ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 28, 2020

Update: 2020-07-28 14:30 GMT

കൊറോണ അപ്‌ഡേറ്റ്‌സ്

ഇന്ന് കേരളത്തില്‍

കേരളത്തില്‍ ഇന്ന് 1167 പേര്‍ക്ക് കൂടി കോവിഡ്. 150716പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 1,483,156(ജൂലൈ 25 വരെയുള്ള കണക്ക്: 1,435,453 )

മരണം : 33,425 (ജൂലൈ 25 വരെയുള്ള കണക്ക്: 32,771)

ലോകത്ത് ഇതുവരെ

രോഗികള്‍: 16,481,230(ഇന്നലെ വരെയുള്ള കണക്ക്: 16,252,541)

മരണം:654,052(ഇന്നലെ വരെയുള്ള കണക്ക്: 648,637 )

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4,900രൂപ (ഇന്നലെ 4,825 രൂപ )

ഒരു ഡോളര്‍: 74.89രൂപ (ഇന്നലെ: 74.74രൂപ )

ക്രൂഡ് ഓയ്ല്‍

WTI Crude 41.33 -0.27
Brent Crude 43.45 +0.04
Natural Gas 1.780 +0.046

ഓഹരിവിപണിയില്‍ ഇന്ന്

ഇന്നലത്തെ നഷ്ടം തിരിച്ച് പിടിച്ച് ഓഹരി വിപണി. സെന്‍സെക്‌സസ് 558 പോയ്ന്റ് ഉയര്‍ന്ന് 38,492.95 ലും നിഫ്റ്റി 169 പോയ്ന്റ് ഉയര്‍ന്ന് 11,318 ലുമാാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, ഐടി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മെറ്റല്‍, ബാങ്കിംഗ് ഓഹരികളുടെ പിന്‍ബലത്തിലായിരുന്നു വിപണിയുടെ മുന്നേറ്റം. ബിഎസ്ഇ മിഡ് കാപ് സൂചികകള്‍ 0.9 ശതമാനവും സ്‌മോള്‍ കാപ് സൂചികകള്‍ 1.3 ശതമാനവും ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടത്തിലായിരുന്നു.  ആസ്റ്റര്‍ ഡിഎം, ഹാരിസണ്‍സ് മലയാളം, വിക്ടറി പേപ്പര്‍ എന്നീ ഓഹരികള്‍ ഇന്ന് ആറ് ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ ബാങ്ക് സൂചികകള്‍ ഇന്ന് നേട്ടത്തിലായിരുന്നെങ്കിലും കേരള ബാങ്കുകളുടെ ഓഹരികളില്‍ അത് പ്രതിഫലിച്ചില്ല. സിഎസ്ബി ബാങ്ക് 3.14 ശതമാനവും  സൗത്ത് ഇന്ത്യന്‍ ബാങ്ക് 2.01 ശതമാനവും ധനലക്ഷ്മി ബാങ്ക് 1.17 ശതമാനവും ഫെഡറല്‍ ബാങ്ക് 0.80 ശതമാനവും നഷ്ടം രേഖപ്പെടുത്തി. 

മറ്റ് ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍

ഐആര്‍സിടിസി-എസ്ബിഐ ക്രെഡിറ്റ കാര്‍ഡ് പുറത്തിറക്കി

ഐആര്‍സിടിസിയും എസ്ബിഐ കാര്‍ഡും ചേര്‍ന്ന് റൂപെ പ്ലാറ്റ്‌ഫോമില്‍ കോണ്ടാക്ട്ലെസ് കാര്‍ഡ് പുറത്തിറക്കി. പുതിയ ക്രെഡിറ്റ് കാര്‍ഡിന്റെ സേവനം ഇനി മുതല്‍ ലഭ്യമാവും എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.

വാള്‍മാര്‍ട്ട് ഇന്ത്യയെ ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുത്തതിനെതിരെ പരാതി

വാള്‍മാര്‍ട്ട് ഇന്ത്യയെ ഏറ്റെടുത്ത ഫ്‌ളിപ്കാര്‍ട്ടിന്റെ നടപടിക്കെതിരെ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യക്ക് ഓള്‍ ഇന്ത്യ ഓണ്‍ലൈന്‍ വെന്റേര്‍സ് അസോസിയേഷന്‍ പരാതി നല്‍കി. ഫ്‌ളിപ്കാര്‍ട്ട് അടുത്തിടെ തുടങ്ങിയ പലചരക്ക് വിപണിയായ ഫ്‌ളിപ്കാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ വാള്‍മാര്‍ട്ട് ഇന്ത്യയുടെ സെല്ലേര്‍സ് കൂടിയ ഡിസ്‌കൗണ്ടില്‍ സാധനങ്ങള്‍ വില്‍ക്കുമെന്ന ആശങ്ക പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ ഫ്‌ളിപ്കാര്‍ട്ടിനെതിരെ അന്വേഷണം നടത്താന്‍ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ സിസിഐക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു

ഗൂഗ്ള്‍ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം 2021 ജൂണ്‍ 30 വരെ നീട്ടി

കൊറോണ വൈറസ് വ്യാപനം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് 2021 ജൂലായ് വരെ വര്‍ക്ക് ഫ്രം ഹോം അനുവദിച്ച് ഗൂഗ്ള്‍.ഓഫീസില്‍ വരേണ്ട ആവശ്യമില്ലാത്ത ചുമതലകളിലുള്ളവര്‍ക്കാണ് 2021 ജൂണ്‍ 30 വരെ വര്‍ക്ക് ഫ്രം ഹോമില്‍ തുടരാന്‍ അനുവാദം നല്‍കിയതെന്ന് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു.

ഇന്‍ഡിഗോ ജീവനക്കാരുടെ ശമ്പളം സെപ്റ്റംബര്‍ 1 മുതല്‍ വീണ്ടും വെട്ടിക്കുറയ്ക്കുന്നു

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനിയായ ഇന്‍ഡിഗോ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വെട്ടിക്കുറവ് പ്രഖ്യാപിച്ചു. രണ്ടാം ഘട്ട ശമ്പള വെട്ടിക്കുറയ്ക്കല്‍ സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.ഈ വര്‍ഷം മെയ് മാസത്തില്‍, എ, ബി ബാന്‍ഡുകള്‍ ഒഴികെയുള്ള എല്ലാ ജീവനക്കാര്‍ക്കും ശമ്പളം കുറച്ചിരുന്നു. നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി കുറഞ്ഞ വരുമാനത്തിനനുസരിച്ച് ചെലവുകള്‍ ക്രമീകരിക്കാന്‍ കൂടുതല്‍ ആഴത്തിലുള്ള ശമ്പളം വെട്ടിക്കുറയ്‌ക്കേണ്ടതുണ്ടെന്ന് ജീവനക്കാരെ ഇന്‍ഡിഗോ സിഇഒ റോനോജോയ് ദത്ത അറിയിച്ചു.

ടെക് മഹീന്ദ്ര പാദവര്‍ഷ അറ്റാദായത്തില്‍ 21 ശതമാനം വര്‍ധന

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 972.3 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് ടെക് മഹീന്ദ്ര ഓഹരികള്‍ ബിഎസ്ഇയില്‍ ആറ് ശതമാനം നേട്ടം കൈവരിച്ചു. മുന്‍ പാദത്തെ അപേക്ഷിച്ച് 20.95 ശതമാനമാണ് നേട്ടം. മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ പ്രകാരം രാജ്യത്തെ അഞ്ചാമത്തെ വലിയ ഐടി സേവന കമ്പനിയായ ടെക് മഹീന്ദ്രയുടെ ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം 9,106.3 കോടി രൂപയാണ്. മാര്‍ച്ച് 31 ന് അവസാനിച്ച മൂന്ന് മാസത്തെ അപേക്ഷിച്ച് 4.05 ശതമാനം ഇടിവ്.

മോറട്ടോറിയം നീട്ടരുതെന്ന് ദീപക് പരേഖ്; പ്രതികരണം മാറ്റിവച്ച് ശക്തികാന്ത ദാസ്

മോറട്ടോറിയത്തിന്റെ കാലാവധി ഇനിയും നീട്ടി നല്‍കുന്നത് ആര്‍ക്കും ഗുണകരമാകില്ലെന്ന എച്ച്ഡിഎഫ്സി ചെയര്‍മാന്‍ ദീപക് പരേഖിന്റെ നിരീക്ഷണത്തോടു വിയോജിപ്പു പ്രകടിപ്പാക്കാതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. വ്യവസായ കുട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി നടത്തിയ ഓണ്‍ലൈന്‍ സെഷനില്‍ ആണ് എച്ച്ഡിഎഫ്സി ചെയര്‍മാന്‍ മോറട്ടോറിയം നീട്ടരുതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണറോട് ആവശ്യപ്പെട്ടത്. പണം ഉള്ളവരും മോറട്ടോറിയത്തിന്റെ മറവില്‍ വായ്പാ തിരിച്ചടവ് മാറ്റിവയ്ക്കുന്ന ദുരവസ്ഥ ദീപക് പരേഖ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ശ്രദ്ധയില്‍ പെടുത്തി. താന്‍ ഇക്കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയിട്ടുണ്ടെന്നും തല്‍ക്കാലം പ്രതികരിക്കുന്നില്ലെന്നും ആയിരുന്നു ശക്തികാന്ത ദാസിന്റെ മറുപടി.കോവിഡ് 19 മഹാമാരി മൂലം പ്രതിസന്ധി നേരിടുന്ന മേഖലകള്‍ക്കല്ലാതെ വ്യക്തികള്‍ക്ക് വായ്പ മൊറട്ടോറിയം നീട്ടാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം നടന്ന സിഐഐ സെഷനില്‍ ആണ് പരേഖ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.

വിദേശപണം വരവ് കുറയുന്നു, കേരളം മറ്റൊരു പ്രതിസന്ധിയിലേക്ക്

രാജ്യത്തേക്ക് വിദേശത്തു നിന്ന് പ്രവാസികളയക്കുന്ന പണത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം 21 ശതമാനത്തോളം കുറവ് വരാമെന്ന് സ്വിസ് ബാങ്കിംഗ് ഗ്രൂപ്പായ യുബിഎസിന്റെ റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചതും നേരത്തേയുണ്ടായിരുന്ന സാമ്പത്തിക മാന്ദ്യവുമൊക്കെ വിദേശ ഇന്ത്യക്കാരുടെ വരുമാനത്തില്‍ ഗണ്യമായ കുറവ് വരുത്തിയതാണ് കുറവിന് കാരണം.

കൂടുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണം വരുന്നു

ചൈനീസ് കളിപ്പാട്ടങ്ങള്‍, അലങ്കാര വസ്തുക്കള്‍, ഗ്ലാസ് ഉല്‍പ്പന്നങ്ങള്‍ സ്റ്റീല്‍ ബാര്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ടെലികോം ഉപകരണങ്ങള്‍, യന്ത്ര ഭാഗങ്ങള്‍, പേപ്പര്‍, റബര്‍ നിര്‍മിത വസ്തുക്കള്‍, ഗ്ലാസ് തുടങ്ങി 371 ഉല്‍പന്നങ്ങള്‍ക്കും വിലക്ക് വീഴും. കേന്ദ്ര വാണിജ്യമന്ത്രാലയം കഴിഞ്ഞ വര്‍ഷം തന്നെ ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളുടെ പട്ടിക തയാറാക്കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വീടിനുള്ളിലെ ശ്വാസവായു ശുദ്ധീകരിക്കാന്‍ ഏറ്റവും പുതിയ സ്മാര്‍ട്ട് സംവിധാനവുമായി ആംവേ

ഒരു കുഞ്ഞന്‍ വൈറസിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ലോകം. കോവിഡ് 19 വൈറസ് വായുവിലൂടെ പകരുമെന്ന ഭീതി പോലും ജനങ്ങളിലുണ്ട്. കോവിഡ് മൂലം ജനങ്ങള്‍ അഭയം തേടുന്നത് സ്വന്തം വീടിനുള്ളില്‍തന്നെയാണ്. ഈ മഴക്കാലത്ത് വീടിനുള്ളിലെ വായുവില്‍ പോലും കാണും വൈറസും ബാക്ടിരിയകളും ദോഷകാരികളായ നിരവധി സൂക്ഷ്മ ഘടകങ്ങളും. ഇതിനെ അരിച്ചെടുത്ത് ശ്വാസവായു ശുദ്ധീകരിക്കാന്‍ വഴിയുണ്ടോ? അത്തരമൊരു വഴിയാണ് ആംവേ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതുതലമുറ ഹോം എയര്‍ പ്യൂരിഫയറായ അറ്റ്മോസ്ഫിയര്‍ മിനി എന്ന ഫില്‍ട്ടറാണ് ഇന്ത്യയിലെ കുടുംബങ്ങളുടെ യഥാര്‍ത്ഥ ആവശ്യം തിരിച്ചറിഞ്ഞ് ആംവെ ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News