ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 21, 2020

നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ റെക്കോര്‍ഡ് നേട്ടം. ജിഡിപി വളര്‍ച്ചയുടെ കാര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ 11 ാം സ്ഥാനത്ത് ആകും ഇന്ത്യ. ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. നേട്ടത്തില്‍ ക്ലോസ് ചെയ്ത് ഓഹരി വിപണി. ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍

Update: 2020-10-21 16:08 GMT

നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ റെക്കോര്‍ഡ് നേട്ടം

നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ (എഫ്ഡിഐ) പുതിയ ഉയരങ്ങളില്‍ ഇന്ത്യ. സാമ്പത്തിക വര്‍ഷത്തെ ആദ്യ അഞ്ചു മാസങ്ങളിലെ കണക്കില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് ഈ സാമ്പത്തിക വര്‍ഷം രാജ്യം നേടിയിരിക്കുന്നതെന്ന് വ്യവസായ വാണിജ്യ വകുപ്പ് അറിയിച്ചു. 35.73 ബില്യണ്‍ ഡോളറാണ് (ഏകദേശം 2.63 ലക്ഷം കോടി രൂപ) ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ഇന്ത്യയിലെത്തിയ നിക്ഷേപം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായതിനേക്കാള്‍ 13 ശതമാനം കൂടുതല്‍. ആഗോള നിക്ഷേപകര്‍ക്കിടയില്‍ ഇന്ത്യ നിക്ഷേപിക്കാന്‍ പറ്റിയ ഇടമായി സ്വീകരിക്കപ്പെടുന്നതിനുള്ള തെളിവാണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ജിഡിപി വളര്‍ച്ച:ബംഗ്ലാദേശിനും പാക്കിസ്ഥാനും പിന്നില്‍ 11ാം സ്ഥാനത്താകും ഇന്ത്യ

ജിഡിപി വളര്‍ച്ചയുടെ കാര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം ഏഷ്യന്‍ രാജ്യങ്ങളില്‍ 11 ാം സ്ഥാനത്ത് ആകും ഇന്ത്യയെന്ന് ഐഎംഎഫ്.  ചൈനയുടെ വളര്‍ച്ച മൂന്നാം പാദത്തില്‍ 4.9 ശതമാനം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മറ്റു ഏഷ്യന്‍ രാജ്യങ്ങളുടെ ജിഡിപി വളര്‍ച്ചയും സാമ്പത്തിക ശാസ്ത്രജ്ഞര്‍ പ്രവചിച്ചത്. കോവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് സാമ്പത്തിക വളര്‍ച്ച എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും മോശം അവസ്ഥയില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയായിരിക്കുമെന്നും ചൈനയും ബംഗ്ലാദേശുമാകും വീണ്ടെടുപ്പില്‍ ഏഷ്യന്‍ മേഖലയെ നയിക്കുകയെന്നും ഐഎംഎഫ് വിലയിരുത്തുന്നു.

ഈ വര്‍ഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച 10.3 ശതമാനം കുറയുമെന്നാണ് കണക്കാക്കുന്നത്. ബംഗ്ളാദേശ് (3.8 ശതമാനം), ചൈന (1.9 ശതമാനം), വിയറ്റ്നാം (1.6 ശതമാനം) എന്നീ രാജ്യങ്ങളുടെ ജിഡിപി വര്‍ധിക്കുമ്പോള്‍ നേപ്പാളിന്റെ ജിഡിപി മാറ്റമില്ലാതെ തുടരും. പാകിസ്ഥാന്‍ (0.4 ശതമാനം), ഇന്തോനേഷ്യ (1.5 ശതമാനം), ശ്രീലങ്ക (4.6 ശതമാനം), അഫ്ഗാനിസ്ഥാന്‍ (5 ശതമാനം), മലേഷ്യ (6 ശതമാനം), തായ്ലന്‍ഡ് (7.1 ശതമാനം) എന്നിവയുടേത് കുറയും. ഈ രാജ്യങ്ങളില്‍ ഏറ്റവും വലിയ തിരിച്ചടി നേരിടുക ഇന്ത്യയുടെ സമ്പദ് രംഗത്തിനാവും.

ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കൊവിഡ് വ്യാപാനം രൂക്ഷമാകുന്ന നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു.  ബാങ്കിംഗ് സമയം ക്രമീകരിച്ച വിവരം സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി വ്യക്തമാക്കി. സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്കാണ് സേവനം ലഭിക്കുന്ന സമയം പുതുക്കി നിശ്ചയിച്ചിരിയ്ക്കുന്നത്.

ബാങ്ക് അക്കൗണ്ട് നമ്പറുകളുടെ അടിസ്ഥാനത്തിലാണ് ഉപഭോക്താക്കള്‍ വിവിധ സേവനങ്ങള്‍ക്കായി ബാങ്കിലെത്തേണ്ട സമയ ക്രമം നല്‍കുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ അവസാനിയ്ക്കുന്നത് ഒന്ന് മുതല്‍ അഞ്ചു വരെയുള്ള അക്കങ്ങളിലാണെങ്കില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് സമയം നിങ്ങള്‍ക്ക് ബാങ്കുകളിലെത്താം.

പൂജ്യത്തിലും ആറു മുതല്‍ ഒന്‍പത് വരെയുള്ള അക്കങ്ങളിലും അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് 1 മുതല്‍ വൈകിട്ട് നാലു വരെയാണ് സമയം അനുവദിക്കുക. അതാത് ബ്രാഞ്ചുമായി വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

30 ലക്ഷം ജീവനക്കാര്‍ക്ക് 3737 കോടി ബോണസ്

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 3737 കോടി രൂപയുടെ ഉത്സവകാല ബോണസ് അനുവദിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ അനുമതി. കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് മാധ്യമങ്ങളോട് വിശദീകരിച്ചത്. 30 ലക്ഷം വരുന്ന നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്കാരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. ഈ തുക വിപണിയിലെത്തുന്നതോടെ ഉപഭോഗനിരക്ക് വര്‍ധിക്കുമെന്ന് കേന്ദ്രമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ബോണസ് തുക ഒറ്റ തവണയായി ഡയറക്റ്റ് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ മുഖേന വിജയദശമിക്ക് മുമ്പായി ജീവനക്കാരുടെ എക്കൗണ്ടില്‍ എത്തും.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇനി പിടിക്കില്ല

കേരള സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇനി പിടിക്കില്ലെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നേരത്തെ പിടിച്ച ശമ്പളം അടുത്തമാസം മുതല്‍ തിരികെ നല്‍കാനും തീരുമാനമായി. ഇതു സംബന്ധിച്ച് ധനകാര്യവകുപ്പിന്റെ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 20 ശതമാനം പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. നേരത്തെ പിടിച്ച ശമ്പളം പിഎഫില്‍ ലയിപ്പിക്കും.

ഭവന വായ്പ കാല്‍ശതമാനം കൂടി പലിശ വെട്ടിക്കുറച്ച് എസ്ബിഐ

ഭവന വായ്പ നിരക്കില്‍ 25 ബേസിസ് പോയിന്റ് (ബിപിഎസ്) വരെ ഇളവ് പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതോടെ എസ്ബിഐയുടെ ഉപഭോക്താക്കള്‍ക്ക് 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭവനവായ്പയ്ക്ക് 25 ബിപിഎസ് പലിശ ഇളവ് ലഭിക്കുന്നതാണ്. വായ്പാദാതാക്കളുടെ ഡിജിറ്റല്‍ വായ്പ പ്ലാറ്റ്‌ഫോമായ യോനോ വഴി അപേക്ഷിക്കുയാണെങ്കില്‍, ഉപയോക്താക്കളുടെ സിബില്‍ സ്‌കോര്‍ അടിസ്ഥാനമാക്കിയാവും ഈ ഇളവ് ലഭിക്കുക. അടുത്തിടെ പ്രഖ്യാപിച്ച ഉത്സവ ഓഫറുകളുടെ വിപുലീകരണത്തില്‍, ബാങ്ക് 10 ബിപിഎസില്‍ നിന്ന് 20 ബിപിഎസ് വരെ ക്രെഡിറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയുള്ള ഇളവ് വാഗ്ദാനം ചെയ്യുന്നു. രാജ്യത്തൊട്ടാകെയുള്ള 30 ലക്ഷം മുതല്‍ രണ്ട് കോടി രൂപ വരെയുള്ള ഭവനവായ്പയ്ക്കാവും ഇത് ബാധകമായിരിക്കുക. എട്ട് മെട്രോ നഗരങ്ങളിലായി മൂന്ന് കോടി രൂപ വരെയുള്ള വായ്പയെടുത്ത ഭവന വായ്പ ഉപഭോക്താക്കള്‍ക്കും ഇതേ ഇളവ് ബാധകമായിരിക്കുമെന്ന് ബാങ്ക് അറിയിച്ചു.

ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നേട്ടത്തില്‍ സൂചികകള്‍; സെന്‍സെക്‌സ് 162 പോയ്ന്റ് ഉയര്‍ന്നു

ഒരു ദിനം നീണ്ട ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. അമേരിക്കന്‍ തെരഞ്ഞെടുപ്പിനു മുമ്പായി ഉത്തേജക പാക്കേജ് ഉണ്ടാകുമെന്ന സൂചന ഏഷ്യന്‍ വിപണികളില്‍ മുന്നേറ്റമുണ്ടാക്കിയെങ്കിലും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചില്ല. സെന്‍സെക്‌സ് 162.94 പോയ്ന്റ് ഉയര്‍ന്ന് 40,707.31 ലും നിഫ്റ്റി 40.90 പോയ്ന്റ് ഉയര്‍ന്ന് 11937.70 ലും ക്ലോസ് ചെയ്തു. വ്യാപാരം തുടങ്ങിയപ്പോള്‍ വിപണി പോസിറ്റീവ് ട്രെന്‍ഡ് കാണിച്ചെങ്കിലും വന്‍കിട ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദമുണ്ടായതോടെ താഴേക്ക് പോകുകയായിരുന്നു. 1345 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 1269 ഓഹരി വിലകള്‍ താഴ്ന്നു. 165 ഓഹരികളുടെ വിലയില്‍ മാറ്റമില്ല. പവര്‍ ഗ്രിഡ് കോര്‍പ്, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഗെയ്ല്‍ എന്നിവയാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയ ഓഹരികള്‍.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനി ഓഹരികളില്‍ എട്ടെണ്ണമൊഴികെ എല്ലാം ഇന്ന് നേട്ടത്തിലായിരുന്നു. എഫ്എസിടി(9.73 ശതമാനം), ഇന്‍ഡിട്രേഡ്(8.28),അപ്പോളോ ടയേഴ്‌സ്(7.02 ശതമാനം) ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി. ബാങ്ക് ഓഹരികളില്‍ ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും നേരിയ നേട്ടത്തോടെ ഗ്രീന്‍ സോണില്‍ നിന്നു. മണപ്പുറം, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ഓഹരികളും നേട്ടമുണ്ടാക്കി. ഏവിടി, കൊച്ചിന്‍ മിനറല്‍സ്, ജിയോജിത്, ഹാരിസണ്‍സ് മലയാളം, നിറ്റ ജെലാറ്റിന്‍ എന്നിവയാണ് ഇന്ന് നഷ്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

കമ്മോഡിറ്റി വിലകള്‍ (21-10-2020)

കുരുമുളക്

ഗാര്‍ബ്ള്‍ഡ്: 342/kg

അണ്‍ഗാര്‍ബ്ള്‍ഡ് : 322/kg

ഏലം : 1490.00

Rubber   Kottayam (100kg)

ഗ്രേഡ് 4- 14,400
ഗ്രേഡ് 5 - 14,000

Rubber   Kochi

ഗ്രേഡ് 4- 14,400
ഗ്രേഡ് 5- 14,000

സ്വര്‍ണം (ഒരു ഗ്രാം): 4705

ഇന്നലെ :  4670

വെള്ളി (ഒരു ഗ്രാം): 63.50

ഇന്നലെ : 62.00

മറ്റ് പ്രധാന വാര്‍ത്തകള്‍ :

വാട്സാപ്പ് വെബില്‍  വീഡിയോ, ഓഡിയോ കോളിങ് സൗകര്യം അവതരിപ്പിക്കും

വാട്‌സാപ്പ് വെബ് ഉപയോഗിക്കുന്നവര്‍ക്ക് ഓഡിയോ , വീഡിയോ , ഗ്രൂപ്പ് കോളിംഗ് സംവിധാനം വരുമെന്ന് റിപ്പോര്‍ട്ട്്. വാബീറ്റാ ഇന്‍ഫോയാണ് വാട്സാപ്പ് ഇങ്ങനെ ഒരു ഫീച്ചര്‍ പരീക്ഷിക്കുന്നുണ്ടെന്ന വിവരം പുറത്തുവിട്ടത്. വാട്സാപ്പിന്റെ 2.2043.7 ബീറ്റാ അപ്ഡേറ്റിലാണ് വീഡിയോ ഓഡിയോ കോളിങ് സൗകര്യമുള്ളത്. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഈ സൗകര്യം ലഭ്യമാക്കിയേക്കുമെന്നും വാബീറ്റാ ഇന്‍ഫോ പറയുന്നു.

ഗൂഗ്‌ളിനെതിരെ ശക്തമായ നടപടികളുമായി അമേരിക്ക

വിശ്വാസ വഞ്ചനാകുറ്റമാരോപിച്ച് ഗൂഗ്‌ളിനെ കോടതി കയറ്റാനൊരുങ്ങി ഗൂഗ്ള്‍. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ഗൂഗ്ള്‍ അമേരിക്ക പോലുള്ള വന്‍ നെറ്റ് വര്‍ക്ക് വിട്ട് അതിര്‍ത്തി കടക്കേണ്ടി വരുമെന്നാണ് ചര്‍ച്ചകള്‍. സര്‍ക്കാരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതും അനേവഷണം മുറുക്കിയിട്ടുള്ളതും. അറ്റോര്‍ണി ജനറല്‍ ബില്‍ ബാറിന്റെ കീഴിലുള്ള ടീമാണ് ഇതിനു പിന്നില്‍ അന്വേഷണം നടത്തുന്നത്. സര്‍ക്കാരിന്റെ ആരോപണങ്ങളില്‍ പറയുന്നത് അമേരിക്കയിലെ ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിന്‍ ആയ ഗൂഗ്ള്‍ തങ്ങളുടെ സേര്‍ച്ചിന്റെ ഗുണനിലവാരം വച്ചല്ല ഗൂഗിള്‍ തങ്ങളുടെ എതിരാളികളെ പിന്നിലാക്കിയത് എന്നാണ്. സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ക്കു കാശുകൊടുത്താണ് തങ്ങളുടെ മേല്‍ക്കോയ്മ നിലനിര്‍ത്തിയത് എന്നാണ് ഒരു കണ്ടെത്തല്‍. ബില്ല്യന്‍ കണക്കിനു ഡോളര്‍ ആപ്പിള്‍, സാംസംഗ്തുടങ്ങിയ കമ്പനികള്‍ക്കു നല്‍കിയാണ് അവരുടെ ബ്രൗസറുകളില്‍ ഡീഫോള്‍ട്ട് സേര്‍ച്ച് എന്‍ജിനായി ഗൂഗിള്‍ കയറിക്കൂടിയിരിക്കുന്നത് എന്നും തെളിവ് കണ്ടെത്തിയതായി അന്വേഷണ ടീം വ്യക്തമാക്കുന്നു. ഇത് ഗൂഗ്‌ളിന് വന്‍ കുരുക്കായേക്കും.

ദുബായ് ഡ്യൂട്ടി ഫ്രീ സമ്മാനം വീണ്ടും മലയാളിക്ക്

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളിക്ക് ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം ഡോളര്‍) സമ്മാനം. ദുബായില്‍ ജോലി ചെയ്യുന്ന അനൂപ് പിള്ള(46)യാണ് ഇന്ന് നടന്ന 341 സീരീസ് നറുക്കെടുപ്പിലൂടെ കോടീശ്വരനായത്. 4512 ആണ് വിജയനമ്പര്‍.


കോവിഡ് അപ്ഡേറ്റ്സ് (21-10-2020)

കേരളത്തില്‍ ഇന്ന് :

രോഗികള്‍: 8369 ,  ഇന്നലെ :6591

മരണം : 26, ഇന്നലെ : 24

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 7,651,107 , ഇന്നലെ വരെ : 7,597,063

മരണം : 115,914 , ഇന്നലെ വരെ : 115,197

ലോകത്ത് ഇതുവരെ:

രോഗികള്‍: 40,729,251 ,  ഇന്നലെ വരെ : 40,348,737

മരണം : 1,124,027 ,  ഇന്നലെ വരെ : 1,117,572

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News