ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 03, 2020

Update: 2020-06-03 14:22 GMT

ഇന്ന് കേരളത്തില്‍ 82 കോവിഡ് രോഗികള്‍

സംസ്ഥാനത്ത് 82 കോവിഡ് രോഗികള്‍ കൂടി. രോഗബാധിതരില്‍ 53 വിദേശത്തു നിന്നും 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. കാസര്‍കോട്-3, കണ്ണൂര്‍-2, കോഴിക്കോട്-7, മലപ്പുറം-11,പാലക്കാട്-5, തൃശ്ശൂര്‍-4, എറണാകുളം-5, ഇടുക്കി-9, കോട്ടയം-8, പത്തനംതിട്ട-2, ആലപ്പുഴ-7, കൊല്ലം-5, തിരുവനന്തപുരം-14 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. 24 പേര്‍ ഇന്ന് രോഗമുക്തരായി. തിരുവനന്തപുരം-6, കൊല്ലം -23, കോട്ടയം- 3, തൃശ്ശൂര്‍-1, കോഴിക്കോട് -5, കണ്ണൂര്‍-2 കാസര്‍കോട്- 4,ആലപ്പുഴ-1 എന്നിങ്ങനെയാണ് ഇതിന്റെ കണക്ക്.

ഇന്ത്യയില്‍

രോഗികള്‍ : 2,07,615 (ഇന്നലെ 198,706 )

മരണം : 5,815 (ഇന്നലെ 5,598 )

ലോകത്ത്

രോഗികള്‍: 6,378,238 (ഇന്നലെ 6,266,192)

മരണം: 380,250 (ഇന്നലെ 3,75,559)

ഓഹരി വിപണിയില്‍ ഇന്ന്

രാജ്യാന്തര വിപണിയിലെ അനുകൂല സാഹചര്യം, മണ്‍സൂണ്‍ മികച്ചതാകുമെന്ന പ്രതീക്ഷ കൂടാതെ സാഹചര്യങ്ങളെല്ലാം സാധാരണഗതിയിലേക്ക് മടങ്ങുന്നുവെന്ന തോന്നല്‍ എന്നിവ ഇന്ത്യന്‍ ഓഹരി വിപണിയെ തുണച്ചു. സെന്‍സെക്സും നിഫ്റ്റിയുമടക്കം സൂചികകളിലെല്ലാം ഈ ഉണര്‍വ് പ്രകടമായി. സെന്‍സെക്സ് 284.01 പോയ്ന്റ് ഉയര്‍ന്ന് 34109.54 പോയ്ന്റിലെത്തി. 0.84 ശതമാനം ഉയര്‍ച്ച. നിഫ്റ്റി പതിനായിരം കടന്നുവെന്ന പ്രത്യേകതയുമുണ്ട്. 82.40 പോ്ന്റ് ഉയര്‍ന്ന് 10061.50 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ മിക്കതും ഇന്ന് നേട്ടമുണ്ടാക്കി. 21 കമ്പനികളുടെ ഓഹരി വിലയില്‍ ഉയര്‍ച്ചയുണ്ടായി. അഞ്ചു കമ്പനികളുടേത് ഇടിഞ്ഞു. വെര്‍ട്ടെക്സ് സെക്യൂരിറ്റീസിന്റേ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല. നേട്ടമുണ്ടാക്കിയ കമ്പനികളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കാണ് ശതമാനക്കണക്കില്‍ മുന്നില്‍. 20 ശതമാനം വര്‍ധന. 1.13 രൂപ ഉയര്‍ന്ന് ഓഹരി വില 6.78 രൂപയിലെത്തി. വണ്ടര്‍ലാ ഹോളിഡേയ്സിന്റെ ഓഹരി വില 7.50 രൂപ ഉയര്‍ന്ന് (5.76 ശതമാനം) 137 രൂപയിലും കെഎസ്ഇയുടേത് 63.60 രൂപ ഉയര്‍ന്ന് (അഞ്ചു ശതമാനം) 1336 രൂപയിലും മുത്തൂറ്റ് കാപിറ്റലിന്റെ വില 13.75 രൂപ ഉയര്‍ന്ന് (4.99 ശതമാനം) 289.05 രൂപയിലും എത്തി.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിരക്ക്

ഒരു ഗ്രാം സ്വര്‍ണം: 4,290 രൂപ (ഇന്നലെ: 4,380 രൂപ )

ഒരു ഡോളര്‍ : 75.41 രൂപ (ഇന്നലെ: 75.15 രൂപ)

ക്രൂഡ് ഓയ്ല്‍ നിരക്ക്

WTI Crude 36.65 -0.16

Brent Crude 39.19 -0.38

Natural Gas 1.837 +0.060

മറ്റ് പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍:

ജി 7 ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കും

വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചക്കോടിയില്‍ ഇന്ത്യയും പങ്കെടുക്കും. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്ക ഇന്ത്യയെ ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കഴിഞ്ഞ ദിവസം ട്രംപ് ഫോണിലൂടെയാണ് ക്ഷണിച്ചത്. ട്രംപിന്റെ ക്ഷണം ഇന്ത്യ സ്വീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ കനത്ത നാശം വിതച്ച് നിസര്‍ഗ ചുഴലിക്കാറ്റ്

അതിശക്ത ചുഴലിക്കാറ്റായി മാറിയ നിസര്‍ഗ മുംബൈ തീരം തൊട്ടതോടെ മഹാരാഷ്ട്രയില്‍ കനത്ത ഭീതി. റായ്ഗഡിലും അലിബാഗിലും വ്യാപകനാശം.മുംബൈയില്‍ ഉയര്‍ന്ന തിരമാലയും കനത്ത മഴയും കാറ്റും അനുഭവപ്പെടുന്നു. വിമാനത്താവളം അടച്ചു. ചേരികളില്‍ വെള്ളക്കെട്ട് ആയതോടെ ജനജീവിതം ദുരിത നടുവിലായി. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കടലാക്രമണവും രൂക്ഷമാകും. കേരളത്തില്‍ പരക്കെ മഴ ലഭിക്കും.

ഇലക്ട്രോണിക് വ്യവസായ വികസനത്തിലൂടെ 20 ലക്ഷം വരെ തൊഴിലവസരങ്ങള്‍ ലക്ഷ്യം

ഇലക്ട്രോണിക് വ്യവസായ മേഖലയ്ക്കായി പ്രഖ്യാപിച്ച 50,000 കോടി രൂപയുടെ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതു കൂടുതല്‍ വിദേശ നിക്ഷേപത്തിലൂടെ വരുന്ന 5 വര്‍ഷത്തിനുള്ളില്‍ 1520 ലക്ഷം തൊഴിലവസര സൃഷ്ടി. ആഭ്യന്തര ഇലക്ട്രോണിക്സ് നിര്‍മാണരംഗത്തെ കുറവു നികത്താന്‍ ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്തെ പദ്ധതികളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. 'ലോകത്തെ മൊബൈല്‍ നിര്‍മാണത്തിന്റെ 80 ശതമാനവും കൈകാര്യം ചെയ്യുന്നത് 57 കമ്പനികളാണ്. ഇതില്‍ 5 കമ്പനികളെ തിരഞ്ഞെടുത്ത് ആനുകൂല്യങ്ങള്‍ നല്‍കുകയാണു ലക്ഷ്യം'- കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

രാജ്യത്ത് കോവിഡ് പാരമ്യത്തിലെത്തിയിട്ടില്ലെന്ന് ഐസിഎംആര്‍ വിദഗ്ധ

രാജ്യത്ത് കോവിഡ് കോവിഡ് മൂര്‍ധന്യാവസ്ഥ വരാനിരിക്കുന്നതേയുള്ളൂവെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വിദഗ്ധ ഡോ.നിവേദിത ഗുപ്ത. രോഗം ഏറ്റവും പാരമ്യത്തിലെത്തുന്നത് ജൂണ്‍, ജൂലൈ മാസങ്ങളില്‍ ആയിരിക്കുമെന്ന് നിതി ആയോഗ്, എയിംസ് എന്നിവിടങ്ങളിലെ വിദഗ്ധരും മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നു. ആകെ രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിലധികം ആയ സാഹചര്യത്തിലാണ് ഡോ. നിവേദിതയുടെ പ്രസ്താവന.

മൊത്തം കയറ്റുമതി ഏപ്രിലില്‍ 60.3 ശതമാനം ഇടിഞ്ഞു

2020 ഏപ്രിലില്‍ രാജ്യത്തുനിന്നുള്ള മൊത്തം കയറ്റുമതി 60.3 ശതമാനം ഇടിഞ്ഞു.ലോക്ഡൗണും വ്യാപാര നിയന്ത്രണങ്ങളുമാണ് ഇടിവിന് കാരണമായത്. ഏപ്രില്‍ മാസത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയ 30 പ്രധാന കയറ്റുമതി വസ്തുക്കളില്‍ ഇരുമ്പയിര്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവ മാത്രമാണ് ചരക്കുകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്നതെന്ന് കെയര്‍ റേറ്റിംഗ് നടത്തിയ പഠനത്തില്‍ പറയുന്നു. ആഭ്യന്തര ആവശ്യം ദുര്‍ബലമായ സാഹചര്യത്തിലും ഇരുമ്പയിര് കയറ്റുമതി 17.5 ശതമാനം ഉയര്‍ന്നു. ഫാര്‍മ കയറ്റുമതി 0.25 ശതമാനം വര്‍ധിച്ചു.ഇറക്കുമതി ഏപ്രിലില്‍ 58.7 ശതമാനം ഇടിഞ്ഞു.

രാജ്യത്ത് 2020 ല്‍ ഐ.ടി രംഗത്ത് ചെലവാക്കല്‍ 8.1 ശതമാനം കുറയും

കോവിഡ് -19 കാരണം ഇന്ത്യയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) ചെലവാക്കല്‍ 2020 ല്‍ 8.1 ശതമാനം കുറയാന്‍ സാധ്യതയുളളതായി ഗവേഷണ -ഉപദേശക സ്ഥാപനമായ ഗാര്‍ട്ട്നര്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാകും ഇത്. 2020 ല്‍ ആഗോള ഐടി ചെലവില്‍ 300 ബില്യണ്‍ ഡോളര്‍ കുറയുമെന്ന് ഗാര്‍ട്ട്നര്‍ കഴിഞ്ഞ മാസം പ്രവചിച്ചിരുന്നു.

സക്കര്‍ബര്‍ഗിന്റെ ട്രംപ് അനുകൂല നിലപാട്:'വെര്‍ച്വല്‍ വാക്ക് ഔട്ട്' നടത്തി ഫേസ്ബുക്ക് ജീവനക്കാര്‍

അമേരിക്കന്‍ പ്രസിഡന്റ് ഡേണള്‍ഡ് ട്രംപിന്റെ സമീപകാല പോസ്റ്റുകള്‍ സംബന്ധിച്ച കമ്പനിയുടെ നയങ്ങളില്‍ പ്രതിഷേധിച്ച് നറുകണക്കിന് ഫേസ്ബുക്ക് ജീവനക്കാര്‍ 'വെര്‍ച്വല്‍ വാക്ക് ഔട്ട്' നടത്തി. ഫേസ്ബുക്കില്‍ നിന്ന് വിട്ടു നിന്ന ജീവനക്കാര്‍ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുകയും ചെയ്തു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ബിസിനസ് 'ടു സ്റ്റാര്‍ട്ടപ്സ്' പദ്ധതിക്ക് തുടക്കമായി

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) ആവിഷ്‌കരിച്ച ബിസിനസ് ടു സ്റ്റാര്‍ട്ടപ്സ് പദ്ധതിക്ക് തുടക്കമായി. സ്റ്റാര്‍ട്ടപ്പുകള്‍ വഴി നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ബിസിനസ് തുടര്‍ച്ചയ്ക്കും പുരോഗതിക്കും വ്യവസായ സംരംഭങ്ങളെ പ്രാപ്തമാക്കുകയാണു ലക്ഷ്യം.
സ്റ്റാര്‍ട്ടപ്പുകളും വ്യവസായ സ്ഥാപനങ്ങളും തമ്മില്‍ ദൃഢ ബിസിനസ് ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ഈ പദ്ധതിയുടെ ആദ്യപടിയായി സംഘടിപ്പിച്ച റൗണ്ട് ടേബിള്‍ പ്രോഗ്രാമില്‍ ഇരുപത്തഞ്ചോളം വ്യവസായ അസോസിയേഷനുകളും പ്രമുഖ വ്യവസായങ്ങളും പങ്കെടുത്തു. അസോസിയേഷനില്‍ അംഗങ്ങളായ വ്യവസായങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് തങ്ങളുടെ പ്രശ്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് നൂതനമായ പരിഹാര മാര്‍ഗങ്ങള്‍ തേടുക എന്നതാണ് പദ്ധതിയുടെ അടുത്ത പടിയായി ചെയ്യുന്നത്. ഇതിനുള്ള വേദി തുടര്‍ന്നുള്ള ദിവസങ്ങളില്‍ കെഎസ്യുഎം ഒരുക്കും.

കേരള തീരത്ത് ട്രോളിങ് നിരോധനം ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ

ജൂണ്‍ ഒന്‍പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ കേരളതീരത്ത് ട്രോളിങ് നിരോധനം. 52 ദിവസത്തേക്കാണ് നിരോധനം. ഹാര്‍ബറുകളിലെ ഡീസല്‍ ബങ്കറുകള്‍, തീരപ്രദേശത്തെ മറ്റു ഡീസല്‍ ബങ്കുകള്‍ എന്നിവ ട്രോളിങ് നിരോധന കാലയളവില്‍ അടച്ചിടും.
ട്രോളിങ് നിരോധകാലത്തും യന്ത്രവത്കൃത ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് മത്സ്യബന്ധനത്തിന് അനുമതിയുണ്ട്. ഇവയ്ക്ക് മത്സ്യഫെഡ് ബങ്കുകളും മറ്റു തിരഞ്ഞെടുത്ത ബങ്കുകളും മുഖേന ഈ കാലയളവില്‍ ഡീസല്‍ ലഭ്യമാക്കും.ട്രോളിങ് നിരോധന കാലയളവില്‍ രാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യങ്ങളുടെ വിപണനം തടയുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ, ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്തിന്റെ പേര് 'ഭാരത്' എന്നാക്കണമെന്ന് ഹര്‍ജി; നടപടിക്കു മുതിരാതെ സുപ്രീം കോടതി

രാജ്യത്തിന്റെ പേര് 'ഇന്ത്യ' എന്നതു മാറ്റി 'ഭാരത്' എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെടുന്നതിന് സുപ്രീം കോടതി വിസമ്മതം അറിയിച്ചു. ഇത്തരത്തിലൊരു പേരുമാറ്റത്തിന് ഭരണഘടന ഭേദഗതി ചെയ്യാന്‍ കോടതിക്ക് നിര്‍ദേശം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയില്‍ ഇന്ത്യയെ ഭാരത് എന്നും വിളിക്കുന്നുണ്ട്-ആര്‍ട്ടിക്കിള്‍ 1 പരാമര്‍ശിച്ച് ചീഫ് ജസ്റ്റിസ് അറിയിച്ചു. ഹര്‍ജിക്കാരന് വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു.

കുവൈറ്റില്‍ നിന്ന് 50000 പേര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ്

കുവൈറ്റിന്റെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സൗജന്യ ടിക്കറ്റ് വാഗ്ധാനവുമായി ജസീറ എയര്‍വേയ്‌സ്. ജസീറ സര്‍വീസ് നടത്തുന്ന ഏത് രാജ്യത്തേക്കും പോകാനും 50,000 പേര്‍ക്കാണ് ടിക്കറ്റ് നല്‍കുക. മന്ത്രാലയങ്ങള്‍ തയ്യാറാക്കുന്ന ജീവനക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് വിമാന കമ്പനി ടിക്കറ്റ് നല്‍കുക. 50 ലക്ഷം ദിനാറാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഒരു കോടി രൂപയിലേറെ വരുമാനം നേടുന്ന ഇന്‍ഫോസിസ് ജീവനക്കാരുടെ എണ്ണം കൂടി

പ്രതിവര്‍ഷം ഒരു കോടി രൂപയിലേറെ വരുമാനം നേടുന്ന ഇന്‍ഫോസിസ് ജീവനക്കാരുടെ എണ്ണം മുന്‍ വര്‍ഷത്തെ 64 ല്‍ നിന്ന് 2019-20 സാമ്പത്തിക വര്‍ഷം 74 ആയി വര്‍ധിച്ചു.നിശ്ചിത തുക ശമ്പളവും സ്റ്റോക്ക് ഇന്‍സെന്റീവുകളും വേരിയബിള്‍ പേ, റിട്ടയറല്‍ ആനുകൂല്യങ്ങള്‍ എന്നിവയും ചേരുന്നതിനാലാണ് കോടിപതികളുടെ എണ്ണം ഉയര്‍ന്നത്. വൈസ് പ്രസിഡന്റ് പദവിക്കും അതിനു മുകളിലും വരുന്നവരാണിവര്‍.

സൂക്ഷ്മ വായ്പകള്‍ക്കുള്ള പ്രത്യേക വിഭാഗവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ഗ്രാമങ്ങളിലും അര്‍ദ്ധ നഗരങ്ങളിലും എംഎസ്എംഇ, ചെറുകിട കാര്‍ഷിക മേഖലാ വായ്പകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രത്യേക വിഭാഗം ആരംഭിച്ചു. രാജ്യ വ്യാപകമായി എണ്ണായിരത്തിലേറെ ഗ്രാമീണ, ചെറുപട്ടണ ശാഖകളിലൂടെ ഇതുമായി ബന്ധപ്പെട്ട സൂക്ഷ്മ വായ്പകള്‍ നല്‍കുകയാണ് പുതിയ എഫ്ഐ ആന്‍ഡ് എംഎം ( ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ആന്‍ഡ് മൈക്രോ മാര്‍ക്കറ്റ്്) വിഭാഗത്തിന്റെ ലക്ഷ്യം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News