ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; 12 മെയ് 2020

Update: 2020-05-12 13:53 GMT

സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 32 ആയി.

ഇന്ത്യയില്‍

ഇതുവരെ 70,756 രോഗികള്‍, 2,293 കൊറോണ മരണങ്ങള്‍.

ലോകത്ത്

ഇതുവരെ 4,177,504 കോവിഡ് കേസുകള്‍. 286,330 മരണങ്ങള്‍.

പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ അനുവദിച്ചത് 5.95 ലക്ഷം കോടി രൂപയുടെ വായ്പ

എംഎസ്എംഇ, കൃഷി, കോര്‍പ്പറേറ്റ് എന്നിവയുള്‍പ്പെടെ വിവിധ മേഖലകള്‍ക്ക് പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 5.95 ലക്ഷം കോടി രൂപയുടെ വായ്പ അനുവദിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ട്വീറ്റില്‍ പറഞ്ഞു. മാര്‍ച്ച് ഒന്നിനും മെയ് എട്ടിനും ഇടയ്ക്ക് ഈ ബാങ്കുകളില്‍ നിന്ന് 1.18 ലക്ഷം കോടി രൂപയാണ് നോണ്‍ ബാങ്ക് ഫിനാന്‍സ് കമ്പനികള്‍ക്ക് (എന്‍ബിഎഫ്‌സി) ലഭിച്ചത്.

ലോക്ഡൗണ്‍; ജോലി നഷ്ടമായത് 2.7 കോടി ചെറുപ്പക്കാര്‍ക്ക്

ലോക്ഡൗണ്‍ മൂലം രാജ്യത്തെ 20 നും 30നും ഇടയിലുള്ള 2.7 കോടി ചെറുപ്പക്കാര്‍ക്ക് ജോലി നഷ്ടമായതായി സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി റിപ്പോര്‍ട്ട്.അതേസമയം, ചില മേഖലകളില്‍ ഫാക്ടറികള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ തൊഴിലില്ലായ്മ നിരക്ക് 27.1 ശതമാനത്തില്‍നിന്ന് 24 ശതമാനമായി കുറഞ്ഞെന്നും വീക്കിലി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം പൂജ്യം ശതമാനമാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

കൊവിഡ് 19 വ്യാപനത്തുടര്‍ന്നുള്ള ലോക്ക് ഡൗണില്‍ സാമ്പത്തിക മേഖല നിശ്ചലമായ ഇന്ത്യയ്ക്ക് ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ച ഉണ്ടാവില്ലെന്ന് സാമ്പത്തിക സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയായ മോര്‍ഗന്‍ സ്റ്റാന്‍ലി. എന്നാല്‍ 2021 സാമ്പത്തിക വര്‍ഷം വളര്‍ച്ച 7.7 ശതമാനമായി കുതിച്ചുയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ആഗോള ജിഡിപി മൂന്നു ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വര്‍ക്ക് ഫ്രം ഹോം ; തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഐടി മേഖല

വര്‍ക്ക് ഫ്രം ഹോം ശൈലി കൂടുതല്‍ വ്യാപകമായതോടെ അതിന് അനുസൃതമായി രാജ്യത്തിന്റെ നികുതി, തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഇന്ത്യയുടെ ഐടി മേഖല. ഇതിനു വേണ്ടി നാസ്‌കോമിനെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചുമതലപ്പെടുത്തി. രാജ്യത്തെ 4.3 ദശലക്ഷം ഐടി ജീവനക്കാരില്‍ 50% പേരും താമസിയാതെ വീട്ടില്‍ നിന്ന് ജോലിചെയ്യുമെന്ന് ഐടി വ്യവസായ പ്രമുഖര്‍ പറയുന്നു.

ഏകീകൃത ആരോഗ്യ ഇന്‍ഷുറന്‍സ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് ഐആര്‍ഡിഐ രൂപം നല്‍കി

പോര്‍ട്ടബിലിറ്റി, മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഏകീകൃത ആരോഗ്യ ഇന്‍ഷുറന്‍സ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് ഐആര്‍ഡിഐ രൂപം നല്‍കി. പോളിസി പോര്‍ട്ട് ചെയ്യുന്നതിന് ചാര്‍ജുകളൊന്നും ഈടാക്കരുതെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രണ്ടായിരം കോടിയുടെ ആവശ്യം മുന്നില്‍ കണ്ട് കടമെടുക്കാനുള്ള നീക്കത്തില്‍ കേരളം

കേന്ദ്രത്തില്‍ നിന്നനുവദിച്ച 1276 കോടിയുടെ റവന്യു കമ്മി വിഹിതം താത്കാലിക ആശ്വാസമായെങ്കിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ കേരളം വീണ്ടും കടമെടുക്കാനുള്ള നീക്കത്തില്‍. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കിയ ശേഷം ഈ മാസം മറ്റ് ചെലവുകള്‍ക്കായി കുറഞ്ഞത് രണ്ടായിരം കോടി ആവശ്യമായതിനാലാണ് കടം വാങ്ങുന്നത്. കൊവിഡ് കാലത്ത് ഇതുവരെ 7000 കോടി കേരളം വായ്പയെടുത്തിരുന്നു.

സമൂഹ മാധ്യമങ്ങളിലെ വാക്പോര് നിയന്ത്രിക്കാന്‍ നിയമനിര്‍മാണം വേണം; ഹൈക്കോടതി

സമൂഹ മാധ്യമങ്ങളിലെ വാക്പോര് നിയന്ത്രിക്കാന്‍ നിയമനിര്‍മാണം വേണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. സമൂഹമാധ്യമങ്ങളില്‍ നിയമം അംഗീകരിക്കാത്ത സമാന്തര സമൂഹം ഉദയം ചെയ്യുന്നതായുള്ള നിരീക്ഷണം രേഖപ്പെടുത്തിയ ഉത്തരവിന്റെ പകര്‍പ്പ് ഡിജിപിയ്ക്കും ചീഫ് സെക്രട്ടറിക്കും അയക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

ആരോഗ്യ സേതു; സുരക്ഷ ഉറപ്പാക്കണമെന്ന് കേരള ഹൈക്കോടതി

ആരോഗ്യ സേതു മൊബൈല്‍ ആപ്പിലെ വിവരങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുണ്ടോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കേരള ഹൈക്കോടതി ആവശ്യപ്പെട്ടു. സ്വകാര്യത ചോരുന്നു എന്ന ആരോപണത്തിലടക്കം കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണം.ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന നിര്‍ദ്ദേശം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് നടപടി.

സര്‍വീസ് നടത്താനുള്ള തയ്യാറെടുപ്പുകളില്‍ കൊച്ചി മെട്രോ

മൂന്നാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കേ സര്‍വീസ് നടത്താനുള്ള തയ്യാറെടുപ്പുകളില്‍ കൊച്ചി മെട്രോ. ശരാശരി 175 യാത്രക്കാരെയേ അനുവദിക്കൂ. ടിക്കറ്റിങ്ങിന് കോണ്‍ടാക്ട് ലെസ് സംവിധാനം ഏര്‍പ്പെടുത്തും; പ്രധാന സ്റ്റേഷനുകളില്‍ ഡിജിറ്റല്‍ തെര്‍മല്‍ സ്‌കാനിങ്ങ് ക്യാമറയിലൂടെയാകും യാത്രക്കാരെ കടത്തിവിടുക.

ജനങ്ങള്‍ ഇതുവരെ 16 കോടി രൂപയുടെ ടിക്കറ്റ് ബുക്ക് ചെയ്തതായി ഇന്ത്യന്‍ റെയ്ല്‍വേ

പ്രത്യേക ട്രെയിനുകളിലേക്ക് 80,000 യാത്രക്കാര്‍ ഇതുവരെ 16 കോടി രൂപയുടെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്ന് ഇന്ത്യന്‍ റെയ്ല്‍വേ അറിയിച്ചു.ബുക്കിംഗ് ആരംഭിച്ചത് തിങ്കളാഴ്ച വൈകുന്നേരം 6 മണിക്കാണ്. ആദ്യ ട്രെയിന്‍ ന്യൂഡല്‍ഹി സ്റ്റേഷനില്‍ നിന്ന് മധ്യപ്രദേശിലെ ബിലാസ്പൂരിലേക്ക് ഇന്നു വൈകിട്ട് പുറപ്പെട്ടു.

ഓഹരിവിപണിയില്‍ ഇന്ന്

സെന്‍സെക്സും നിഫ്റ്റിയും ഇന്നും നഷ്ടത്തില്‍ അവസാനിപ്പിച്ചു. സെന്‍സെക്സ് 31,371.12 ലാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. 190.10 പോയ്ന്റ് (0.6 ശതമാനം) നഷ്ടം. നിഫ്റ്റിയാകട്ടെ 9200 ലെവലിലേക്ക് കടന്നതുമില്ല. 42.65 പോയ്ന്റ് ഇടിഞ്ഞ് 9196.55 ല്‍ വ്യാപാരം അവസാനിപ്പിച്ചു. 0.46 ശതമാനം ഇടിവാണ് ഇത്.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് കേരള കമ്പനികള്‍ സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു ഡസന്‍ കമ്പനികള്‍ നേരിയ തോതിലെങ്കിലും നേട്ടമുണ്ടാക്കിയപ്പോള്‍ 14 കമ്പനികള്‍ നഷ്ടമുണ്ടാക്കി. 4.60 ശതമാനം വില വര്‍ധിച്ച വെര്‍ട്ടെക്സ് സെക്യൂരിറ്റീസിന്റെ ഓഹരികളാണ് ഇന്ന് ശതമാനക്കണക്കില്‍ നേട്ടമുണ്ടാക്കിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News