ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 17, 2020

Update: 2020-07-17 15:53 GMT

കൊറോണ അപ്ഡേറ്റ്സ്

ഇന്ന് കേരളത്തില്‍

കേരളത്തില്‍ 791 പേര്‍ക്ക് കൂടി കോവിഡ്. 11066 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ :1003832 (ഇന്നലെ വരെയുള്ള കണക്ക്:968,876 )

മരണം :25602 (ഇന്നലെ വരെയുള്ള കണക്ക്:  24,915 )

ലോകത്ത് ഇതുവരെ

രോഗികള്‍:13830933  (ഇന്നലെ വരെയുള്ള കണക്ക്: 13,554,477 )

മരണം :590601  ( ഇന്നലെ വരെയുള്ള കണക്ക്: 584,124)

ഓഹരി വിപണിയില്‍ ഇന്ന്

നേട്ടത്തോടെ ഒരു വാരത്തെ വ്യാപാരം കൂടി അവസാനിച്ചു. ഈ ആഴ്ചയില്‍ സെന്‍സെക്‌സ് 1.16 ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്റ്റി 1.24 ശതമാനം കൂടി.

ഇന്നും ഓഹരി വിപണി മുന്നേറ്റത്തിന്റെ പാതയിലായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച് ഡി എഫ് സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച് യു എല്‍ എന്നീ ഓഹരികള്‍ വന്‍തോതില്‍ നിക്ഷേപകര്‍ വാങ്ങിക്കൂട്ടി. ഇതാണ് വിപണിയുടെ ഇന്നത്തെ മുന്നേറ്റത്തിന് ഊര്‍ജ്ജം പകര്‍ന്നത്.

സെന്‍സെക്‌സ് ഒന്നര ശതമാനത്തോളം, അഥവാ 548 പോയ്ന്റ് ഉയര്‍ന്ന് 37,020 പോയ്ന്റില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് സൂചികയിലെ 30 ഓഹരികളില്‍ 26 ഉം ഇന്നും നേട്ടമുണ്ടാക്കി. ഒഎന്‍ജിസി ഓഹരി അഞ്ചര ശതമാനത്തോളം ഉയര്‍ന്നു. ടിസിഎസ് ഓഹരി വില ഒന്നര ശതമാനത്തോളം താഴ്ന്നു.

നിഫ്റ്റി 162 പോയ്ന്റ് അഥവാ ഒന്നര ശതമാനത്തോളം ഉയര്‍ന്ന് 10,902 ലെത്തി.

സെക്ടറുകളെടുത്താല്‍, നിഫ്റ്റി ഐറ്റി സൂചിക ഒഴികെ മറ്റെല്ലാ ഇന്‍ഡെക്‌സുകളും ഗ്രീന്‍ സോണിലായിരുന്നു.

ആഗോള വിപണികളെടുത്താല്‍ യൂറോപ്യന്‍ വിപണികളില്‍ അമിത ഉത്സാഹമൊന്നും ഉണ്ടായിട്ടില്ല. ചൈനീസ് വിപണി കാല്‍ ശതമാനത്തോളം ഉയര്‍ന്നു.

എണ്ണ വിലയില്‍ ഇടിവുണ്ടായി. കോവിഡ് വ്യാപനം വര്‍ധിക്കുന്നത് മൂലം എണ്ണ ഉപഭോഗത്തിന്റെ വര്‍ധനയില്‍ അസ്ഥിരത നിലനില്‍ക്കുന്നതുകൊണ്ടാണ് എണ്ണ വില കുറഞ്ഞത്.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് 10 കേരള കമ്പനികളുടെ വിലകള്‍ താഴേയ്ക്ക് പോയി. വിപണിയില്‍ ബാങ്കിംഗ് ഓഹരികള്‍ ഇന്ന് മുന്നോട്ട് പോയത്  കേരള ബാങ്കുകളിലും പ്രതിഫലിച്ചു.   സിഎസ്ബി ബാങ്ക് ഒഴികെ എല്ലാ ബാങ്ക് ഓഹരികളും നേട്ടത്തിലായിരുന്നു.    ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വില 1.69 ശതമാനവും    സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില 1.08 ശതമാനവും ഫെഡറല്‍ ബാങ്ക് ഓഹരിവില  0.10 ശതമാനവും വര്‍ധിച്ചു

എന്‍ബിഎഫ്‌സികളില്‍  മണപ്പുറം ഫിനാന്‍സ് ഒഴികെയുള്ള കമ്പനികളുടെ  ഓഹരി വില ഉയര്‍ന്നു.   മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില 6 ശതമാനത്തിലധികവും മുത്തൂറ്റ് ക്യാപിറ്റലിന്റെ ഓഹരിവില 4 ശതമാനത്തോളവുമാണ് ഇന്ന് ഉയര്‍ന്നത്.

ജിയോജിത് ഓഹരിവിലയും 4ശതമാനത്തിലധികം വര്‍ധിച്ചു.

ആറു ശതമാനത്തിലധികം വില  ഉയര്‍ന്ന കൊച്ചിന്‍ മിനറല്‍സ് ആണ് ഇന്ന് കൂടുതല്‍  നേട്ടമുണ്ടാക്കിയ കേരള കമ്പനി.  അപ്പോളോ ടയേഴ്‌സ്, എ വി ടി,  കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, എഫ് എ സി ടി, ഹാരിസണ്‍സ് മലയാളം, കേരള ആയുര്‍വേദ, കിറ്റെക്‌സ്, നിറ്റ ജലാറ്റിന്‍,  വിക്ടറി പേപ്പര്‍, വണ്ടര്‍ലാ എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു ഓഹരികള്‍.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4,565രൂപ (ഇന്നലെ 4585 രൂപ)

ഒരു ഡോളര്‍: 75.02 രൂപ (ഇന്നലെ : 75.15 രൂപ)

ക്രൂഡ് ഓയ്ല്‍

WTI Crude 40.51  -0.59
Brent Crude 43.06  -0.71
Natural Gas 1.709 +0.81

മറ്റ് വാര്‍ത്തകള്‍ ചുരുക്കത്തില്‍

ശ്യാം ശ്രീനിവാസന്‍ ഫെഡറല്‍ ബാങ്ക് സാരഥ്യത്തില്‍ തുടരും

ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായി ശ്യാം ശ്രീനിവാസനെ പുനര്‍നിയമിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അംഗീകാരം. നിലവിലെ കാലാവധി തീരുന്ന സെപ്തംബര്‍ 23 മുതല്‍ 2021 സെപ്തംബര്‍ 22 വരെ ബാങ്കിന്റെ സാരഥ്യത്തില്‍ തുടരാനുള്ള അനുമതിയാണ് റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്നത്.

അതിര്‍ത്തി തര്‍ക്ക ചര്‍ച്ച: ഒന്നും ഉറപ്പ് പറയാനാവില്ലെന്ന് പ്രതിരോധ മന്ത്രി

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കുന്നതിനുളള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും എത്രത്തോളം പരിഹരിക്കാനാകുമെന്ന് ഉറപ്പു നല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി ലഡാക്കിലെത്തിയതായിരുന്നു മന്ത്രി.

എച്ച്.സി.എല്‍ സാരഥി ഇനി റോഷ്നി നാടാര്‍ മല്‍ഹോത്ര

എച്ച്സിഎല്‍ ടെക്നോളജീസിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് ഇനി റോഷ്നി നാടാര്‍ മല്‍ഹോത്ര. താന്‍ കമ്പനി ചെയര്‍മാന്‍ പദവി ഒഴിയുകയാണെന്നും മകള്‍ പകരം എത്തുമെന്നും ശിവ നാടാര്‍ പ്രഖ്യാപിച്ചു.ഇന്ത്യയിലെ ധനിക വനിതകളില്‍ ഒന്നാം സ്ഥാനക്കാരിയാണ് 38 കാരിയായ റോഷ്നി.

വായ്പ മൊറട്ടോറിയം ഡിസംബര്‍ 31വരെ നീട്ടിയേക്കും

വായ്പ മൊറാട്ടോറിയം ഡിസംബര്‍ അവസാനംവരെ നീട്ടുന്നകാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. നിലവില്‍ രണ്ടുതവണയായി ഓഗസ്റ്റ് 31വരെയാണ് മോറട്ടോറിയം അനുവദിച്ചിട്ടുള്ളത്.ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും റിസര്‍വ് ബാങ്കും മറ്റുധനകാര്യവിദഗ്ധരുമായി സര്‍ക്കാര്‍ ഇക്കാര്യം ചര്‍ച്ചചെയ്തുവരികയാണെന്ന് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിച്ചു. മൊറട്ടോറിയം കാലാവധി ഇനിയും നീട്ടിനല്‍കാന്‍ കഴിയുമോയെന്നകാര്യത്തിലാണ് കൂടിയാലോചന.

ഡീസല്‍ വില വീണ്ടും ഉയര്‍ന്നു

രാജ്യത്ത് ഡീസല്‍ വില വീണ്ടും ഉയര്‍ന്നു. വിവിധ മെട്രോ നഗരങ്ങളിലായി 15 മുതല്‍ 17 പൈസ വരെയാണ് ഡീസല്‍ വില കൂടിയത്. ഇന്ന് കേരളത്തില്‍ 16 പൈസ വര്‍ധിച്ച് ഡീസലിന് 78.42 രൂപയായി വില. കഴിഞ്ഞ ഒരാഴ്ചയായി ഡീസലിന് 40 പൈസയാണ് ഉയര്‍ന്നത്. അതേസമയം തുടര്‍ച്ചയായ 19-ാം ദിവസവും പെട്രോള്‍ വിലയില്‍ മാറ്റമില്ല. പെട്രോളിന് ഇന്ന് 82.15 രൂപയാണ് വില.

സൗരോര്‍ജ്ജ ഉപകരണങ്ങള്‍ക്ക് 20% കസ്റ്റംസ് തീരുവ ചുമത്തും

ഇറക്കുമതി കുറയ്ക്കുന്നതിന് സൗരോര്‍ജ്ജ ഉപകരണങ്ങള്‍ക്ക് 20% കസ്റ്റംസ് തീരുവ ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായി മന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു.

ഒരു രാജ്യം, ഒരു ബോര്‍ഡ്, ഒറ്റ പാഠ്യ പദ്ധതി: ആവശ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ആറ് മുതല്‍ പതിനാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് ഏകീകൃത വിദ്യാഭ്യാസ പദ്ധതി ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. നയപരമായ വിഷയത്തില്‍ സര്‍ക്കാര്‍ ആണ് തീരുമാനം എടുക്കേണ്ടതെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഓണ്‍ലൈന്‍ ഗ്രോസറി: ബിഗ് ബാസ്‌ക്കറ്റിനെയും ആമസോണിനെയും മറികടന്ന് ജിയോമാര്‍ട്ട്

പ്രവര്‍ത്തനംതുടങ്ങി രണ്ടുമാസത്തിനിടെ ഓണ്‍ലൈന്‍ ഗ്രോസറി വില്പനയില്‍ ബിഗ്ബാസ്‌കറ്റിനെയും ആമസോണിനെയും പിന്നിലാക്കി ജിയോമാര്‍ട്ട്. പ്രതിദിനം 2,50,000 ഓര്‍ഡറുകളാണ് ജിയോമാര്‍ട്ടിന് ലഭിക്കുന്നത്. ബിഗ്ബാസ്‌കറ്റിനാകട്ടെ 2,20,000വും ആമസോണ്‍ പാന്‍ട്രിക്ക് 1,50,000വുമാണ് ലഭിക്കുന്ന ഓര്‍ഡറുകള്‍. ഓര്‍ഡറുകളുടെ കണക്ക് വ്യക്തമാക്കാന്‍ ഗ്രോഫേഴ്സ് തയ്യാറായില്ലെങ്കിലും ഇവര്‍ക്കും ഒന്നര ലക്ഷത്തോളം ഓര്‍ഡറുകള്‍ ദിനംപ്രതി ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. ഓരോദിവസവും 2,50,000 ഓര്‍ഡറുകളാണ് ലഭിക്കുന്നതെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിതന്നെയാണ് കഴിഞ്ഞദിവസം വ്യക്തമാക്കിയത്.

റിലയന്‍സിലെ അരാംകോ നിക്ഷേപത്തിനായുള്ള നീക്കത്തില്‍ തടസം

സൗദി അരാംകോ നിക്ഷേപം റിലയന്‍സിലേക്കെത്തുന്ന കാര്യത്തില്‍ അനിശ്ചിതത്വം മുറുകുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) ഓയില്‍-ടു-കെമിക്കല്‍ ബിസിനസിലെ 20 ശതമാനം ഓഹരി സൗദി അരാംകോയ്ക്ക് വില്‍ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മൂല്യനിര്‍ണയത്തെച്ചൊല്ലിയുള്ള തര്‍ക്കം മൂലം സ്തംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

തങ്കത്തിളക്കത്തില്‍ മുന്നേറി സോവറിന്‍ ബോണ്ടുകള്‍

വിലയിലെ നേരിയ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും സ്വര്‍ണം അമൂല്യ ലോഹത്തിളക്കമേറി മുന്നേറുമ്പോള്‍ നിക്ഷേപകര്‍ക്ക് സോവറിന്‍ ഗോള്‍ഡ്  ബോണ്ടുകളോടുള്ള പ്രിയം ഏറി. ജൂലൈയിലെ എസ്ജിബി ഇഷ്യൂവില്‍ 2,004 കോടി രൂപയുടെ ബോണ്ടുകള്‍  വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിഞ്ഞതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു

ജി.ഡി.പി.യില്‍ നേരിയ വളര്‍ച്ച നേടി ചൈന

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെയും വന്‍ ആഘാതം ഏറ്റു വാങ്ങിയതിന്റെയും ക്ഷീണത്തില്‍ നിന്ന് ചൈനയിലെ സമ്പദ് വ്യവസ്ഥ കരകയറുന്നുവെന്നു സൂചിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്.പഴയ രീതിയിലുള്ള ജിഡിപി വളര്‍ച്ചയിലേക്ക് എത്തണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെങ്കിലും വിദഗ്ധര്‍ പ്രവചിച്ചതിനേക്കാള്‍ മികച്ച സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട് ചൈനയ്ക്ക്.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.  മുന്‍കരുതലിന്റെ ഭാഗമായി ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്, തിരുവനനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News