അടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ക്രിപ്‌റ്റോ കാരണമാവാം, വളരാന്‍ അനുവദിക്കരുതെന്ന് ആര്‍ബിഐ ഗവര്‍ണര്‍

ക്രിപ്‌റ്റോ കറന്‍സികളെ നിയന്ത്രിക്കാനുള്ള ആഗോള നയങ്ങള്‍ക്കായി ജി20യിലൂടെ ഇന്ത്യ ശ്രമം നടത്തുന്നതിനിടെയാണ് ആര്‍ബിഐ ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതെന്നതും ശ്രദ്ധേയമാണ്

Update:2022-12-22 10:19 IST

ക്രിപ്‌റ്റോ കറന്‍സികള്‍ക്കെതിരെയുള്ള നിലപാട് ആവര്‍ത്തിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. അടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് സ്വകാര്യ ക്രിപ്‌റ്റോകള്‍ കാരണമായേക്കാം എന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞത്. ബുധനാഴ്ച ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ ബിഎഫ്എസ്‌ഐ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിപ്‌റ്റോ ഒരു ഊഹക്കച്ചവടമാണ്. അത് നിരോധിക്കണം എന്നത് തന്നെയാണ് തന്റെ നിലപാട്. നിങ്ങള്‍ അതിനെ നിയമങ്ങള്‍കൊണ്ട് നിയന്ത്രിക്കുകയും വളരാന്‍ അനുവദിക്കുകയും ചെയ്താല്‍, അടുത്ത സാമ്പത്തിക പ്രതിസന്ധി ക്രിപ്‌റ്റോ മൂലമാവും. തന്റെ ഈ വാക്കുകള്‍ കുറിച്ചുവെച്ചോളാനും ശക്തികാന്ത ദാസ് പറഞ്ഞു. സാമ്പത്തിക സ്ഥിരതയെ ക്രിപ്‌റ്റോ ബാധിക്കുമെന്നും എഫ്ടിഎക്‌സ് എക്‌സ്‌ചേഞ്ചിന്റെ തകര്‍ച്ച ചൂണ്ടിക്കാട്ടിക്കൊണ്ട് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

ക്രിപ്‌റ്റോ കറന്‍സികളെ നിയന്ത്രിക്കാനുള്ള ആഗോളനയങ്ങള്‍ക്കായി ജി20യിലൂടെ ഇന്ത്യ ശ്രമം നടത്തുന്നതിനിടെയാണ് ആര്‍ബിഐ ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. കറന്‍സിയായി ക്രിപ്‌റ്റോകളെ ഇന്ത്യ കാണുന്നില്ലെന്നും വിര്‍ച്വല്‍ ആസ്തികളായി ആണ് പരിഗണിക്കുന്നതെന്നും ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

Tags:    

Similar News