാവം കൊണ്ടുവരാന്‍ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ചട്ടഭേദഗതി നടത്തിയേക്കും. ഓണ്‍ലൈനായും അല്ലാതെയും വിപണി വളരുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു ഏകീകൃത രൂപം കൊണ്ടുവരാന്‍ ലീഗല്‍ മെട്രോളജി ചട്ട ഭേദഗതി ആവശ്യമാണെന്നാണ് വിലയിരുത്തല്‍. വാണിജ്യ ഉപയോക്താക്കളുടെ കാര്യത്തിലൊഴികെ, ചെറുപാക്കറ്റുകളില്‍ ചില്ലറയായി വില്‍ക്കുന്ന സാധനങ്ങള്‍ക്കെല്ലാം ഇത് ബാധകമാവും.

പാക്കറ്റിലാക്കുന്ന സാധനങ്ങള്‍ക്ക് ബ്രാന്റ് വ്യത്യസ്തമെങ്കിലും ഏകീകൃത രീതിയും നിലവാരവും സ്വഭാവവും വേണം. പൂര്‍ണ വിവരങ്ങള്‍ നല്‍കി, യുക്തമായത് തെരഞ്ഞെടുക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന വിധമാകണം.

ഇപ്പോള്‍ ഇങ്ങനെ

നിര്‍മാതാവിന്റെയോ പാക്കറ്റിലാക്കുന്നവരുടെയോ, ഇറക്കുമതി ചെയ്യുന്നവരുടെയോ പേരും വിലാസവും, സാധനത്തിന്റെ പൊതുവായ ജനറിക് നാമം, അളവും തൂക്കവും, നിര്‍മിച്ച വര്‍ഷവും മാസവും, പരമാവധി ചില്ലറ വില്‍പന വില, ഒരെണ്ണത്തിന്റെ വില്‍പന വില, ഉപയോഗിക്കാനുള്ള പരമാവധി കാലാവധി, ഉപഭോക്തൃ സുരക്ഷ വിശദാംശങ്ങള്‍ എന്നിവ എല്ലാ പാക്കറ്റിലും രേഖപ്പെടുത്തണമെന്നാണ് ലീഗല്‍ മെട്രോളജി (പാക്കേജ്ഡ് കമോഡിറ്റീസ്) ചട്ടം-2011 പറയുന്നത്. 25 കിലോഗ്രാമില്‍ കൂടുതല്‍ വരുന്ന പാക്കറ്റുകള്‍, സിമന്റ്, വളം, 50 കിലോഗ്രാമിന് മുകളിലുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ തുടങ്ങിയവക്ക് ഈ നിബന്ധന ബാധകമല്ല. ഇവ ചില്ലറ വില്‍പനക്കുള്ളതല്ലെന്ന കാഴ്ചപ്പാടോടെയാണിത്.

Tags:    

Similar News