ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 19, 2020

Update: 2020-08-19 13:21 GMT

കൊറോണ അപ്ഡേറ്റ്സ്

ഇന്ന് കേരളത്തില്‍

കേരളത്തില്‍ ഇന്ന് 2333 പേര്‍ക്ക് കൂടി കോവിഡ്. (ഇന്നലെ 1758 ) 17,382 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 27,67,273 (ഇന്നലെ വരെയുള്ള കണക്ക്: 2,702,742 )

മരണം :53,014 (ഇന്നലെ വരെയുള്ള കണക്ക്: 51,797 )

ലോകത്ത് ഇതുവരെ

രോഗികള്‍: 22,136,954 (ഇന്നലെ വരെയുള്ള കണക്ക്: 21,881,858)

മരണം: 780,908 (ഇന്നലെ വരെയുള്ള കണക്ക്: 774,034 )

ഓഹരി വിപണിയില്‍ ഇന്ന്

തുടര്‍ച്ചയായി മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് ഇന്ന് നിക്ഷേപകര്‍ ഏറെ താല്‍പ്പര്യം കാണിച്ച ഓഹരികളില്‍ പ്രധാനപ്പെട്ടവ. സെന്‍സെക്സ് 86 പോയ്ന്റ്, 0.22 ശതമാനം ഉയര്‍ന്ന് 38,615ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 23 പോയ്ന്റ്, 0.20 ശതമാനം ഉയര്‍ന്ന് 11,408ലും ക്ലോസ് ചെയ്തു.

കേരള കമ്പനികളുടെ പ്രകടനം

സിഎസ്ബി ബാങ്ക് ഇന്ന് മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ ബാങ്കിന്റെ അറ്റലാഭം 174.1 ശതമാനം ഉയര്‍ന്നതാണ് ഓഹരിക്ക് കരുത്തേകിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ അറ്റലാഭം 19.54 കോടി ആയിരുന്നുവെങ്കില്‍, ഈ വര്‍ഷം ഇതേ ത്രൈമാസത്തില്‍ 53.56 കോടി രൂപയാണ്. 2020 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് 59.68 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. സിഎസ്ബി ബാങ്ക് ഓഹരി വില 13.23 ശതമാനം ഉയര്‍ന്ന് 227.85 രൂപയിലെത്തി.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4930 രൂപ (ഇന്നലെ 5000 രൂപ )

ഒരു ഡോളര്‍: 74.85രൂപ (ഇന്നലെ: 74.65 രൂപ )

ക്രൂഡ് ഓയ്ല്‍ നിലവാരം

WTI Crude41.83+0.61
Brent Crude44.85+0.45
Natural Gas2.260+0.022

മറ്റ് ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍:

തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന്

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പിന് നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം,നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും. ജയ്പുര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വര്‍ഷത്തേക്ക് സ്വകാര്യകമ്പനികള്‍ക്ക് നടത്തിപ്പിന് നല്‍കും.

ഫ്ളൈ ദുബായില്‍ ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമല്ല

ദുബായില്‍നിന്നും ഇന്ത്യയിലേക്ക് ഫ്ളൈ ദുബായ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് 19 റാപ്പിഡ് പരിശോധന നിര്‍ബന്ധമില്ല. ഫ്ളൈ ദുബായ് എയര്‍ലൈന്‍ അധികൃതരാണ് ഇക്കാര്യമറിയിച്ചത്. ഇനിയൊരു അറിയിപ്പ് വരുന്നതുവരെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ വിമാനടിക്കറ്റ് മാത്രം മതിയാകുമെന്നും എയര്‍ലൈന്‍ അധികൃതരുടെ അറിയിപ്പില്‍ പറയുന്നു.

സിഎസ്ബി ബാങ്കിന്റെ ആദ്യ പാദ ലാഭത്തില്‍ 174 ശതമാനം വര്‍ദ്ധന

കാത്തലിക് സിറിയന്‍ ബാങ്കിന് ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 53.56 കോടി രൂപ അറ്റാദായം.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 19.54 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. 174.10 ശതമാനം വര്‍ദ്ധന. മാര്‍ച്ച് പാദത്തില്‍ 59.68 കോടി രൂപ നഷ്ടമുണ്ടായ സ്ഥാനത്താണ് കോവിഡ് മറികടന്ന് ജൂണ്‍ പാദത്തിലെ തിരിച്ചുവരവ്. മുന്‍വര്‍ഷം ജൂണ്‍ പാദത്തെ അപേക്ഷിച്ച് ഈ ത്രൈമാസത്തില്‍ പലിശ വരുമാനം 355.42 കോടിയില്‍ നിന്ന് 18.90 ശതമാനം ഉയര്‍ന്ന് 422.60 കോടി രൂപയായി.വായ്പയുമായി ബന്ധപ്പെട്ട കരുതല്‍ വിഹിതം അഞ്ചിരട്ടി ഉയര്‍ന്ന് 57.53 കോടി രൂപയായി. ഇതില്‍ 13.76 കോടി രൂപ മോശം വായ്പകള്‍ക്കായുള്ളതാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 10.07 കോടി രൂപയാണ് ഈ സ്ഥാനത്തു വകയിരുത്തിയിരുന്നത്. മാര്‍ച്ച് പാദത്തില്‍ 84.32 കോടി രൂപയും.

മുത്തൂറ്റ് ഫിനാന്‍സ് ഒന്നാം പാദ ലാഭം 59 % ഉയര്‍ന്ന് 841 കോടി രൂപ

രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ വായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ജൂണ്‍ പാദത്തില്‍ രേഖപ്പെടുത്തിയ ലാഭം 841 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 530 കോടി രൂപയായിരുന്നു അറ്റാദായം. വര്‍ധന 59 ശതമാനം. കോവിഡ് -19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതു മൂലം നേരിടേണ്ടിവന്ന പരിമിതികളും നിയന്ത്രണങ്ങളും കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലും സാമ്പത്തിക നിലയിലും കാര്യമായ സ്വാധീനം ചെലുത്തിയില്ലെന്നു വ്യക്തമാക്കുന്നു മികച്ച സാമ്പത്തിക ഫലം. പാദവര്‍ഷ ഫലം പുറത്തുവന്നശേഷം ബിഎസ്ഇയില്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില 2.6 ശതമാനം ഉയര്‍ന്ന് 1,270 രൂപയായി.

കോവിഡ് -19: ഇന്ത്യയില്‍ 41 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടമായി

കോവിഡ് -19 മഹാമാരിയുടെ വ്യാപനം മൂലം 41 ലക്ഷം യുവാക്കള്‍ക്ക് ഇന്ത്യയില്‍ തൊഴില്‍ നഷ്ടമായി. നിര്‍മാണ, കാര്‍ഷിക മേഖലയിലാണ് തൊഴില്‍ നഷ്ടത്തില്‍ ഭൂരിഭാഗവും എന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ഐഎല്‍ഒ) ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കും സംയുക്ത റിപ്പോര്‍ട്ടില്‍ പറയുന്നു.ആറ് മാസം മുമ്പത്തേതിനേക്കാള്‍ ജോലികള്‍ക്കായുള്ള മത്സരം ഇരട്ടിയായതായുള്ള നിരീക്ഷണവുമായി ലിങ്ക്ഡ്ഇന്‍ റിപ്പോര്‍ട്ടും പുറത്തുവന്നു. തൊഴില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി ബാധിച്ചത് 25 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്നവരേക്കാള്‍ 15-24 പ്രായത്തിലുള്ള യുവാക്കളെയാണ്. ഈ സമയത്ത് മൂന്നില്‍ രണ്ട് ഭാഗം അപ്രന്റീസ്ഷിപ്പുകളും നാലില്‍ മൂന്നു ഭാഗം ഇന്റേണ്‍ഷിപ്പുകളും പൂര്‍ണ്ണമായും തടസ്സപ്പെട്ടുവെന്ന് ഐഎല്‍ഒ, എഡിബി റിപ്പോര്‍ട്ടിലുണ്ട്. യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വിദ്യാഭ്യാസവും പരിശീലനവും കൃത്യമായി നിലനിര്‍ത്തുന്നതിനും വിപുലമായ അടിയന്തിര നടപടികള്‍ സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

13 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ഇന്ത്യ കരാറിന് ഒരുങ്ങുന്നു

അന്താരാഷ്ട്ര വിമാന സര്‍വീസ് 13 രാജ്യങ്ങളിലേക്ക് പുനരാരംഭിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു.കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരസ്പര സഹകരണത്തോടെ സര്‍വീസ് നടത്താന്‍ 'എയര്‍ ബബിള്‍' കരാര്‍ നടപ്പാക്കാനാണ് തയ്യാറെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്യങ്ങള്‍ തമ്മില്‍ പരസ്പര ധാരണപ്രകാരം വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കുന്നതാണ് എയര്‍ ബബിള്‍. ഈ കരാര്‍ പ്രകാരം ധാരണയിലെത്തുന്ന രാജ്യങ്ങളിലെ വിമാന കമ്പനികള്‍ക്ക് മാത്രമേ സര്‍വീസുകള്‍ക്ക് അനുമതിയുണ്ടാകൂ. നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ചാകും സര്‍വീസുകള്‍. ഇന്ത്യ ഫ്രാന്‍സും യുഎഇയുമായിട്ടാണ് ആദ്യം എയര്‍ബബിള്‍ കരാറിലേര്‍പ്പെട്ടത്. കൂടുതല്‍ രാജ്യങ്ങളുമായി സമാനമായ ക്രമീകരണം ഉടന്‍ ആരംഭിക്കുമെന്ന് ഹര്‍ദീപ് സിങ് പുരി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ശൃംഖല ശക്തമാക്കാന്‍ രാജ്യമൊട്ടാകെ മാരുതി ഭൂമി വാങ്ങുന്നു

വാഹന വിപണിയില്‍ ആധിപത്യമുറപ്പിക്കാന്‍ മാരുതി രാജ്യമൊട്ടാകെ ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിക്കൂട്ടുന്നു. 118 ഇടങ്ങളിലായി 1,500 കോടി രൂപ മുടക്കി ഇതിനകം ഭൂമി വാങ്ങിയതായാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും എന്നാല്‍ ഡീലറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ വില്‍പന കേന്ദ്രങ്ങളും വര്‍ക്ക്‌ഷോപ്പുകളും സ്ഥാപിക്കുകയാണ് ലക്ഷ്യം.

ജൂലൈയില്‍ ജോലി നഷ്ടപ്പെട്ട് സ്ഥിര വരുമാനം പോയത് 50 ലക്ഷം പേര്‍ക്ക്

രാജ്യത്ത് ജൂലൈ മാസത്തില്‍ ജോലി നഷ്ടപ്പെട്ടത് സ്ഥിരവരുമാനം ഉണ്ടായിരുന്ന 50 ലക്ഷം പേര്‍ക്കെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യ ഇക്കോണമിയുടെ കണക്ക്. ഏപ്രില്‍ മാസത്തില്‍ 1.77 കോടി പേര്‍ക്കും മെയ് മാസത്തില്‍ 1.78 കോടി പേര്‍ക്കും ജൂണില്‍ 39 ലക്ഷം പേര്‍ക്കും ജോലി നഷ്ടമായി.ഇതോടെ ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം ഇതുവരെ 1.89 കോടി പേര്‍ക്ക് മാസം തോറും കിട്ടിയിരുന്ന ശമ്പളവും ജോലിയും നഷ്ടമായി.

ഷെയര്‍ചാറ്റില്‍ നിക്ഷേപത്തിന് ഗൂഗിള്‍; ചര്‍ച്ചകള്‍ മുന്നോട്ട്

ഷെയര്‍ചാറ്റില്‍ ഗൂഗിള്‍ നിക്ഷേപം നടത്താന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. ഷെയര്‍ചാറ്റ് 150-200 മില്യണ്‍ ഡോളര്‍ വരെ സമാഹരിക്കാന്‍ ഒരുങ്ങുന്നതായും കൂടാതെ, നിക്ഷേപം നടത്താന്‍ സാധ്യതയുള്ള ഗൂഗിള്‍ ഉള്‍പ്പടെയുള്ള ആഗോള നിക്ഷേപകരുമായി ചര്‍ച്ച നടത്തുകയാണെന്നുമാണ് റിപ്പോര്‍ട്ട്.ജെ പി മോര്‍ഗന്‍ ആണ് ഈ ഇടപാടില്‍ ഷെയര്‍ചാറ്റിന്റെ ഉപദേശക സ്ഥാനത്ത്.

കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷ; ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സിക്ക് രൂപം നല്‍കി

രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷ നടത്താന്‍ തീരുമാനം. പൊതു യോഗ്യത പരീക്ഷകളുടെ നടത്തിപ്പിനായി ദേശീയ റിക്രൂട്ട്മെന്റ് എജന്‍സിയുണ്ടാക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കാര്‍ പറഞ്ഞു. ഗസറ്റഡ് പോസ്റ്റുകള്‍ ഒഴിച്ചുള്ളവയിലേക്ക് ഇനി നിയമനം നടത്തുക ദേശീയ റിക്രൂട്ട്മെന്റ് എജന്‍സി നടത്തുന്ന ഈ പൊതു യോഗ്യതാ പരീക്ഷ വഴിയാകും. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി.

ഈ ഓണക്കാലത്ത് നിക്ഷേപിക്കാന്‍ പൊറിഞ്ചു വെളിയത്ത് നിര്‍ദേശിക്കുന്ന അഞ്ച് ഓഹരികള്‍

രാജ്യത്തെ ഓഹരി നിക്ഷേപകര്‍ നിരീക്ഷിക്കുന്ന പോര്‍ട്ട് ഫോളിയോ മാനേജരായ പൊറിഞ്ചു വെളിയത്ത് ഈ ഓണക്കാലത്ത് നിക്ഷേപിക്കാന്‍ യോജ്യമായ ഓഹരികള്‍ ധനം വായനക്കാര്‍ക്കായി നിര്‍ദ്ദേശിക്കുന്നു . ധനം എക്‌സ്‌ക്ലൂസീവ്!

Money Tok : ഈ കോവിഡ് കാലത്ത് പണം എങ്ങനെ മികച്ച രീതിയില്‍ വിനിയോഗിക്കാം ?

കയ്യിലുള്ള പണം സൂക്ഷ്മതയോടെ വിനിയോഗിക്കുകയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയുമെല്ലാം കാലഘട്ടത്തിന്റെ ആവശ്യകതകളാണ്. ഇത്തരത്തിലുള്ള കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു മണി ലൈഫ് ഫൗണ്ടേഷന്റെ സ്ഥാപകയും പത്മശ്രീ ജേതാവുമായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്ത സുചേതാ ദലാലിന്റെ വിഡിയോ. സുചേതാ ദലാല്‍ ജനങ്ങളോട് പങ്കുവച്ച ആശയത്തെ ആസ്പദമാക്കിയാണ് ഇന്നത്തെ മണി ടോക്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News