പബ്ലിക്ക് വൈഫൈയിലൂടെ ഫോണിലെ ഗ്യാലറി വരെയെത്തും, ഒളിമ്പിക്‌സിനും രക്ഷയില്ല, മുന്നറിയിപ്പ്
പാരീസിലെത്തുന്നവരെ ലക്ഷ്യമിട്ട് നിരവധി ക്രിമിനല്‍ സംഘങ്ങള്‍
ഇന്ന് മുതല്‍ ആരംഭിക്കുന്ന ഒളിമ്പിക്‌സ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ ലക്ഷക്കണക്കിന് പേരാണ് പാരീസിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കൊറോണ മഹാമാരിക്ക് ശേഷം നടക്കുന്ന ആദ്യ ഒളിമ്പിക്‌സില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 10,000ലധികം അത്‌ലറ്റുകള്‍ ഇവിടേക്കെത്തും. എന്നാല്‍ ഇത്രയും പേരെത്തുന്നത് സൈബര്‍ കുറ്റവാളികള്‍ക്ക് ചാകരയാകുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.
സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാരീസ് നഗരത്തിലെ കാല്‍ലക്ഷത്തോളം വരുന്ന പൊതു വൈഫൈ കണക്ഷനുകളില്‍ 25 ശതമാനവും എന്‍ക്രിപ്റ്റഡല്ലെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. ഇത് പൊതു വൈഫൈ കണക്ഷന്‍ ഉപയോഗിക്കുന്നവരുടെ ഡാറ്റയും വ്യക്തി വിവരങ്ങളും ചോര്‍ത്തുന്നതിലേക്ക് വഴി വയ്ക്കുമെന്നാണ് പ്രശസ്ത റഷ്യന്‍ സൈബര്‍ സുരക്ഷാ കമ്പനിയായ കാസ്പറസ്‌കിയുടെ മുന്നറിയിപ്പ്.
ബാക്കി 20 ശതമാനം വൈഫൈ സ്‌പോട്ടുകളില്‍ കാലഹരണപ്പെട്ടതും പ്രതിരോധ സംവിധാനം കുറഞ്ഞതുമായ ഡബ്ല്യൂ.പി.എസ് എന്ന പഴയ അല്‍ഗോരിതമാണ് ഉപയോഗിക്കുന്നത്. ഇത് ഡാറ്റ മോഷണത്തിലേക്ക് വഴിവയ്ക്കുന്ന ആക്രമണങ്ങള്‍ക്കും കാരണമാക്കും. സുരക്ഷിതമായ ഡബ്ല്യു.പി.എ3 സെക്യൂരിറ്റി പ്രോട്ടോക്കോള്‍ ഉപയോഗിക്കുന്നത് 6 ശതമാനം മാത്രമാണെന്നും ഇവരുടെ റിപ്പോര്‍ട്ടില്‍ തുടരുന്നു. ഇതുകൂടാതെ പാരീസിലെത്തുന്ന അത്‌ലറ്റുകളെയും കായിക പ്രേമികളെയും ലക്ഷ്യമിട്ട് നിരവധി ക്രിമിനല്‍ സംഘങ്ങള്‍ സജീവമാണെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.