തൊഴിലുറപ്പുകാര്‍ക്ക് കോളടിച്ചു; വേതന വര്‍ധന പ്രഖ്യാപിച്ച് കേന്ദ്രം, കേരളത്തില്‍ 3.6% കൂടും

ശുപാര്‍ശ നല്‍കിയത് കനിമൊഴി അധ്യക്ഷയായ സമിതി

Update: 2024-03-28 05:52 GMT

image courtesy: https://rural.gov.in/en/fb

തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ (MGNREGA) അംഗങ്ങളുടെ വേതന വര്‍ധന നിരക്ക് പ്രഖ്യാപിച്ച് കേന്ദ്രം. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഗ്രാമവികസന മന്ത്രാലയം അനുമതിക്കായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. ഡി.എം.കെ. നേതാവ് കനിമൊഴി അധ്യക്ഷയായ പാര്‍ലമെന്ററി കമ്മിറ്റിയാണ് വേതന വര്‍ധനയ്ക്ക്  ശുപാര്‍ശ നല്‍കിയത്.

കേരളത്തില്‍ 3.6% വര്‍ധന

നിരക്കു വര്‍ധനയുടെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ധന നിരക്ക് 3.6 ശതമാനമാണ്. ഇതോടെ വേതനം 333 രൂപയില്‍ നിന്ന് 346 രൂപയാകും. 2023-24നെ അപേക്ഷിച്ച് 2024-25ല്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമാണ് വേതന നിരക്ക് ഏറ്റവും കുറഞ്ഞത്. 3 ശതമാനം വര്‍ധനയാണ് ഈ സംസ്ഥാനങ്ങള്‍ക്കുള്ളത്. ഗോവയിലാണ് ഏറ്റവും ഉയര്‍ന്ന വേതന വര്‍ധന, 10.6 ശതമാനം. പുതിയ വേതന നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും.

തൊഴിലുറപ്പ് പദ്ധതിയുടെ വേതനത്തിലെ അവസാന പരിഷ്‌കരണം 2023 മാര്‍ച്ച് 24നാണ് വിജ്ഞാപനം ചെയ്തത്. വിവിധ സംസ്ഥാനങ്ങള്‍ക്ക് അന്ന് രണ്ട് ശതമാനം മുതല്‍ 10 ശതമാനം വരെയായിരുന്നു വേതന വര്‍ധന നിരക്ക്. ഗ്രാമപ്രദേശങ്ങളില്‍ ഓരോ കുടുംബത്തിനും സാമ്പത്തിക വര്‍ഷം പരമാവധി 100 ദിവസം തൊഴിലുറപ്പ് നല്‍കുന്ന പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. നിലവിലെ സാമ്പത്തികവര്‍ഷം ആറുകോടി കുടുംബങ്ങള്‍ക്കാണ് പദ്ധതിവഴി തൊഴില്‍ ലഭിച്ചത്. ഇതില്‍ 35.5 ലക്ഷം കുടുംബങ്ങള്‍ക്ക് 100 ദിവസത്തെ തൊഴിലുറപ്പ് ലഭിച്ചിട്ടുണ്ട്. 

Tags:    

Similar News