കൊറോണക്കാലത്ത് പണം കൊയ്ത് ചൈനീസ് വെന്റിലേറ്റര്‍ കമ്പനികള്‍

Update: 2020-04-04 06:04 GMT

കൊവിഡ് 19 പ്രതിസന്ധി നേരിടാന്‍ വെന്റിലേറ്റര്‍ നിര്‍മ്മിച്ചു നല്‍കുന്ന ചൈനീസ് കമ്പനികള്‍ക്കിത് പണക്കൊയ്ത്തിന്റെ കാലം. ഈ രംഗത്തെ പ്രമുഖ ചൈനീസ് കമ്പനിയായ ജിയാങ്സു യുയൂ മെഡിക്കല്‍ എക്യുപ്മെന്റ് ആന്റ് സപ്ലൈ കമ്പനിയുടെ ഓഹരി വില ഈ വര്‍ഷം വര്‍ദ്ധിച്ചത് 91 ശതമാനം വരെ. മൈന്‍ഡ്രേ ബയോ-മെഡിക്കല്‍ ഇലക്ട്രോണിക്‌സ് കമ്പനി ഓഹരികള്‍ 40% ഉയര്‍ന്നു. 

അതേസമയം, 100 ദിവസത്തിനുള്ളില്‍ അമേരിക്കയിലെ മിഷിഗന്‍ പ്ലാന്റില്‍ 50,000 വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ ജിഇയുമായി ചേര്‍ന്ന് തങ്ങള്‍ തയ്യാറെടുക്കുകയാണെന്ന് ഫോര്‍ഡ് മോട്ടോര്‍സ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുന്നതുവരെ വെന്റിലേറ്റര്‍ നിര്‍മ്മിച്ചു നല്‍കുന്ന ചൈനീസ് കമ്പനികളുടെ ഓഹരികള്‍ വന്‍ കുതിപ്പിലായിരുന്നു.മിക്ക രാജ്യങ്ങളും ഈ കമ്പനികള്‍ക്ക് വന്‍ ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുകയാണ്.പരമാവധി  ഉയര്‍ന്ന തോതില്‍ എങ്ങനെ ഉത്പാദനം നടത്താന്‍ കഴിയുമെന്ന ചിന്തയിലാണ് ചൈനീസ് നിര്‍മാതാക്കള്‍.

ഇന്ത്യ 10000 വെന്റിലേറ്ററുകള്‍ ചൈനയില്‍ നിന്ന് വാങ്ങുമെന്ന് വാര്‍ത്ത വന്നിരുന്നു. ഗുണമേന്മയില്‍ ഉറപ്പില്ലാത്തതിനാല്‍ ചൈനീസ് ഉല്‍പ്പന്നം വാങ്ങുന്നതിനെതിരെ പലരും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.ഇന്ത്യയില്‍ നിലവില്‍ 48,000 വെന്റിലേറ്ററുകള്‍ മാത്രമേ ഉള്ളൂ.രണ്ട് ഇന്ത്യന്‍ കമ്പനികള്‍ ചെറിയ തോതില്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുന്നുണ്ട്, കൂടുതലും ഇറക്കുമതി ചെയ്ത ഘടകങ്ങളുപയോഗിച്ച്.  ബ്രിട്ടനിലേക്ക് 8000 വെന്റിലേറ്ററുകള്‍ ഈയാഴ്ച എത്തും.അവിടെ എം പിമാര്‍ ഉള്‍പ്പെടെ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.

മാര്‍ച്ച് 19 മുതല്‍ വിദേശരാജ്യങ്ങളിലേക്ക് ചൈന 1700 വെന്റിലേറ്ററുകള്‍ കയറ്റിയയച്ചിട്ടുണ്ടെന്നാണ്  സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ കൂടുതലായി ആവശ്യം വരുന്നുവെന്നത്് ചൈനയിലെ  വെന്റിലേറ്റര്‍ നിര്‍മാണത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഒരൊറ്റ വെന്റിലേറ്റര്‍ നിര്‍മിക്കാന്‍ ആയിരത്തോളം ഘടകങ്ങള്‍ ആവശ്യമാണ്. ഇവയില്‍ പലതും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ഇറക്കുമതി ചെയ്യേണ്ടവയാണ്. അതുകൊണ്ട് ഈ ഘട്ടത്തില്‍ വന്‍തോതില്‍ ഉത്പാദനം ആരംഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. എന്നാല്‍ ഇന്ത്യയെ സഹായിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കുന്നണ്ടെന്നും അവര്‍ പറഞ്ഞു.

ലോകത്തെ മൊത്തം വെന്റിലേറ്റര്‍ ഉത്പാദനത്തിന്റെ 20 ശതമാനവും നടക്കുന്നത് ചൈനയിലാണ്. രാജ്യത്തെ 21 സ്ഥാപനങ്ങള്‍ക്ക് ആഴ്ചയില്‍ 2200 വെന്റിലേറ്ററുകള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയാണുള്ളത്. എന്നാല്‍ ഇതിനോടകം 20000 വെന്റിലേറ്ററുകള്‍ക്കുള്ള ഓര്‍ഡര്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും ചൈനീസ് നിര്‍മാതാക്കള്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News