ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 12, 2021

കാര്‍ഷിക നിയമങ്ങള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ. കിട്ടാക്കടം 22 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തുമെന്ന് ആര്‍ബിഐ. ജിയോമാര്‍ട്ട് എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വില്‍ക്കുന്നത് അവസാനിപ്പിക്കുന്നു, പകരം കിരാന സ്റ്റോറുകളെ ഉപയോഗപ്പെടുത്തും. മാര്‍ച്ച് വരെ വിനോദ നികുതി ഒഴിവാക്കാന്‍ തീരുമാനമായി. ആയിരത്തിലേറെ രൂപയുടെ ഇടിവിന് ശേഷം ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നാം ദിനവും നേട്ടമുണ്ടാക്കി ഓഹരി വിപണി

Update: 2021-01-12 14:53 GMT
കാര്‍ഷിക നിയമങ്ങള്‍ക്ക് സ്റ്റേ; രോഷമടങ്ങാതെ കര്‍ഷകര്‍
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഇടക്കാല സ്‌റ്റേ ഉത്തരവ് ഇന്ന് പുറത്തു വന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിയമം നടപ്പാക്കരുതെന്ന് വ്യക്തമാക്കിയ കോടതി ചര്‍ച്ച നടത്തുന്നതിനായി നാലംഗ വിദഗ്ദ സമിതിയും രൂപീകരിച്ചു. അന്തിമ തിരുമാനം വിദഗ്ദ സമിതി റിപ്പോര്‍ട്ടിന് ശേഷം കൈക്കൊള്ളുമെന്നാണ് കോടതി വ്യക്തമാക്കിയത്. എന്നാല്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കേണ്ടതു കേന്ദ്ര സര്‍ക്കാരാണെന്നും അത് അംഗീകരിക്കും വരെ പ്രക്ഷോഭം തുടരുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയതായാണ് പുതിയ വിവരം.
കിട്ടാക്കടം 22 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തുമെന്ന് ആര്‍ബിഐ മുന്നറിയിപ്പ്
സമ്പദ്ഘടന അതിവേഗത്തില്‍ തിരിച്ചുവരുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ക്ക് അത്രതന്നെ ആശ്വസിക്കാന്‍ വകയില്ലെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് കിട്ടാക്കടം 22 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തുമെന്നാണ് ആര്‍ബിഐയുടെ മുന്നറിയിപ്പ്. 2020 സെപ്റ്റംബറിലെ 7.5ശതമാനത്തില്‍നിന്ന് 2021 സെപ്റ്റംബറോടെ കിട്ടാക്കടം 13.5 ശതമാനമായി കുതിക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ 22 വര്‍ഷത്തെ ബാങ്കിങ് ചരിത്രത്തിലാദ്യമായാണ് കിട്ടാക്കടത്തില്‍ ഇത്രയും വര്‍ധനയുണ്ടാകുക. കിട്ടാക്കടത്തിന്റെ തോത് കുറച്ചുകാണിക്കുന്നതിന്റെ ഭാഗമായി 2019-20 സാമ്പത്തികവര്‍ഷത്തില്‍ 2,37,876 കോടി രൂപയാണ് ബാങ്കുകള്‍ എഴുതിത്തള്ളിയത്.
ജനുവരി മുതല്‍ മാര്‍ച്ച് വരെ വിനോദ നികുതി ഒഴിവാക്കാന്‍ തീരുമാനമായി
സിനിമാ തിയേറ്റര്‍ ഉടമകള്‍ക്ക് വലിയ ആശ്വാസമായി ജനുവരി മുതല്‍ മാര്‍ച്ച് വരെ വിനോദ നികുതി ഒഴിവാക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. കൊവിഡ് -19 ആരംഭിച്ച കാലഘട്ടത്തില്‍ തിയേറ്ററുകള്‍ അടച്ചിട്ടിരുന്ന സമയത്ത് വൈദ്യുതിക്ക് നിശ്ചിത നിരക്കുകള്‍ കുറയ്ക്കുക. കൊവിഡ് -19 ആരംഭിച്ചതിനെത്തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചിരിക്കേണ്ടിവന്ന പത്തുമാസക്കാലത്തെ നിശ്ചിത വൈദ്യുതി ചാര്‍ജുകളും 50% ആയി കുറച്ചിട്ടുണ്ട്.
എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍ ഇനി ജിയോമാര്‍ട്ട് നേരിട്ട് വില്‍ക്കില്ല
റിലയന്‍സ് റീറ്റെയില്‍ അതിന്റെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ജിയോമാര്‍ട്ടില്‍ പാക്കേജുചെയ്ത ഭക്ഷണം, പലചരക്ക്, എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍ എന്നിവ നേരിട്ട് വില്‍ക്കുന്നത് അവസാനിപ്പിക്കുന്നു. പകരം കിരാന സ്റ്റോറുകളെ (ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍) പങ്കാളികളാക്കിക്കൊണ്ട് ഇതുവഴിയാകും ഈ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുക. അതായത് ജിയോ മാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ ഇനി അയല്‍പക്കത്തുള്ള കിരാന സ്റ്റോറുകള്‍ വഴി എത്തിക്കും. വന്‍കിട ഓണ്‍ലൈന്‍ പലചരക്ക് വ്യാപാര സ്ഥാപനങ്ങളായ ബിഗ് ബാസ്‌ക്കറ്റ്, ആമസോണ്‍, ഗ്രോഫേഴ്‌സ് എന്നിവയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ വിപണന രീതിയാണിത്.
സംസ്ഥാന ബജറ്റ് ജനുവരി 15ന്; ക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെ ഉയര്‍ന്നേക്കും
മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്നവണത്തെ സംസ്ഥാന ബജറ്റ് ജനുവരി 15ന്. കൊവിഡ് പ്രതിസന്ധി കാലത്ത് ഏവരും ഉറ്റു നോക്കുന്ന ബജറ്റാണ് ഇത്തവണത്തേത്. ക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെ ഉയര്‍ന്നേക്കാമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തീര്‍ച്ചയില്ല ക്ഷേമ പെന്‍ഷന്‍ അടുത്തിടെ 1,500 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഈ തുക വീണ്ടും ഉയര്‍ത്തിയേക്കും എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നുള്ള സൂചനകള്‍.
രണ്ടു ദിവസമായി തുടരുന്ന മുന്നേറ്റം നിലനിര്‍ത്തി ഓഹരി വിപണി. മൂന്നാം ദിവസം പൊതുമേഖലാ ബാങ്കുകളുടെയും ഓട്ടോ ഓഹരികളുടെയും കരുത്തില്‍ സെന്‍സെക്സും നിഫ്റ്റിയും നേട്ടമുണ്ടാക്കി. സെന്‍സെക്സ് 247.79 പോയ്ന്റ് ഉയര്‍ന്ന് 49517.11 പോയ്ന്റിലും നിഫ്റ്റി 78.70 പോയ്ന്റ് ഉയര്‍ന്ന് 14563.50 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. ഉയര്‍ന്ന നിഷ്‌ക്രിയ ആസ്തി സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പിനിടയിലാണ് ബാങ്ക് ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയത് എന്ന പ്രത്യേകതയുമുണ്ട്.




 



 





Tags:    

Similar News