ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 10, 2020

Update: 2020-08-10 16:06 GMT

കൊറോണ അപ്‌ഡേറ്റ്‌സ്

ഇന്ന് കേരളത്തില്‍

കേരളത്തില്‍ ഇന്ന് 1184 പേര്‍ക്ക് കൂടി കോവിഡ്. (ഓഗസ്റ്റ് ഏഴിന്: 1251) 12,737 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 2,215,074(ഓഗസ്റ്റ് ഏഴ് വരെയുള്ള കണക്ക്: 2,027,074)

മരണം : 44,386 (ഓഗസ്റ്റ് ഏഴ് വരെയുള്ള കണക്ക്: 41,585 )

ലോകത്ത് ഇതുവരെ

രോഗികള്‍: 19,861,683 (ഓഗസ്റ്റ് ഏഴ് വരെയുള്ള കണക്ക്: 19,089,364 )

മരണം: 731,326 (ഓഗസ്റ്റ് ഏഴ് വരെയുള്ള കണക്ക്: 714,744 )

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 5252 രൂപ (ഇന്നലെ 5251 രൂപ )

ഒരു ഡോളര്‍: 74.92രൂപ (ഇന്നലെ: 74.88 രൂപ )

ഓഹരി വിപണിയില്‍ ഇന്ന്

ഫാര്‍മ ഓഹരികളില്‍ മികച്ച വാങ്ങല്‍ ദൃശ്യമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 141.51 പോയ്ന്റ് ഉയര്‍ന്ന് 38,182.08 ലും നിഫ്റ്റി 56.10 പോയ്ന്റ് ഉയര്‍ന്ന് 11270 ലുമാണ് ക്ലോസ് ചെയതത്. അഞ്ചു ശതമാനത്തിലധികം വില ഉയര്‍ന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരികളാണ് ഇന്നത്തെ ടോപ് ഗെയ്‌നര്‍. എല്‍ ആന്‍ഡ് ടി, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, എന്‍ടിപിസി എന്നിവയാണ് വില വര്‍ധിച്ച മറ്റ് ഓഹരികള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് , ഏഷ്യന്‍ പെയ്ന്റ്‌സ്, മാരുതി സുസുക്കി എന്നിവ ഇന്ന് നഷ്ടമുണ്ടാക്കി.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളുടെ ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് നഷ്ടത്തിലായിരുന്നു. അഞ്ച് ശതമാനത്തിലധികം വില ഉയര്‍ന്ന കെഎസ്ഇ ഓഹരികളാണ് ഇന്ന് കേരള കമ്പനികളില്‍ മുന്നില്‍. അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡിഎം, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, റബ്ഫില തുടങ്ങിയ ഓഹരികള്‍ മൂന്നു ശതമാനത്തിലധികം നേട്ടത്തോടെ മികച്ചു നിന്നു. ബാങ്കുകളെടുത്താല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഒഴിയുള്ളവയെല്ലാം ഇന്ന് വിലയിടിവ് രേഖപ്പെടുത്തി. എന്‍ബിഎഫ്‌സികളില്‍ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് മാത്രമാണ് ഗ്രീന്‍ സോണില്‍ നിന്നത്. ഹാരിസണ്‍സ് മലയാളം, പാറ്റ്‌സിപിന്‍ ഇന്ത്യ, വെര്‍ട്ടെക്‌സ്, വണ്ടര്‍ലാ എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

ക്രൂഡ് ഓയ്ല്‍ നിലവാരം

WTI Crude41.83+0.61
Brent Crude44.85+0.45
Natural Gas2.260+0.022

മറ്റ് ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍ :

ഇന്ത്യയിലേക്കുള്ള ചൈനീസ് കയറ്റുമതിയില്‍ 24.7 ശതമാനം ഇടിവ്

2020 ജനുവരി മുതല്‍ ഇന്ത്യയിലേക്കുള്ള ചൈനയുടെ കയറ്റുമതി, വാര്‍ഷിക അടിസ്ഥാനത്തില്‍ 24.7 ശതമാനം ഇടിഞ്ഞ് 32.28 ഡോളറിലെത്തി. ഗാല്‍വാനിലെ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ രാജ്യത്തുടനീളം കുത്തനെ വര്‍ധിച്ചതിനെത്തുടര്‍ന്നാണിത്. എന്നാല്‍, മറുഭാഗത്ത് ഇന്ത്യയില്‍ നിന്നുള്ള ചൈനയുടെ ഇറക്കുമതി ഈ വര്‍ഷം ജനുവരി മുതല്‍ 6.7 ശതമാനം ഉയര്‍ന്ന് 11.09 ബില്യണ്‍ ഡോളറിലെത്തി. ഇതോടെ 2020 -ന്റെ ആരംഭത്തില്‍ ഇന്ത്യയുമായുള്ള മൊത്ത വ്യാപാരം 18.6 ശതമാനം ഇടിഞ്ഞ് 43.47 ബില്യണ്‍ ഡോളറായി.

ടിക് ടോക്ക്, ട്വിറ്റര്‍ ലയന നീക്കമെന്ന് റിപ്പോര്‍ട്ട്

ട്രംപ് ഭരണകൂടം ദേശീയ സുരക്ഷാ ഭീഷണി പ്രഖ്യാപിച്ച ചൈനീസ് ഉടമസ്ഥതയിലുള്ള വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കുമായി ട്വിറ്റര്‍ ഇന്‍കോര്‍പ്പറേഷന്‍ ലയിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇരു കമ്പനികളും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് വിവരം. എന്നാല്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ പോലുള്ള വമ്പന്മാര്‍ ടിക് ടോക്കിനെ വാങ്ങാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന കരാറില്‍ ട്വിറ്റര്‍ ഒപ്പിടുമോ എന്ന കാര്യം വ്യക്തമല്ല.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിനുള്ള നീക്കവുമായി പതഞ്ജലി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് കമ്പനിയായ വിവോ പിന്മാറിയതോടെ ബാബാ രാംദേവിന്റെ പതഞ്ജലി രംഗത്ത്. ആഗോള തലത്തില്‍ പതഞ്ജലി ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാനുള്ള അവസരമാണിതെന്നും ഐപിഎലിന്റെ കാര്യം പരിഗണിച്ചുവരികയാണെന്നും പതഞ്ജലി വ്യക്തമാക്കി. ബിസിസിഐയ്ക്കു മുന്നില്‍ ഇതുസംബന്ധിച്ച് പ്രൊപ്പോസല്‍ വെയ്ക്കുന്ന കാര്യവും കമ്പനിയുടെ പരിഗണനയിലാണ്.

തടസമില്ലാതെ 24 മണിക്കൂറും വൈദ്യുതി ലഭ്യത നിയമാനുസൃതം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

തടസമില്ലാതെ 24 മണിക്കൂറും വൈദ്യുതി ലഭിക്കുക എന്നത് ഉപഭോക്താവിന്റെ അവകാശമാണെന്ന തരത്തില്‍ ചട്ടങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വൈദ്യുതി വിതരണം തടസപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കുന്ന തരത്തിലാവും പുതിയ വ്യവസ്ഥകള്‍. കേന്ദ്ര ഊര്‍ജ മന്ത്രാലയം അന്തിമ രൂപംനല്‍കിയ പുതിയ താരിഫ് നയത്തിലാണ് ഇതു സംബന്ധിച്ച് വൈദ്യുതി വിതരണ കമ്പനികള്‍ക്കും സംസ്ഥാനങ്ങള്‍ക്കുമുള്ള ഉത്തരവാദിത്തങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടു

ഉത്തേജന പാക്കേജ് 2.0 സെപ്റ്റംബറില്‍ പ്രഖ്യാപിക്കുമെന്നു സൂചന

കോവിഡ് വ്യാപനംമൂലമുള്ള തളര്‍ച്ചയില്‍നിന്ന് കരകയറാന്‍ അടുത്തഘട്ടത്തിലുള്ള ഉത്തേജന പാക്കേജ് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ പ്രഖ്യാപിക്കുമെന്നു സൂചന. അടിസ്ഥാന സൗകര്യവികസനം, നിര്‍മാണമേഖല എന്നിവയ്ക്കാകും പ്രാധാന്യം നല്‍കുക. അതോടൊപ്പം നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതിയുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടേതിന് സമാനമായിട്ടായിരിക്കും ഇത് നടപ്പാക്കുക.

കൊവിഡ് ഭീഷണി ഇല്ലാതാവാന്‍ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ബില്‍ഗേറ്റ്സ്

ലോകത്തെ കുഴക്കുന്ന കൊവിഡ് 19 നെ പിടിച്ചു കെട്ടാന്‍ നമ്മുടെ ശാസ്ത്രത്തിന് ആകുമെന്നും എന്നാല്‍ അതിന് ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ്. ഈ നിലയില്‍ പോയാല്‍ 2021 അവസാനത്തോടെ സമ്പന്ന രാഷ്ട്രങ്ങളിലും 2022 ഓടെ വികസ്വര രാഷ്ട്രങ്ങളിലും കൊവിഡിനുള്ള വാക്സിന്‍ ലഭ്യമാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. കൊവിഡ് അടക്കമുള്ള വിവിധ മാരക രോഗങ്ങള്‍ക്ക് വാക്സിന്‍ കണ്ടെത്തുന്നതിനായുള്ള പരീക്ഷണ ഗവേഷണങ്ങള്‍ക്ക് ഫണ്ട് നല്‍കി വരുന്നയാളു കൂടിയാണ് ബില്‍ഗേറ്റ്സ്.

റിലയന്‍സില്‍ 1,500 കോടി ഡോളര്‍ നിക്ഷേപ ലക്ഷ്യം കൈവിട്ടിട്ടില്ല: ആരാംകോ

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ഓഹരി നിക്ഷേപം നടത്തുകയെന്ന ലക്ഷ്യം ഇപ്പോഴും സൗദി ആരാംകോയുടെ സജിവ പരിഗണനയിലുണ്ടെന്ന് എന്ന് സി.ഇ.ഒ അമീന്‍ എച്ച്. നാസര്‍. കോവിഡ് വ്യാപനവും ക്രൂഡോയില്‍ വിപണിയിലെ വന്‍ പ്രതിസന്ധിയും വന്നതോടെ റിലയന്‍സില്‍ നിക്ഷേപിക്കാനുള്ള തീരുമാനം ആരാംകോ ഉപേക്ഷിച്ചെന്ന കിംവദന്തിക്ക് ഇതോടെ വിരാമമായി.ഇന്ത്യയിലേക്ക് നേരിട്ടുള്ള ഏറ്റവും വലിയ വിദേശ നിക്ഷേപ ഇടപാടിനാണ് ഇതോടെ വീണ്ടും കളമൊരുങ്ങുന്നത്.

ബാധ്യത ദുര്‍വഹം; എങ്കിലും തിരിച്ചുവരുമെന്ന് 81 ശതമാനം എം.എസ്.എം.ഇ സംരംഭകര്‍

കോവിഡ് -19 പ്രതിസന്ധിയെ തുടര്‍ന്നുണ്ടായിട്ടുള്ളത് ദുര്‍വഹ ബാധ്യതകളാണെങ്കിലും രാജ്യത്തെ 81 ശതമാനം സൂക്ഷ്മ-ചെറുകിട സംരംഭകരും തിരിച്ചുവരാന്‍ കഴിയും എന്ന പ്രതീക്ഷ പുലര്‍ത്തുന്നതായി ദേശീയ സര്‍വേയില്‍ വ്യക്തമായി.അതേസമയം സംരംഭകരില്‍ 57 ശതമാനത്തിനും കോവിഡിന് ശേഷം തങ്ങളുടെ വ്യവസായം മുന്നോട്ട് കൊണ്ടുപോകാനാവശ്യമായ പണം (കാഷ് റിസര്‍വ്) കൈവശമില്ലെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News