ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 26, 2020

Update: 2020-09-26 14:47 GMT

ലൈഫ് മിഷന്‍ കേസ്; മുഖ്യമന്ത്രിയുടെയും തദ്ദേശമന്ത്രിയുടെയും മൊഴിയെടുക്കും

ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുടെ മറവില്‍ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ച കേസില്‍ സിബിഐ മുഖ്യമന്ത്രിയുടെയും തദ്ദേശമന്ത്രിയുടെയും മൊഴിയെടുക്കും. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്ത ശേഷമായിരിക്കും മൊഴിയെടുക്കല്‍. വിദേശത്തുനിന്ന് സഹായം സ്വീകരിച്ചത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയ സ്ഥിതിക്കു പ്രാഥമിക നിഗമനത്തില്‍ തന്നെ കുറ്റം നടന്നെന്നു വ്യക്തമായി കഴിഞ്ഞതായി നിയമവിദഗ്ധര്‍ വ്യക്തമാക്കി.

1997 ന് ശേഷമുള്ള ഏറ്റവും മോശം ഇടിവില്‍ ആഗോള ജിഡിപി

കോവിഡ് പ്രതിസന്ധി മൂലം ആഗോള മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2020 രണ്ടാം പാദത്തില്‍ 7.2 ശതമാനം ചുരുങ്ങിയതായി മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ റിപ്പോര്‍ട്ട്. 1997 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇത്. 39 രാജ്യങ്ങളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ലോക സമ്പദ്വ്യവസ്ഥയുടെ 86 ശതമാനം, വികസിത സമ്പദ്വ്യവസ്ഥയുടെ 94 ശതമാനം, വികസ്വര സമ്പദ്വ്യവസ്ഥയുടെ 73 ശതമാനം ഉള്‍പ്പെടുന്ന 19 യൂറോ ഏരിയ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.വികസിത സമ്പദ്വ്യവസ്ഥയിലെ യഥാര്‍ത്ഥ ജിഡിപി 11 ശതമാനവും ചൈനയൊഴികെ ഇ & ഡിഇകളില്‍ 14 ശതമാനവും ചുരുങ്ങി. വാസ്തവത്തില്‍, 39 രാജ്യങ്ങളുടെ സാമ്പിളില്‍ ചൈന മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയ ഏക രാജ്യം. തായ്വാനില്‍ പ്രതിവര്‍ഷം 0.2 ശതമാനം മാത്രമാണ് ഇടിവ് രേഖപ്പെടുത്തിയത്.

ഇന്ത്യയുടെ ജിഡിപി റെക്കോര്‍ഡ് ഇടിവ് നേരിടുമെന്ന് എസ്&പി

കോവിഡ് വ്യാപനം രൂക്ഷമാകുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം നിരയിലാണ്. ഇത് ആകെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചിരിക്കുന്നതായി എസ്& പി. 2021 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജിഡിപി റെക്കോര്‍ഡ് ഇടിവ് നേരിടേണ്ടി വരുമെന്ന് എസ് & പി പ്രവചനം. സാമ്പത്തിക നില ദുര്‍ബലമാകുന്നത് സര്‍ക്കാരിനെ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനുള്ള കഴിവ് തടസ്സപ്പെടുത്തുമെന്ന് എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ് വെള്ളിയാഴ്ച അറിയിച്ചു. 2021 സാമ്പത്തിക വര്‍ഷം ജിഡിപ് 9 ശതമാനമായി ചുരുങ്ങുമെന്നാണ് എസ് & പി പറയുന്നത്.

യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ 127 കോടി രൂപയുടെ ഫ്ളാറ്റ് കണ്ടുകെട്ടി

യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ 127 കോടി രൂപ വിലമതിക്കുന്ന അപ്പാര്‍ട്ട്മെന്റ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയതായി റിപ്പോര്‍ട്ട്. ലണ്ടനിലെ 77 സൗത്ത് ഓഡ്‌ലി സ്ട്രീറ്റിലെ അപ്പാര്‍ട്ട്മെന്റിന് 13.5 മില്യണ്‍ പൗണ്ട് വിപണി മൂല്യമാണ് കണക്കാക്കുന്നത്. ഡൊയിറ്റ് ക്രിയേഷന്‍സ് ജേഴ്സി ലിമിറ്റഡിന്റെ പേരില്‍ കപൂര്‍ 2017 ല്‍ 9.9 ദശലക്ഷം പൗണ്ടിന് അല്ലെങ്കില്‍ 93 കോടി രൂപയ്ക്ക് വസ്തു വാങ്ങിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. ഇപ്പോള്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന റാണ കപൂര്‍ 4,300 കോടി രൂപയുടെ അഴിമതി ആരോപണത്തില്‍ മാര്‍ച്ച് ആദ്യമാണ് അറസ്റ്റിലായത്. കൊറോണ വൈറസ് ലോക്ക്ഡൌണിന് മുമ്പ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓരോ യെസ് ബാങ്ക് ഉപയോക്താക്കള്‍ക്കും ഒരു മാസത്തേക്ക് 50,000 രൂപ വരെ ഇടപാട് പരിധി നിശ്ചയിച്ചിരുന്നപ്പോഴായിരുന്നു അറസ്റ്റ്. വന്‍കിട കമ്പനികള്‍ വലിയ തുക വായ്പയെടുത്തതിനെത്തുടര്‍ന്ന് സ്വകാര്യ ബാങ്കിന് കടം വീട്ടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഇടപെടുകയായിരുന്നു.

ഇന്ത്യയോടുള്ള ഐക്യരാഷ്ട്ര സഭയുടെ സമീപനത്തെ വിമര്‍ശിച്ച് മോദി

നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സമിതിയില്‍ നിന്ന് ഇന്ത്യയെ ഐക്യരാഷ്ട്ര സഭ എത്രകാലം പുറത്ത് നിര്‍ത്താനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുന്ന വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം ഇന്ത്യയുടെ ഉന്നമനത്തെക്കുറിച്ചും ഐക്യരാഷ്ട്ര സഭയുടെ സമീപനത്തെക്കുറിച്ചും ശബ്ദമുയര്‍ത്തിയത്. ഐക്യരാഷ്ട്ര സഭയില്‍ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും മോദി വ്യക്തമാക്കി. ദുര്‍ബലരായിരുന്ന കാലത്ത് ഞങ്ങള്‍ ലോകത്തെ ബുദ്ധിമുട്ടിച്ചിട്ടില്ല. ശക്തരായപ്പോള്‍ ഞങ്ങള്‍ ഭീഷണിയും ഉയര്‍ത്തിയില്ല. ഒരു രാജ്യത്തിന് എത്രകാലം കാത്തിരിക്കേണ്ടി വരും. പ്രത്യേകിച്ച് ആ രാജ്യത്തുണ്ടാകുന്ന മാറ്റങ്ങള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളെ വലിയ തോതില്‍ ബാധിക്കുമ്പോള്‍- മോദി വിശദമാക്കി. കോവിഡ് കാലത്ത് പോലും ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ 150 ലേറെ രാജ്യങ്ങളിലേക്ക് അവശ്യ മരുന്നുകള്‍ അയച്ചു. ഇന്ത്യയുടെ വാക്സിന്‍ ഉത്പാദനവും വിതരണക്ഷമതയും ഈ അപകടസന്ധിയില്‍ മാനവികതയെ സഹായിക്കാന്‍ ഉപയോഗപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വര്‍ണക്കള്ളക്കടത്തു കേസ് തിരിച്ചറിവായി;  നിയമനത്തെക്കുറിച്ച് പഠിക്കാന്‍ കമ്മിറ്റി

സംസ്ഥാനത്തെ ഇലക്ട്രോണിക്‌സ് ഐടി വകുപ്പിലെ കരാര്‍ നിയമനങ്ങളെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചു. സ്വര്‍ണക്കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചതടക്കം കരാര്‍ നിയമനങ്ങള്‍ പഠിക്കാനാണ് പുതിയ കമ്മിറ്റി. ഐടി സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി, നിശ്ചിത ഇടവേളകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ ജോലിയിലെ പ്രകടനം പരിശോധിക്കും. കരാര്‍ നീട്ടുന്നത് കമ്മിറ്റിയുടെ ശുപാര്‍ശയുണ്ടെങ്കിലേ സാധ്യമാകൂ. ജീവനക്കാരുടെ കരാര്‍ നീട്ടാനായി സ്ഥാപനത്തിന്റെ മേലധികാരികള്‍ ബോര്‍ഡ് ഓഫ് ഡയറക്‌റ്റേഴ്‌സിന്റെ തീരുമാനം ഉള്‍പ്പെടുത്തി കമ്മിറ്റിക്കു റിപ്പോര്‍ട്ട് നല്‍കണം. കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവര്‍ സ്ഥാപനവുമായി ഔദ്യോഗിക കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നു നിയമന സമയത്തും കരാര്‍ പുതുക്കുമ്പോഴും ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തുകയും ചെയ്യും.

കമ്മോഡിറ്റിയുടെ ഈടിന്മേല്‍ ഓണ്‍ലൈന്‍ വായ്പയുമായി എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൊബൈല്‍ ആപ്പ്

എച്ച്ഡിഎഫ്സി വെയര്‍ഹൗസ് കമ്മോഡിറ്റി ഫിനാനാന്‍സ് ആപ്പ് പുറത്തിറക്കി. ബാങ്കിന്റെ ശാഖയിലെത്താതെ ഓണ്‍ലൈന്‍വഴി കമ്മോഡിറ്റികള്‍ പണയം വെച്ച് വായ്പയെടുക്കാനുള്ള സൗകര്യമാണ് ആപ്പ് നല്‍കുന്നത്. ആദ്യമായാണ് കമ്മോഡിറ്റികള്‍ പണയം വച്ച് ഓണ്‍ലൈന്‍ വഴി വായ്പയെടുക്കുന്ന സംവിധാനം ഒരു ബാങ്ക് ഒരുക്കുന്നത്. കച്ചവടക്കാര്‍ക്കും കര്‍ഷകര്‍ക്കും ഗുണം ലഭിക്കും.

20000 കോടിയുടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നു

20,000 കോടി രൂപയുടെ ചൈനീസ് ഉല്‍പന്നങ്ങള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ ക്ലിയറന്‍സ് കാത്ത് കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇലക്ട്രോണിക്‌സ്, - ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഗിഫ്റ്റുകള്‍, പാദരക്ഷകള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിവയാണ് ഇതിലധികവും. കഴിഞ്ഞവര്‍ഷം നവംബര്‍ മുതല്‍ ഡിസംബര്‍ വരെ ഓര്‍ഡര്‍ നല്‍കിയ ഉത്പന്നങ്ങളാണ് ഇപ്പോള്‍ തുറമുഖങ്ങളിലെത്തി കാത്തുകിടക്കുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖാണ്ഡേല്‍വാള്‍ പറഞ്ഞു. ജനുവരി മുതല്‍ ഫെബ്രുവരി വരെ ചൈനീസ് അതിര്‍ത്തികള്‍ അടച്ചിരുന്നു. അതിനുശേഷം ഇന്ത്യയില്‍ ലോക്ഡൗണ്‍ തുടങ്ങി. ഇതോടെ ഇറക്കുമതി ചെയ്യാന്‍ കഴിയാതെ വന്നു.

കോവിഡ് അപ്‌ഡേറ്റ്‌സ്

കേരളത്തില്‍ ഇന്ന് :

രോഗികള്‍ 7006
മരണം : 21

കേരളത്തില്‍ ഇതുവരെ:

രോഗികള്‍:  167, 939 , ഇന്നലെ വരെ : 1,60,933
മരണം : 656, ഇന്നലെ വരെ:  635

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 5,903,932  , ഇന്നലെ വരെ :   5,818,570

മരണം :   93,379,  ഇന്നലെ വരെ :  92,290

ലോകത്ത് ഇതുവരെ:

രോഗികള്‍: 32,476,713, ഇന്നലെ വരെ : 32,141,225

മരണം : 987,775, ഇന്നലെ വരെ : 981,808

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News