കോവിഡ് 19: ലോക്ക് ഡൗണ്‍ ദീര്‍ഘിപ്പിക്കേണ്ടി വരുമെന്ന് വിദഗ്ധര്‍

Update: 2020-03-30 11:56 GMT

കോറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടപ്പാക്കിയിരിക്കുന്ന 21 ദിവസത്തെ ലോക്ക്ഡൗണ്‍ നീട്ടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും ഇന്ത്യയിലെ പ്രത്യേക സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി ലോക്ക്ഡൗണ്‍ 21 ദിവസം കഴിഞ്ഞും നീളാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍.

ഒരു ഭരണാധികാരി പറഞ്ഞാല്‍ ഉടനടി അനുസരിക്കുന്നത്ര ഉയര്‍ന്ന അച്ചടക്ക ബോധമൊന്നും ഇന്ത്യന്‍ ജനതയ്ക്കില്ല. നമ്മുടെ ജനാധിപത്യ, സ്വാതന്ത്ര്യ ബോധം ഉയര്‍ന്നതുകൊണ്ട് കൂടിയാണത്. 130 കോടി ജനങ്ങളെ വീടുകളില്‍ തന്നെ 21 ദിവസം ഇരുത്തുക എന്നതും പ്രയാസമേറിയ കാര്യമാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ 130 കോടിയില്‍ വലിയൊരു വിഭാഗത്തിന് വീട് എന്ന സുരക്ഷിത ഇടം കൂടിയില്ല. 90 ശതമാനം പേര്‍ സാമൂഹ്യ വ്യാപനം തടയാന്‍
വീട്ടിലിരുന്നാലും ലോക്ക് ഡൗണ്‍ കാലാവധി കഴിഞ്ഞാലും രാജ്യത്ത് കൊറോണ ഭീതി
നിലനില്‍ക്കുമെന്ന് റീജിയണല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ വിരമിച്ച പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലെ റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ ഉയര്‍ന്ന ജനസംഖ്യ കോവിഡ് 19ന്റെ വ്യാപനത്തിന് കാരണമായേക്കാം. ഇന്ത്യയില്‍ കോറോണ ബാധയെ ചെറുക്കാന്‍ ലോക്ക് ഡൗണ്‍ മാത്രം കൊണ്ട്
സാധിക്കില്ലെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചേരികളില്‍ കോടിക്കണക്കിനാളുകള്‍ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. ലോക്ക്ഡൗണ്‍ കൊണ്ട് ഈ ചേരികളില്‍ താമസിക്കുന്ന ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് കരുതാനാകില്ല. മാത്രമല്ല, രാജ്യത്തിലെ ഒരു വിഭാഗത്തിന് ഇപ്പോഴും മാരകമായ ഈ പകര്‍ച്ചവ്യാധിയുടെ വ്യാപ്തിയെ കുറിച്ച് കൃത്യമായ ധാരണയും
ലഭിച്ചിട്ടില്ല.

ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി ആന്‍ഡ് സെന്റര്‍ ഫോര്‍ ഡിസീസ് ഡൈനാമിക്‌സ്, ഇക്കണോമിക്‌സ്, പോളിസിയുടെ പഠന പ്രകാരം കോവിഡ് തടയാന്‍ കര്‍ശന നടപടികളില്ലെങ്കില്‍ മെയ് മാസത്തോടെ രാജ്യത്തെ രോഗികളുടെ എണ്ണം 20 ലക്ഷമാകുമെന്നാണ് പറയുന്നത്. ''അതിവേഗ വ്യാപനശേഷിയാണ് കൊറോണയുടെ സവിശേഷത. 21 ദിവസം കൊണ്ട് ഈ ചെയ്ന്‍ നമുക്ക് പൂര്‍ണമായും മുറിക്കാന്‍ സാധിക്കില്ല. 21 ദിവസം കഴിയുമ്പോള്‍ കാര്യങ്ങള്‍ സാധാരണ സ്ഥിതിയാകുമെന്ന് ആരും കരുതരുത്,'' പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥയോടെ ഇതേ കുറിച്ച് പഠിച്ച വിദഗ്ധന്‍
പറയുന്നു.

എന്തുകൊണ്ട് ലോക്ക് ഡൗണ്‍ നീണ്ടേക്കാം?

രാജ്യം സമ്പൂര്‍ണമായി ലോക്ക്ഡൗണിലാണെങ്കിലും അത് പലയിടത്തും ലംഘിക്കപ്പെടുന്നുണ്ട്. ക്വാറന്റീന്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പലയിടത്തും പാലിക്കപ്പെടുന്നില്ല. രാജ്യത്തെ ഉയര്‍ന്ന ജനസംഖ്യയും ഇതില്‍ തന്നെ വലിയൊരു വിഭാഗം ചേരികളില്‍ താമസിക്കുന്നതും കോവിഡ് പോലുള്ള പകര്‍ച്ച വ്യാധി പടരുന്ന കാലത്ത് ആശങ്ക പകരുന്ന ഘടകങ്ങളാണ്. അതിശക്തമായ നടപടികളിലൂടെ സാമൂഹ്യവ്യാപനത്തെ തടഞ്ഞു നിര്‍ത്തിയാലും ചില മേഖലകളില്‍ കോറോണ ബാധ പിന്നീടും തലപൊക്കിയേക്കാം. കാരണം ഈ വൈറസിനെ അത്രയെളുപ്പം നമുക്ക് തുടച്ചുമാറ്റാനാകില്ല. വാക്‌സിന്‍ കണ്ടുപിടിച്ച് കുറഞ്ഞ ചെലവില്‍ ജനങ്ങളിലേക്ക് എത്തിക്കാനും സമയമെടുക്കും.

ഈ സാഹചര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കില്ലെന്ന് ഇപ്പോള്‍ വ്യക്തമാക്കുന്നുണ്ടെങ്കില്‍ പോലും ഏപ്രില്‍ 14 വരെയുള്ള സ്ഥിതിഗതികള്‍ നിരീക്ഷിച്ചതിനുശേഷമാകും ഇക്കാര്യത്തില്‍ സര്‍ക്കാരുകള്‍ പോലും അന്തിമതീരുമാനമെടുക്കുക. കേരളമെമ്പാടും അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കും മുമ്പേ രോഗവ്യാപനം കണക്കിലെടുത്ത് കാസര്‍കോട് ജില്ലയില്‍ കടുത്ത നടപടികള്‍ സ്വീകരിച്ചതുപോലെ 21 ദിവസം കഴിഞ്ഞാലും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് രോഗബാധ ചെറുക്കാന്‍ എന്തുനടപടികളും പ്രതീക്ഷിക്കാം.

ഇന്ത്യയില്‍ 49 ദിവസം ലോക്ക്ഡൗണ്‍ വേണം

അതിനിടെ രണ്ട് ഇന്ത്യന്‍ വംശജരായ ശാസ്ത്രജ്ഞര്‍ രാജ്യത്ത് കോവിഡ് ബാധ ഫലപ്രദമായി ചെറുക്കാന്‍ 49 ദിവസത്തെ ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്ന വാദം ഉയര്‍ത്തുന്നുണ്ട്. യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജിലെ റോണോജോയ് അധികാരിയും രാജേഷ് സിംഗും നടത്തിയ പഠനത്തില്‍ 21 ദിവസത്തെ ലോക്ക്ഡൗണ്‍ കോവിഡിനെ ചെറുക്കാന്‍ മതിയാകില്ലെന്നും ഈ പരിധിയുടെ അവസാനത്തില്‍ രോഗത്തിന്റെ പൊട്ടിപ്പുറപ്പെടല്‍ പ്രതീക്ഷിക്കാമെന്നും പറയുന്നു.

ഇന്ത്യന്‍ ജനതയുടെ പ്രായവും സാമൂഹ്യ അടുപ്പവും അടിസ്ഥാനമാക്കിയുള്ളതാണ് പഠനം. ''മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ അപര്യാപ്തമാണ്. ലോക്ക്ഡൗണ്‍ പിരീഡ് ദീര്‍ഘിപ്പിക്കുകയും ഘട്ടഘട്ടമായുള്ള ഇളവ് കൊണ്ടുവരികയുമാണ് രോഗത്തെ വരുതിയില്‍ നിര്‍ത്താനുള്ള വഴി,'' പഠനം പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News