ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 23, 2020

Update: 2020-07-23 14:09 GMT

കൊറോണ അപ്‌ഡേറ്റ്‌സ്

ഇന്ന് കേരളത്തില്‍

കേരളത്തില്‍ ഇന്ന് 1078 പേര്‍ക്ക് കൂടി കോവിഡ്. 16,110 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ :1238635  (ഇന്നലെ വരെയുള്ള കണക്ക്: 1192915 )

മരണം :29861  (ഇന്നലെ വരെയുള്ള കണക്ക്: 28732 )

ലോകത്ത് ഇതുവരെ

രോഗികള്‍:15250804 (ഇന്നലെ വരെയുള്ള കണക്ക്: 14969649  )

മരണം :623863  (ഇന്നലെ വരെയുള്ള കണക്ക്: 616990 )

ഓഹരി വിപണിയില്‍ ഇന്ന്

റിലയന്‍സ് ഇന്‍ഡസ്ട്രീസും മറ്റ് ബ്ലു ചിപ് ഓഹരികളായ ഐസിഐസിഐ ബാങ്ക്, ഐടിസി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച് ഡി എഫ് സി ബാങ്ക് എന്നിവയും തുടരുന്ന മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്നും നിലമെച്ചപ്പെടുത്തി.

തുടര്‍ച്ചയായി അഞ്ചു ദിവസം മുന്നേറിയ വിപണി ഇന്നലെ താഴ്ന്നിരുന്നുവെങ്കിലും ഇന്ന് സെന്‍സെക്‌സ് 0.71 ശതമാനം (269 പോയ്ന്റ്) ഉയര്‍ന്ന് 38,140 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 0.74 ശതമാനം (83 പോയ്ന്റ്) ഉയര്‍ന്ന് 11,215ലും ക്ലോസ് ചെയ്തു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ആറു ഓഹരികള്‍ മാത്രമാണ് ഇന്ന് വിലയിടിവ് നേരിട്ടത്. 14.54 ശതമാനം നേട്ടമുണ്ടാക്കിയ ഏ വി ടി ഓഹരികളാണ് ഇന്ന് ശതമാന കണക്കില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

ആസ്റ്റര്‍ ഡി എം,  ഈസ്‌റ്റേണ്‍ ട്രെഡ്‌സ്,  നിറ്റ ജെലാറ്റിന്‍,  എഫ് എ സി ടി,  ഹാരിസണ്‍സ് മലയാളം എന്നീ  കമ്പനികള്‍ ഇന്ന് നാലു ശതമാനത്തിനു മേല്‍ നേട്ടമുണ്ടാക്കി. കേരള ബാങ്കുകളെയെടുത്താല്‍ ധനലക്ഷ്മി ബാങ്കും ഫെഡറല്‍ ബാങ്കും ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ സി എസ് ബി ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും നേരിയ നഷ്ടമുണ്ടാക്കി. എന്‍ ബി എഫ് സികളില്‍ മുത്തൂറ്റ് ഫിനാന്‍സ് മാത്രമാണ് നഷ്ടമുണ്ടാക്കിയത്. അപ്പോളോ,  കെ എസ് ഇ,  വെര്‍ട്ടെക്‌സ്,  വി ഗാര്‍ഡ് എന്നിവയാണ് നഷ്ടമുണ്ടാക്കിയ മറ്റു ഓഹരികള്‍.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4675 രൂപ (ഇന്നലെ 4,660 രൂപ )

ഒരു ഡോളര്‍: 74.89 രൂപ (ഇന്നലെ: 74.76 രൂപ )

ക്രൂഡ് ഓയ്ല്‍

WTI Crude   41.41    - 1.17 %

Brent Crude  43.81  -  1.08 %

Natural Gas  1.702     1.25 %

കൂടുതല്‍ ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍

പ്രതിരോധ രംഗത്ത് ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് യു.എസ് കമ്പനികളെ ക്ഷണിച്ച് മോദി

പ്രതിരോധ, വ്യോമ മേഖലകളിലെ അനന്ത സാധ്യത പ്രയോജനപ്പെടുത്തി ഇന്ത്യയില്‍ വന്‍ നിക്ഷേപങ്ങള്‍ക്ക് യു.എസ്. കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ രംഗത്തെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തി 74% ആക്കി ഉയര്‍ത്തിയ കാര്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വലിയ നിക്ഷേപത്തിന് ആഹ്വാനം ചെയ്തത്. പ്രതിരോധ മേഖലയ്ക്ക് പുറമെ ആരോഗ്യ രംഗത്തും ഐടി മേഖലയിലും ഊര്‍ജ്ജ മേഖലയിലും നിക്ഷേപം നടത്താന്‍ അനിവാര്യമായ സമയമാണിതെന്നും  യുഎസ്- ഇന്ത്യ ബിസിനസ്സ് കൗണ്‍സില്‍ സമ്മേളനമായ 'ഇന്ത്യ ഐഡിയാസ്' ഉച്ചകോടിയില്‍ സംസാരിക്കവേ  അദ്ദേഹം പറഞ്ഞു.

റാഫാലിന്റെ പ്രഹരശേഷി വര്‍ധിപ്പിക്കാന്‍ ഹാമര്‍ മിസൈലുകള്‍; വേഗത്തില്‍ ലഭ്യമാക്കാന്‍ ശ്രമം തുടങ്ങി

ഫ്രാന്‍സില്‍ നിന്ന് ഹാമര്‍ മിസൈലുകള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി. 60-70 കിലോമീറ്റര്‍ പരിധിയില്‍ ആക്രണം നടത്താന്‍ കഴിവുള്ള ഹാമര്‍ മിസൈലുകള്‍ വാങ്ങാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ വ്യോമസേനയ്ക്ക് അധികാരം നല്‍കി. ഹാമര്‍ മിസൈലുകള്‍ സജ്ജീകരിച്ച് റാഫാല്‍ യുദ്ധ വിമാനങ്ങളുടെ പ്രഹര ശേഷി വര്‍ധിപ്പിക്കാനാണ് ഇന്ത്യന്‍ വ്യോമസേനയുടെ ശ്രമം.

കോവിഡ് അനന്തര കേരളത്തിന് വന്‍ വികസന സാധ്യതകളെന്ന് വിലയിരുത്തല്‍

കോവിഡ് അനന്തര കേരളത്തിന് മുന്നില്‍ വന്‍തോതിലുള്ള വികസന സാധ്യതകളുണ്ടെന്നും ഇത് തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്താന്‍ സംരംഭകര്‍ മുന്നോട്ടുവരണമെന്നും ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍. കോവിഡിന് ശേഷമുള്ള കേരളത്തിന്റെ വികസന സാധ്യതകള്‍ മുന്‍ നിര്‍ത്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (ഫിക്കി) എച്ച് ഡി എഫ് സി ബാങ്കും ചേര്‍ന്ന് സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധി നേരിടുന്ന മേഖലകള്‍ക്ക് വായ്പ മൊറട്ടോറിയം നീട്ടിനല്‍കിയേക്കും

കോവിഡ് വ്യാപനംമൂലം പ്രതിസന്ധി നേരിടുന്ന മേഖലകളിലെ കമ്പനികള്‍ക്ക് മൊറട്ടോറിയം കാലാവധി നീട്ടിനല്‍കിയേക്കും. വ്യോമയാനം, വാഹനം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകള്‍ക്കാകും വായ്പ തിരിച്ചടവ് കാലാവധി നീട്ടി നല്‍കുക. വായ്പക്കാരുടെ തിരിച്ചടവ്, പണത്തിന്റെ ലഭ്യത തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ആര്‍ബിഐ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

'സ്പെയര്‍ ടയര്‍' നിബന്ധന ഒഴിവാക്കി വാഹന നിയമം

വാഹനങ്ങളില്‍ ഇനി മുതല്‍ സ്റ്റെപ്പിനി (സ്പെയര്‍) ടയര്‍ നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.
പകരമായി ടയര്‍ റിപ്പയര്‍ കിറ്റും ടയര്‍ പ്രഷര്‍ നിരീക്ഷണ സംവിധാനവും വാഹനങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ഒക്ടോബര്‍ മുതല്‍ നിര്‍മിക്കുന്ന വാഹനങ്ങളില്‍ ഇത് നിര്‍ബന്ധമാക്കും.

ബജാജ് ഓട്ടോ ത്രൈമാസ ലാഭത്തില്‍ 53 ശതമാനം ഇടിവ്

കോവിഡ്-19 മഹാമാരി മൂലം 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലെ ലാഭത്തില്‍ 53 ശതമാനം ഇടിവ് രേഖപ്പെടുത്തി ഇരുചക്രവാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ. ആഭ്യന്തര വില്‍പ്പനയിലും കയറ്റുമതിയിലും താഴ്ചയുണ്ടായി. ലോക്ഡൗണ്‍ കഴിഞ്ഞ് പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചെങ്കിലും വിതരണ ശൃംഖലയുടെ കാര്യത്തില്‍ ഇപ്പോഴും തടസങ്ങള്‍ നേരിടുന്നുണ്ടെന്നു കമ്പനി അറിയിച്ചു.

ഇന്ത്യ- അമേരിക്ക സര്‍വീസ്: സ്‌പൈസ് ജെറ്റിന് അനുമതി

ഇന്ത്യ- അമേരിക്ക യാത്രാ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ സ്‌പൈസ് ജെറ്റിന് അനുമതി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന  കരാറിന്റെ അടസ്ഥാനത്തിലാണ് സ്‌പൈസ് ജെറ്റിന് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചത്. കോവിഡിനെ തുടര്‍ന്ന് മെയ് 22ന് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയശേഷം എയര്‍ ഇന്ത്യ മാത്രമാണ് വന്ദേ ഭാരത് പദ്ധതി പ്രകാരം അമേരിക്കയിലേക്ക് സര്‍വീസ് നടത്തുന്നത്.

ജിയോമാര്‍ട്ടിനെ നേരിടാന്‍ വാള്‍മാര്‍ട്ട് ഇന്ത്യയെ സ്വന്തമാക്കി ഫ്‌ളിപ്കാര്‍ട്ട്

ജിയോമാര്‍ട്ടുമായുള്ള കടുത്ത മത്സരത്തിന് ശക്തി പകര്‍ന്നുകൊണ്ട് മൊത്തവ്യാപാരം ലക്ഷ്യമിട്ട് വാള്‍മാര്‍ട്ട് ഇന്ത്യ ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട് സ്വന്തമാക്കി. ഓഗസ്റ്റോടെ മൊത്തവ്യാപാരത്തിനുള്ള പുതിയ ഡിജിറ്റല്‍ സംരംഭത്തിനു തുടക്കമിടാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പവന് 37,400 രൂപ; ഇന്നു കൂടിയത് 120 രൂപ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു.കേരളത്തില്‍ ഇന്ന് ഗ്രാമിന് 15 രൂപയാണ് കൂടിയത്. പവന് 120 രൂപയും ഉയര്‍ന്നു.ഗ്രാമിന് 4,675 രൂപയാണ് ഇന്ന് സ്വര്‍ണത്തിന്റെ വില്‍പ്പന വില. പവന് 37,400 രൂപയും.

ജീവനക്കാരുടെ ബത്ത 50% വരെ കുറച്ച് എയര്‍ ഇന്ത്യ

പ്രതിസന്ധിയില്‍ പിടിച്ചു നില്‍ക്കാനുള്ള നടപടികളുടെ ഭാഗമായി ജീവനക്കാരുടെ ബത്ത 20% മുതല്‍ 50% വരെ കുറയ്ക്കാന്‍ ഉത്തരവിറക്കി എയര്‍ ഇന്ത്യ. ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ബത്ത കുറയ്ക്കല്‍.

ബാങ്ക് ജീവനക്കാര്‍ക്ക് ശമ്പളം ഇനി മികവ് വിലയിരുത്തി

പൊതുമേഖല ബാങ്കുകളിലെ ജീവനക്കാര്‍ക്ക് 15 ശതമാനം ശമ്പള വര്‍ധന ഉറപ്പാക്കുന്ന പുതിയ കരാറിനെ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സ്വാഗതം ചെയ്തു. ജീവനക്കാരുടെ പ്രകടനം അടിസ്ഥാനമാക്കി ശമ്പളം നിശ്ചയിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇത്തവണത്തെ കരാര്‍.

കോവിഡാനന്തരം പല ജോലിസ്ഥലങ്ങളും കാലഹരണപ്പെടുമെന്ന് സര്‍വെ ഫലം

ഭാവിയില്‍ ജോലിസ്ഥലത്തിന്റെ പ്രധാന്യം കുറയുമെന്ന് വിശ്വസിക്കുന്നവരാണ് ഇന്ത്യയിലെ 82 ശതമാനം ആളുകളുമെന്നുള്ള വെളിപ്പെടുത്തലുമായി സര്‍വേ. ഇന്‍സൈറ്റ്സ് ഡെയ്ലിസൈറ്റ്സ് പോളിന്റെ ഭാഗമായി 34,000 പേര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഐടി കമ്പനികളുടെ വര്‍ക്ക് ഫ്രം ഹോം ഡിസംബര്‍ 31 വരെ നീട്ടാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ തുടര്‍ന്നാണ് സര്‍വേ നടത്തിയത്.

പുതിയ എച്ച്ഡി സ്ട്രീമിംഗ് പ്ലാനുമായി നെറ്റ്ഫ്ളിക്സ്

ഹൈ-ഡെഫനിഷന്‍ (എച്ച്ഡി) ഗുണനിലവാരമുള്ള വീഡിയോ സ്ട്രീമിംഗ് സേവനം മിതമായ ചെലവില്‍ മൊബൈല്‍, ടാബ്ലെറ്റ്, കമ്പ്യൂട്ടര്‍ സ്‌ക്രീനുകളില്‍ നല്‍കുന്ന പുതിയ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് നെറ്റ്ഫ്ളിക്സ്. പ്രതിമാസ നിരക്ക് 349 രൂപ. പക്ഷേ ടി വിയില്‍ ലഭ്യമാകില്ല ഈ ഒ ടി ടി പ്ലാറ്റ്ഫോം സേവനം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News