കോവിഡ്: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്നുകോടി കവിഞ്ഞു
24 മണിക്കൂറിനിടെ പുതുതായി രോഗം കണ്ടെത്തിയത് 50,848 പേര്‍ക്ക്
24 മണിക്കൂറിനിടെ 50,848 പേര്‍ക്ക് കൂടി കോവിഡ് കണ്ടെത്തിയതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം മൂന്നുകോടി കവിഞ്ഞു. ഇന്നലെ 1,358 പേര്‍ക്ക് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആക്ടീവ് കേസുകള്‍ 19,327 കുറഞ്ഞ് 6,43,194 ആയി. 68,817 പേരാണ് കോവിഡില്‍നിന്ന് രോഗമുക്തി നേടിയത്. ഇതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 2.89 കോടിയായി. കൂടാതെ, തുടര്‍ച്ചയായ 40 ദിവസമായി പ്രതിദിന കേസുകളേക്കാള്‍ കൂടുതലാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 2.67 ആയി കുറഞ്ഞു.
രാജ്യത്ത് വാക്‌സിനേഷനും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജൂണ്‍ 21ന് മാത്രം 88.09 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ നല്‍കി റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏകദേശം 53.4 ലക്ഷം വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്. 2021 അവസാനത്തോടെ എല്ലാ മുതിര്‍ന്നവര്‍ക്കും കുത്തിവയ്പ് നല്‍കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്, പ്രതിദിനം 97 ലക്ഷം വാക്‌സിനേഷനുകള്‍ നടത്തേണ്ടതുണ്ട്. ഡോസുകള്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ചും വിദൂര പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതടക്കമുള്ളവയാണ് ഈ ലക്ഷ്യം നേടാന്‍ സര്‍ക്കാരിന് മുന്നില്‍ തടസമാകുന്നത്.