സ്‌പോര്‍ട്‌സ് ലീഗുകളില്‍ പണംവാരി റിലയന്‍സും ടാറ്റയും അടക്കം കോര്‍പറേറ്റ് വമ്പന്മാര്‍; കണക്കുകള്‍ ഇങ്ങനെ
റിലയന്‍സിന്റെ ക്രിക്കറ്റ് ടീമിന്റെ വരുമാനം ഇരട്ടി വര്‍ധിച്ച് 737 കോടി രൂപയായി
പരമ്പരാഗത രീതികളില്‍ നിന്ന് മാറി പുതിയ മേച്ചില്‍പ്പുറങ്ങളില്‍ സാധ്യത തേടുകയാണ് ഇന്ത്യയിലെ കോര്‍പറേറ്റ് കമ്പനികള്‍. ഇത്തരം കമ്പനികളുടെ നോട്ടം ചെന്നെത്തിയ ഇന്ത്യയിലെ സ്‌പോര്‍ട്‌സ് ലീഗുകള്‍ ഇന്ന് കോടികളുടെ വരുമാനമാണ് സമ്മാനിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, യുണൈറ്റഡ് സ്പിരിറ്റ്‌സ്, ടാറ്റാ സ്റ്റീല്‍, ആര്‍.പി.എസ്ജി വെന്‍ചേഴ്‌സ്, ഇമാമി ഗ്രൂപ്പ് തുടങ്ങി കോര്‍പറേറ്റുകളുടെ സാന്നിധ്യം ക്രിക്കറ്റ്, ഫുട്‌ബോള്‍ ലീഗുകളില്‍ പ്രകടമാണ്.
നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക്
റിലയന്‍സിന്റെ സബ്‌സിഡിയറി കമ്പനിയായ ഇന്ത്യാവിന്‍ സ്‌പോര്‍ട്‌സാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ മുംബൈ ഇന്ത്യന്‍സിന്റെ ഉടമകള്‍. 2022-23 സാമ്പത്തികവര്‍ഷം 359 കോടി രൂപയായിരുന്നു വരുമാനം. അറ്റനഷ്ടം 49 കോടി രൂപയും. ഇത്തവണ വരുമാനം ഇരട്ടിയായി, 737 കോടി രൂപ. നഷ്ടം ലാഭത്തിന് വഴിമാറി. 2023-24ലെ ലാഭം 110 കോടി രൂപ.
പ്രമുഖ മദ്യ നിര്‍മാതാക്കളായ യുണൈറ്റഡ് സ്പിരിറ്റ്‌സാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഉടമസ്ഥര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023-24 സാമ്പത്തികവര്‍ഷം 163 ശതമാനത്തിന്റെ വരുമാന വര്‍ധനയാണ് കമ്പനി സ്വന്തമാക്കിയത്. മൊത്ത വരുമാനം 650 കോടി രൂപയായി ഉയര്‍ന്നു, അറ്റലാഭം 222 കോടി. മുന്‍വര്‍ഷം 15 അറ്റനഷ്ടം രേഖപ്പെടുത്തിയിരുന്ന സമയത്താണിത്.
സഞ്ജീവ് ഗോയെങ്കയുടെ ഉടമസ്ഥതയിലുള്ള ആര്‍.പി.എസ്.ജി ഗ്രൂപ്പിന്റെ ഐ.പി.എല്‍ ടീമായ ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് കഴിഞ്ഞ സാമ്പത്തികവര്‍ഷം 59 കോടി രൂപ അറ്റാദായം നേടി. ഐ.പി.എല്ലിലെ ഏറ്റവും പ്രായംകുറഞ്ഞ ടീമുകളിലൊന്നാണിത്. 2022-23 സീസണില്‍ 243 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. ബി.സി.സി.ഐ റവന്യു പൂളില്‍ നിന്ന് 573 കോടി രൂപ ലഭിച്ചതാണ് കമ്പനിക്ക് ഗുണമായത്.
കിതച്ച് ഫുട്‌ബോള്‍ ലീഗ്
റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കാര്യങ്ങള്‍ നേരെ തിരിച്ചാണ്. ഒട്ടുമിക്ക കമ്പനികളും നിലനില്പിനായി പാടുപെടുകയാണ്. ജെ.എസ്.ഡബ്ല്യു, ടാറ്റാ ഗ്രൂപ്പ്, ഗോയങ്കെ ഗ്രൂപ്പ് എന്നിവര്‍ക്കെല്ലാം ഫുട്‌ബോള്‍ ലീഗിലും ടീമുകളുണ്ട്. എന്നാല്‍ മിക്ക ടീമുകളും കനത്ത നഷ്ടമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ടാറ്റാ ഗ്രൂപ്പിന്റെ കീഴിലുള്ള ജെംഷഡ്പൂര്‍ എഫ്.സി കഴിഞ്ഞ സാമ്പത്തികവര്‍ഷം 2 കോടി രൂപ ലാഭം നേടിയത് മാത്രമാണ് അപവാദം.
ചെലവ് ഉയരുന്നതിന് അനുസരിച്ച് വരുമാനം കണ്ടെത്താന്‍ സാധിക്കാത്തതാണ് ഫുട്‌ബോള്‍ ടീമുകള്‍ നേരിടുന്ന പ്രതിസന്ധി. ഉടമസ്ഥരായ റിലയന്‍സിന് ലീഗിനൊരു സ്‌പോണ്‍സറെ പോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നതാണ് ഐ.എസ്.എല്ലിന്റെ അവസ്ഥ. ജെ.എസ്.ഡബ്ല്യു ഗ്രൂപ്പിന്റെ കീഴിലുള്ള ബെംഗളൂരു എഫ്.സിയുടെ കഴിഞ്ഞ സീസണിലെ നഷ്ടം 25 കോടി രൂപയ്ക്ക് മുകളില്‍ വരും. ഐ.എസ്.എല്ലില്‍ ലാഭത്തിലുള്ള ഏക ടീമായ ജെംഷഡ്പൂര്‍ എഫ്.സിയുടെ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ആകെ വരുമാനം 59 കോടി രൂപ മാത്രമാണ്.