കോവിഡ് ആഞ്ഞടിക്കുമ്പോഴും രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചത് 7.3 ശതമാനം പേര്‍ മാത്രം

ഏറ്റവും കൂടുതല്‍ ഒറ്റ ദിവസത്തെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും യഥാക്രമം 8.19, 3.77 ശതമാനം ആളുകള്‍ മാത്രമാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്

Update: 2021-04-17 07:07 GMT

ലോകത്തുതന്നെ കോവിഡ് വ്യാപനത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യയില്‍ ഇതുവരെ ഒരു ഡോസെങ്കിലും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് വെറും 7.3 ശതമാനം പേര്‍ മാത്രം. മറ്റ് രാജ്യങ്ങളിലേക്കടക്കം കോവിഡ് വാക്‌സിന്‍ കയറ്റി ചെയ്തിരുന്ന രാജ്യത്താണ് ഈ സ്ഥിതി. ലോകത്തിലെ ഏറ്റവും വലിയ കോവിഡ് പബ്ലിക് ഇമ്യൂണൈസേഷന്‍ ഡ്രൈവ്‌ ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷവും 7.3 ശതമാനം പേര്‍ മാത്രമാണ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്.

അതേസമയം 45 വയസിനു മുകളിലുള്ള എല്ലാ ഇന്ത്യക്കാരെയും ഉള്‍ക്കൊള്ളിച്ചുള്ള മൂന്നാം ഘട്ടത്തില്‍ 20 ശതമാനം ജനസംഖ്യയെയാണ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്.
കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ അപ്‌ലോഡ് ചെയ്യുന്ന കോവിന്‍ പോര്‍ട്ടലില്‍ നിന്ന് കേന്ദ്രം ശേഖരിച്ച സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 1,357 ദശലക്ഷം വരുന്ന മൊത്തം ജനസംഖ്യയില്‍, 99.2 ദശലക്ഷത്തിലധികം ആളുകളാണ് വാക്‌സിന്‍ സ്വീകരിച്ചത്. ജനുവരി 16 ന് കോവിഡിനെതിരെ ഇന്ത്യ പൊതു പ്രതിരോധ കുത്തിവയ്പ്പ് നടത്തിയിരുന്നു.
സംസ്ഥാനാടിസ്ഥാനത്തിലുള്ള ഡാറ്റകള്‍ പ്രകാരം ചെറിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് കൂടുതല്‍ പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ലഡാക്കില്‍ ജനസംഖ്യയുടെ 22.6% ആദ്യ ഡോസ് സ്വീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഒറ്റ ദിവസത്തെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും യഥാക്രമം 8.19, 3.77 ശതമാനം ആളുകള്‍ മാത്രമാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.
നിലവില്‍ ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്ന കൊവിഷീല്‍ഡും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനുമാണ് പ്രധാനമായും കുത്തിവയ്ക്കുന്നത്. എന്നാല്‍ ഉല്‍പ്പാദനത്തില്‍ നിക്ഷേപമില്ലാത്തതും, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും കോവിഡ് വാക്‌സിന്‍ ഉല്‍പ്പാദനത്തെ ബാധിച്ചിട്ടുണ്ട്.



Tags:    

Similar News