കോവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 6,148 മരണം
ബിഹാറിലെ മരണക്കണക്കില്‍ തിരുത്തുണ്ടായതിനെ തുടര്‍ന്നാണ് മരണസംഖ്യ കുത്തനെ ഉയര്‍ന്നത്
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഒരു ലക്ഷത്തിന് താഴെ. 24 മണിക്കൂറിനിടെ 94,052 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് കണ്ടെത്തിയത്. അതേസമയം മരണസംഖ്യ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രേഖപ്പെടുത്തിയത്. 6,148 പേരുടെ മരണമാണ് കോവിഡിനെ തുടര്‍ന്നാണെന്ന് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്.
ബിഹാറിലെ മരണക്കണക്കില്‍ തിരുത്തുണ്ടായതിനെ തുടര്‍ന്നാണ് മരണസംഖ്യ കുത്തനെ ഉയര്‍ന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ബിഹാറില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന 3,971 മരണങ്ങളാണ് ഇന്നലെ പുതുതായി ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ മരണസംഖ്യ 3,59,676 ആയി ഉയര്‍ന്നു.
രാജ്യത്ത് പുതുതായി 94,052 പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 29,183,121 ആയി. 1,51,367 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്തെ ആക്ടീവ് കേസുകള്‍ 12 ലക്ഷത്തിന് താഴെയെത്തി. 11,67,952 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. നിലവില്‍ രാജ്യത്തെ വാക്‌സിനേഷനും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 23,90,58,360 പേരാണ് ഇതുവരെയായി വാക്‌സിന്‍ സ്വീകരിച്ചത്.