അരമണിക്കൂറില്‍ കോവിഡ് നിര്‍ണയടെസ്റ്റ്; പുതിയ മാര്‍ഗം കണ്ടെത്തി ഓക്‌സ്ഫഡ് ഗവേഷകര്‍

Update: 2020-03-20 07:10 GMT

നോവല്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനാകുന്ന ഒരു പുതിയ ടെസ്റ്റ് വികസിപ്പിച്ചെടുത്ത് ഓക്‌സ്ഫഡ് ഗവേഷകര്‍. പുതിയ മാര്‍ഗത്തിലൂടെ നിലവിലുള്ള മാര്‍ഗത്തിന്റെ മൂന്നിരട്ടി വേഗത്തില്‍ അതായത് 30 മിനിട്ട് മാത്രമുപയോഗിച്ച് ഫലം അറിയാമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. 150 രാജ്യങ്ങളിലായി 245,916 പേരെ ഇതിനോടകം ബാധിച്ചു കഴിഞ്ഞ കോവിഡ് 10,048 ജീവനുകള്‍ അപഹരിച്ചു. വാക്‌സിനുകളും ആന്റി വൈറലുകളും ഉള്‍പ്പെട്ട ചികിത്സാമാര്‍ഗങ്ങള്‍ കണ്ടെത്താനായി ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഓക്‌സ്ഫഡ് എന്‍ജിനീയറിങ് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റും ഓക്‌സ്ഫഡ് സുഷൗ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ചും (OSCAR) സംയുക്തമായി രോഗനിര്‍ണയത്തിനുള്ള പരിശോധനകള്‍ മെച്ചപ്പെടുത്താനുള്ള ഗവേഷണത്തിനു നേതൃത്വം നല്‍കിയത്.

രോഗകാരണമായ SARS-CoV-2 (COVID- 19), RNA, RNA ഫ്രാഗ്മെന്റുകളെ പ്രത്യേകം തിരിച്ചറിയാന്‍ പുതിയ പരിശോധനയ്ക്കു കഴിയുമെന്ന് ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യതയാര്‍ന്ന ഫലം ലഭിക്കാന്‍ ഈ െടസ്റ്റിലൂടെ കഴിയുമെന്ന് ഓക്‌സ്ഫഡ് ഗവേഷകനായ പ്രഫ. വെയ് ഹുവാങ് ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍തന്നെ രോഗനിര്‍ണയം നടത്താനാകും എന്നതിനാല്‍ രോഗവ്യാപനം തടയാനും ഇത് സഹായിക്കുമെന്നതാണ് ഏറ്റവും പ്രതീക്ഷാവഹമായ കാര്യം. ഗ്രാമപ്രദേശങ്ങളിലും കമ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ സെന്ററുകളിലും പോലും ഉപയോഗിക്കാനാകുന്നത്ര ലളിതമാണ് ഈ പരിശോധനയെന്നും ഗവേഷക സംഘം വ്യക്തമാക്കി.

ഇതിനായി വികസിപ്പിച്ചെടുത്ത റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റുകള്‍ പുറത്തിറക്കും. ക്ലിനിക്കുകളിലും എയര്‍പോര്‍ട്ടുകളിലും വീടുകളില്‍ പോലും ടെസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരു ഉപകരണം വികസിപ്പിക്കുകയാണ് ഇപ്പോള്‍ ഗവേഷകര്‍.

ഇന്ത്യന്‍ നിര്‍മ്മിത കോവിഡ്19 പരിശോധനാ കിറ്റ് മൂന്നാഴ്ച്ചയ്ക്കകം :

വിവിധ രാജ്യങ്ങളില്‍ വന്‍ഭീഷണിയായി പടര്‍ന്ന കോവിഡ്19 രോഗബാധ പരിശോധിച്ച് കണ്ടെത്തിന്നതിനുള്ള ഇന്ത്യന്‍ നിര്‍മ്മിത ഉപകരണം ഉടന്‍ വിപണിയിലെത്തും. തദ്ദേശീയമായി ഇന്ത്യയില്‍ ആദ്യമായി നിര്‍മ്മിച്ച കോവിഡ്19 പരിശോധനാ കിറ്റ് മൂന്നാഴ്ച്ചയ്ക്കകം തയാറാകുമെന്ന് ചെന്നൈ ആസ്ഥാനമായ മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാക്കളായ ട്രിവിട്രോണ്‍ ഹെല്‍ത്ത്്കെയര്‍ അറിയിച്ചു. നിലവില്‍ ഇന്ത്യയില്‍ ഉപയോഗിച്ചു വരുന്ന കോവിഡ്19 പരിശോധനാ ഉപകരണങ്ങള്‍ ജര്‍മനിയില്‍ നിന്നും സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ചിന്റെ രാജ്യത്തുടനീളമുള്ള 52 ലാബുകളിലാണ് ഇവ ഉപയോഗിച്ചു വരുന്നത്. കൃത്യതയുള്ള പരിശോധനാ ഫലങ്ങള്‍ ഉറപ്പുവരുത്തുന്നതിന് റാപിഡ് ആര്‍ടി പിസിആര്‍ കിറ്റുകള്‍ മാത്രമെ ഇന്ത്യ അംഗീകരിച്ചിട്ടുള്ളൂ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News