കൊറോണ വൈറസിനെ ചൈന നിര്‍മ്മിച്ചതാണെന്ന ആരോപണം തള്ളി ലോകാരോഗ്യ സംഘടന

Update: 2020-04-22 10:51 GMT

ചൈനയിലെ ഏതോ ലാബില്‍ കൃത്രിമമായി നിര്‍മ്മിച്ചതായിരിക്കാം കൊറോണ വൈറസെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ആരോപണത്തിനു സാധുതയില്ലെന്നു ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന. കൊറോണ ഉത്ഭവിച്ചത് മൃഗങ്ങളില്‍ തന്നെയാണെന്ന് ജനീവയില്‍ നിന്നുള്ള വാര്‍ത്താ സമ്മേളനത്തില്‍ ലോകാരോഗ്യ സംഘടനയുടെ വക്താവ് ഫഡെല ചൈബ് പറഞ്ഞു.

കൊറോണയെ 'ചൈനീസ് വൈറസ് ' എന്ന് ട്രംപ് വിശേഷിപ്പിച്ചത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കി.ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊറോണയുടെ ഉത്ഭവം മൃഗങ്ങളില്‍ നിന്നാണെന്ന് വ്യക്തമായതായി ചൈബ് ചൂണ്ടിക്കാട്ടി. കൊറോണ ലാബുകളില്‍ നിന്ന് ഉത്ഭവിച്ചതാണെന്ന് പറയാന്‍ യാതൊരു തെളിവുമില്ല. മൃഗങ്ങള്‍ തന്നേയാണ് വൈറസിന്റെ പ്രഭവ കേന്ദ്രം. ജനിതക ആയുധമാകാം കൊറോണ വൈറസെന്ന ആരോപണവും തള്ളിക്കളയുന്നു ലോകാരോഗ്യ സംഘടന.

വുഹാന്‍ ലാബില്‍ നിന്ന് കൊറോണ വൈറസ് ആകസ്മികമായി പുറത്തുവന്നതാണോയെന്ന് അന്വേഷിക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. അതേസമയം, മൃഗങ്ങളില്‍ നിന്ന് വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നത് എങ്ങിനെയാണെന്ന് വ്യക്തമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് എത്താനാണ് സാധ്യത. എന്നാല്‍, എങ്ങിനേയാണ് വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക വൈറസ് വ്യാപിച്ചതെന്ന് കണ്ടത്തേണ്ടിയിരിക്കന്നുവെന്നും ചൈബ് പറഞ്ഞു.

ലോകാരോഗ്യസംഘടനയ്ക്ക് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ധനസഹായത്തിന്റെ 81 ശതമാനം  മാര്‍ച്ച് അവസാനത്തോടെ ലഭിച്ചുവെന്ന് അവര്‍ പറഞ്ഞു. 4.8 ബില്യണ്‍ ഡോളറാണ് ദ്വിവല്‍സര ബജറ്റ് തുക. ജനീവ ആസ്ഥാനമായുള്ള ഏജന്‍സിയുടെ ഏറ്റവും വലിയ ദാതാവാണ് അമേരിക്ക. ഗേറ്റ്‌സ് ഫൗണ്ടേഷനും ബ്രിട്ടനുമാണ് മറ്റ് പ്രധാന ദാതാക്കള്‍. ചൈനയുടെ താളത്തിനൊത്തു തുള്ളുന്നതിനാല്‍ ലോകാരോഗ്യസംഘടനയ്ക്ക്  അമേരിക്ക ധനസഹായം നല്‍കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News