ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 06, 2020

Update: 2020-07-06 15:57 GMT

ഇന്ന് കേരളത്തില്‍ 193 കോവിഡ് ബാധിതര്‍

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ്-19. 167 പേര്‍ രോഗമുക്തി നേടി. രോഗബാധിതരായവരില്‍ 92 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയരാണ്. 35 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. രണ്ട് പേര്‍ രോഗം ബാധിച്ച് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മുഹമ്മദ്(82), എറണാകുളം മെഡിക്കല്‍ കോളേജില്‍ യൂസഫ് സെയ്ഫുദ്ദീന്‍(66) എന്നിവരാണ് മരിച്ചത്.

മലപ്പുറം 35, കൊല്ലം 11, ആലപ്പുഴ 15, തൃശൂര്‍ 14, കണ്ണൂര്‍ 11, എറണാകുളം 25, തിരുവനന്തപുരം 7, പാലക്കാട് 8, കോട്ടയം 6, കോഴിക്കോട് 15, കാസര്‍കോട് 6, പത്തനംതിട്ട 26, ഇടുക്കി 6, വയനാട് 8 എന്നിങ്ങനെയാണ് രോഗബാധ ആവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

തിരുവനന്തപുരം 7, കൊല്ലം 10, പത്തനംതിട്ട 27, ആലപ്പുഴ 7, കോട്ടയം 11, എറണാകുളം 16, തൃശൂര്‍ 16, പാലക്കാട് 33, മലപ്പുറം 13, കോഴിക്കോട് 5 , കണ്ണൂര്‍ 10, കാസര്‍കോട് 12 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍. ഇതുവരെ 5622 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം പോസിറ്റീവ് ആയത്. ഇതുവരെ ചികിത്സയിലുള്ളത് 2252 പേരാണ്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 697,413 (ഇന്നലെ വരെയുള്ള കണക്ക്: 673,165 )

മരണം : 19,693 (ഇന്നലെ വരെയുള്ള കണക്ക്: 19,268)

ലോകത്ത് ഇതുവരെ

രോഗികള്‍: 11,449,707 (ഇന്നലെ വരെയുള്ള കണക്ക്: 11,267,309)

മരണം :  534,267 ( ഇന്നലെ വരെയുള്ള കണക്ക്: 530,754)

ഓഹരിവിപണിയില്‍ ഇന്ന്

വിപണിയില്‍ വാങ്ങലുകള്‍ വര്‍ധിച്ചതോടെ പുതിയ ആഴ്ചയുടെ തുടക്കത്തിലും വിപണി മുന്നേറി. ചില കമ്പനികളില്‍ നിന്നുള്ള ചില നല്ല വാര്‍ത്തകളും വിപണിയെ പോസിറ്റീവായി സ്വാധീനിച്ചു. 2020 - 21 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ എച്ച്ഡിഎഫ്സി ബാങ്കിന്റെ വായ്പാ വിതരണത്തില്‍ വന്‍ വര്‍ധനയുണ്ടായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബാങ്കിന്റെ ഓഹരി വില മൂന്നുശതമാനം ഉയര്‍ന്നു.

സെന്‍സെക്സ് 1.29 ശതമാനം (466 പോയ്ന്റ്) ഉയര്‍ന്ന് 36,487ല്‍ ക്ലോസ് ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര & മഹീന്ദ്ര എന്നിവരാണ് ഇന്ന് സെന്‍സെക്സിന്റെ മുന്നേറ്റത്തിന് കാരണമായ ഓഹരികള്‍. നിഫ്റ്റി 1.47 ശതമാനം (156 പോയ്ന്റ്) ഉയര്‍ന്ന് 10,764ല്‍ ക്ലോസ് ചെയ്തു.

കേരള കമ്പനികളുടെ പ്രകടനം

പതിനൊന്ന് കേരള കമ്പനികള്‍ ഇന്ന് നിലമെച്ചപ്പെടുത്തിയില്ല. ബാങ്കിംഗ് ഓഹരികളില്‍ സിഎസ്ബി ബാങ്ക്, 0.68 ശതമാനം ഉയര്‍ന്നപ്പോള്‍, ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വില 0.29 ശതമാനം വര്‍ധിച്ചു. ഫെഡറല്‍ ബാങ്കിന്റെ ഓഹരി വില 1.23 ശതമാനം വര്‍ധിച്ചപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില 0.25 ശതമാനം ഇടിഞ്ഞു. എന്‍ബിഎഫ്സികളില്‍ മണപ്പുറം ഫിനാന്‍സ് ഓഹരി വില 0.25 ശതമാനം ഉയര്‍ന്നപ്പോള്‍ മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിന്റെയും മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികള്‍ കുറഞ്ഞു.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4,475 രൂപ (ഇന്നലെ : 4,492 രൂപ)

ഒരു ഡോളര്‍ : 74.59രൂപ  (ഇന്നലെ :74.69രൂപ)

ക്രൂഡ് ഓയ്ല്‍ :

WTI Crude 40.44 -0.21
Brent Crude 43.05 +0.25
Natural Gas 1.815 +0.081

മറ്റ് വാര്‍ത്തകള്‍ ചുരുക്കത്തില്‍ :

കോവിഡ് പട്ടികയില്‍ ഇന്ത്യ മൂന്നാമത്

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ ഏഴ് ലക്ഷത്തിലേക്കും മരണം ഇരുപതിനായിരത്തിലേക്കും അടുക്കുന്നു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടര ലക്ഷവും കടന്നു.മൊത്തം രോഗികളുടെ 80 ശതമാനം ഇപ്പോഴും മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് ,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ഇനി ഉദ്യം രജിസ്ട്രേഷനിലേക്ക് മാറണം; പോര്‍ട്ടല്‍ തുറന്നു

ഇനി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ 'ഉദ്യം' രജിസ്ട്രേഷനിലേക്ക് മാറണം. ഇതിനുള്ള വെബ് പോര്‍ട്ടല്‍ തുറന്നു. നിലവില്‍ ഉദ്യോഗ് ആധാര്‍, എന്‍ട്രപ്രണര്‍ മെമ്മോറാണ്ടം, എസ്എസ്ഐ രജിസ്ട്രേഷന്‍ എന്നിവ എടുത്തിട്ടുള്ളവരെല്ലാം ഉദ്യം രജിസ്ട്രേഷന്‍ എടുക്കണമെന്നത് നിര്‍ബന്ധമാണ്. 2021 മാര്‍ച്ച് 31 നുള്ളില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം.

ഗല്‍വാനില്‍ നിന്ന് ചൈനീസ് സൈന്യം രണ്ട് കിലോമീറ്ററോളം പിന്മാറിയെന്ന് സൂചന

കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ നിന്നും ചൈനീസ് സേന പിന്മാറ്റം ആരംഭിച്ചു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി രണ്ട് കിലോമീറ്റര്‍ പിന്നിലേക്ക് മാറിയതായാണ് വിവരം. കോര്‍ കമാന്‍ഡര്‍ തലത്തില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പിന്മാറ്റം. അതേസമയം ശൈത്യകാലം മുന്നില്‍ കണ്ട് മേഖലയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ.

യു.എ.ഇ വിമാന കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് പിന്‍വലിച്ചേക്കും

യു.എ.ഇ വിമാന കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് പിന്‍വലിച്ചേക്കുമെന്ന് സൂചന. ഉഭയകക്ഷി തലത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ പ്രത്യാശ പകരുന്നതാണെന്ന് വിമാന കമ്പനികള്‍ വ്യക്തമാക്കി. കേരളത്തിലേക്കുള്ള ഇത്തിഹാദിന്റെ മുടങ്ങിയ സര്‍വീസുകള്‍ ഈ മാസം പത്തിന് പുനരാരംഭിച്ചേക്കും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് എമിറേറ്റ്സ്, ഇത്തിഹാദ്, എയര്‍ അറേബ്യ, ഫ്ളൈ ദുബൈ എന്നിവയുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ മൂന്നു ദിവസമായി മുടങ്ങിയിരിക്കുകയാണ്.

ആഗോള എണ്ണ ഉപഭോഗത്തില്‍ ഇടിവ് തുടരും; പൂര്‍വ്വ സ്ഥിതി പ്രാപിക്കാന്‍ 2022 വരെ കാത്തിരിക്കണം

കോവിഡിനെ തുടര്‍ന്ന് ആഗോള എണ്ണ ഉപഭോഗത്തില്‍ വന്ന കുറവ് തുടരുമെന്ന് ആഗോള ഏജന്‍സികളുടെ പഠനം.പ്രതിസന്ധിയില്‍ നിന്ന് പൂര്‍വ്വസ്ഥിതി പ്രാപിക്കാന്‍ 2022 വരെ കാത്തിരിക്കണമെന്നും ഏജന്‍സി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യങ്ങള്‍ മിക്കതും നിയന്ത്രണങ്ങള്‍ നീക്കി പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചെത്താന്‍ തുടങ്ങിയതോടെ എണ്ണ വിപണിയിലും ഉണര്‍വ് പ്രകടമായിട്ടുണ്ട്.

പ്രെഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാനുള്ള നീക്കവുമായി ഇന്ത്യ

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍നിന്ന് വ്യോമാക്രമണ ശേഷിയുള്ള ഡ്രോണുകള്‍ വാങ്ങാനുള്ള പദ്ധതിയുമായി ഇന്ത്യ മുന്നോട്ട്. അമേരിക്കന്‍ സൈന്യം നിലവില്‍ ഉപയോഗിക്കുന്ന മീഡിയം ആള്‍ട്ടിട്യൂഡ് ലോങ് എന്‍ഡുറന്‍സ് ( ങഅഘഋ ) പ്രെഡേറ്റര്‍-ബി ഡ്രോണുകള്‍ വാങ്ങാനുള്ള താത്പര്യം അമേരിക്കയെ ഇന്ത്യ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിലയന്‍സിന്റെ വിപണിമൂല്യം 12 ലക്ഷംകോടി മറികടന്നു

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 12 ലക്ഷംകോടി രൂപ മറികടന്നു. ഇന്ന് കമ്പനിയുടെ ഓഹരി വില 3.4 ശതമാനം കുതിച്ച് 1,847.7 ലേക്കെത്തിയതോടെയാണിത്. ജിയോ പ്ലാറ്റ് ഫോമില്‍ 12-ാമത്തെ വിദേശ സ്ഥാപനം നിക്ഷേപമായെത്തിയതോടെയാണ് ഓഹരി വില കുതിച്ചത്. ഇതോടെ വിപണിമൂല്യം 12,45,191 കോടി രൂപയായി.

കോവിഡ് പ്രതിസന്ധി: പ്രമുഖ സ്വകാര്യ ബാങ്കുകള്‍ ഒരു ലക്ഷം കോടി രൂപ മൂലധനം സമാഹരിക്കുന്നു

പ്രമുഖ സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്‌സി, ആക്‌സിസ്, ഐസിഐസിഐ എന്നിവ ഒരു ലക്ഷം കോടി രൂപ മൂലധന സമാഹരണം നടത്താനൊരുങ്ങുന്നു. കോവിഡ് വ്യാപനം മൂലം നിഷ്‌ക്രിയ ആസ്തി കുത്തനെ ഉയരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഈ നീക്കം. എച്ച്ഡിഎഫ്‌സി ബാങ്ക് ആദ്യഘട്ടത്തില്‍ 13,000 കോടി രൂപയാണ് സമാഹരിക്കുക. ആക്‌സിസ് ബാങ്കാകട്ടെ 15,000 കോടി രൂപയുമാണ് സമാഹരിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഓഹരി, ഡെറ്റ് എന്നിവയുടെ നിശ്ചിത അനുപാതത്തിലായിരിക്കും ബാങ്കുകള്‍ മൂലധനം സമാഹരിക്കുക.

പ്രവാസി ഇന്ത്യക്കാരുടെ ശമ്പള കുടിശ്ശികയും വിദേശങ്ങളിലെ നിയമനടപടികളും; ഹൈക്കോടതി നോട്ടീസയച്ചു

പ്രവാസി ഇന്ത്യക്കാരുടെ ശമ്പള കുടിശ്ശികയും നഷ്ടപരിഹാരവും രേഖപ്പെടുത്താനും വിദേശങ്ങളിലെ നിയമനടപടികള്‍ക്കും സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചു.ഇന്ത്യയിലേക്കു മടങ്ങിയെത്തിയ  പ്രവാസികളില്‍ ഒരു വലിയ വിഭാഗം തൊഴില്‍ നഷ്ടപ്പെട്ടവരാണ്. കൊവിഡ് പ്രതിസന്ധി മൂലം അടിയന്തരമായി മടങ്ങേണ്ടി വന്നപ്പോള്‍ ഇതില്‍ ബഹുഭൂരിപക്ഷത്തിനും അര്‍ഹമായ സാമ്പത്തിക ആനുകൂല്യങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് ഹര്‍ജി ഭാഗം ബോധിപ്പിച്ചു.ഗുരുതരമായ വിഷയമാണെന്നും ഭരണഘടനയ്ക്കും അന്താരാഷട്ര ഉടമ്പാടികള്‍ക്കും അനുസൃതമായി നടപടികള്‍ വേണ്ട സംഗതിയാണെന്നും ഡിവിഷന്‍ ബഞ്ച് അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഐ.ടി വരുമാനം ത്രൈമാസത്തില്‍ 10% വരെ കുറയുമെന്ന് വിദഗ്ധര്‍

കോവിഡ് 19 ലോക്ഡൗണ്‍ മൂലം ഏപ്രില്‍ - ജൂണ്‍ ത്രൈമാസത്തില്‍ യു.എസിലെയും യൂറോപ്പിലെയും ബിസിനസിനുണ്ടായ തളര്‍ച്ചയുടെ വന്‍  ആഘാതം നേരിടാന്‍ ഇന്ത്യന്‍ ഐ.ടി സ്ഥാപനങ്ങള്‍ക്ക് ഏറെ ക്ലേശിക്കേണ്ടിവരുമെന്ന് വിദഗ്ധര്‍. വരുമാനത്തില്‍ 5-10 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നാണ് ഏകദേശ നിഗമനം. ഇതിനകം ഇന്ത്യന്‍ ഐ.ടി മേഖലയില്‍ 10000 പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്ന കണക്കിനു പിന്നാലെയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്.

കോവിഡ് വാക്സിന്‍ എത്താന്‍ ഒരു വര്‍ഷമെങ്കിലും വേണം: ഡോ.സൗമ്യ സ്വാമിനാഥന്‍

ഇന്ത്യയില്‍ ഉടന്‍ കോവിഡ് പ്രതിരോധ വാക്സിന്‍ തയ്യാറാകുമെന്ന അവകാശ വാദങ്ങള്‍ തള്ളി ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥന്‍. 2021 ആകും മുമ്പേ ലോകത്തൊരിടത്തും വാക്സിന്‍ വിജയകരമായി വികസിതമാകുമെന്നു കരുതാനാകില്ല. 2021 അവസാനത്തോടെ  മതിയായ അളവില്‍ വാക്സിന്‍ ലഭ്യമാകുവാനുള്ള സാധ്യതയാണ് 'ദി വയറി'നു വേണ്ടി കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ചൂണ്ടിക്കാട്ടിയത്.

ഐ.പി.ഒ ഡിമാന്‍ഡ് ഇടിവിന്റെ ഗതി മാറ്റാനുറച്ച് എല്‍ഐസി

കോവിഡും ലോക്ക്ഡൗണും സമ്പദ്വ്യവസ്ഥയെ അടിമുടി ഉലച്ചതോടെ പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) രാജ്യത്ത് ഡിമാന്‍ഡ് ഇടിഞ്ഞെന്ന കണക്കുകള്‍ പുറത്തുവന്നത് എല്‍ഐസി ഓഹരി വിറ്റഴിക്കലിനെ ബാധിക്കുമെന്ന ആശങ്ക വിപണിയില്‍ ഉയരുന്നു. നിര്‍ദ്ദിഷ്ട ഐപിഒയ്ക്കു വേണ്ടി കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങള്‍, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാര്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയെ നിയോഗിക്കാനുള്ള ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനം ജൂണ്‍ 19 ന് പുറത്തിറക്കിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News