ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 16, 2020

Update: 2020-06-16 16:07 GMT

ഇന്ന് കേരളത്തില്‍ 79 കോവിഡ് രോഗികള്‍

സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 പോസിറ്റീവായി. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-23, യു.എ.ഇ.-12, ഖത്തര്‍-5, ഒമാന്‍-3, സൗദി അറേബ്യ-2, ബഹറിന്‍-1, തജിക്കിസ്ഥാന്‍-1) 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്‌നാട്-5, ഡല്‍ഹി-3, പശ്ചിമ ബംഗാള്‍-2, കര്‍ണാടക-1, ഗുജറാത്ത്-1, ഒഡീഷ-1) വന്നതാണ്.

ഇന്ത്യയില്‍

രോഗികള്‍: 343,091 (ഇന്നലെ 332,424 )

മരണം:9,900 (ഇന്നലെ 9,520)

ലോകത്ത്

രോഗികള്‍: 8,034,504 (ഇന്നലെ 7,900,924)

മരണം :436,899 (ഇന്നലെ 433,066)

ഓഹരി വിപണിയില്‍ ഇന്ന്

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നങ്ങള്‍ ഉയര്‍ത്തിയ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും സെന്‍സെക്സ് ചൊവ്വാഴ്ച 376.42 പോയ്ന്റ് ഉയര്‍ന്ന് 33605.22 ലും നിഫ്റ്റി 100.30 പോയ്ന്റ് ഉയര്‍ന്ന് 9914 ലും ക്ലോസ് ചെയ്തു. ഇന്ന് വ്യാപരം തുടങ്ങി ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 793 പോയ്ന്റ് വരെ താഴ്ന്നിരുന്നെങ്കിലും പിന്നീട് നഷ്ടം തിരിച്ചു പിടിക്കുകയായിരുന്നു. ആഗോള വിപണികളിലെ കരുത്തുറ്റ പ്രകടനം ഇന്ത്യന്‍ വിപണിക്കും തുണയായി.

കേരളകമ്പനികളുടെ ഇന്നത്തെ പ്രകടനം

കേരള കമ്പനികളെടുത്താല്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡും, കേരള ആയുര്‍വേദയും ഉള്‍പ്പെടെ 13 കമ്പനികള്‍ ഇന്ന് ഗ്രീന്‍ സോണിലായിരുന്നു. ശതമാനക്കണക്കില്‍ നോക്കിയാല്‍ ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ധനലക്ഷ്മി ബാങ്കാണ്. ബാങ്കിന്റെ ഓഹരി വില 19.95 ശതമാനം വര്‍ധിച്ച് 13.23 രൂപയിലെത്തി. മറ്റു കേരള ബാങ്കുകളായ സിഎസ്ബി ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ യഥാക്രമം 7.03 ശതമാനം, 0.43 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില 1.16 ശതമാനം ഇടിഞ്ഞ് 6.84 രൂപയിലെത്തി. തുടര്‍ച്ചയായ കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായി 2019-20 സാമ്പത്തിക വര്‍ഷത്തില്‍ സിഎസ്ബിയുടെ അറ്റാദായത്തില്‍ വര്‍ധന രേഖപ്പെടുത്തിയത് ഓഹരി വിലയിലും പ്രതിഫലിച്ചു.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ വില:

ഒരു ഗ്രാം സ്വര്‍ണം (22 കാരറ്റ്): 4,375 രൂപ (ഇന്നലെ 4,375 രൂപ)

ഒരു ഡോളര്‍ : 76.21 രൂപ (ഇന്നലെ 75.98 രൂപ )

ക്രൂഡ് ഓയ്ല്‍ നിലവാരം

WTI Crude38.93+1.81
Brent Crude41.58+1.86
Natural Gas1.613-0.056

മറ്റ് പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍:

സഹകരണത്തിലൂന്നിയ ഫെഡറലിസത്തിന് ഇന്ത്യ മികച്ച മാതൃകയെന്ന് മോദി

സമയോചിതമായ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയ്ക്ക് കോവിഡ്-19 വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ 21 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും കേന്ദ്ര ഭരണപ്രദേശങ്ങളിലെ ലഫ്.ഗവര്‍ണര്‍മാരുമായും നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. അതത് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ വിശദീകരിക്കുന്നതിലൂടെ ജൂണ്‍ 30-നു ശേഷം എന്തു ചെയ്യണമെന്ന് തീരുമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷത്തില്‍ ചൈനീസ് ഭാഗത്തും ജീവഹാനി

കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചൈനീസ് ഭാഗത്തും ജീവഹാനി ഉണ്ടായതായി റിപ്പോര്‍ട്ട്. കേണല്‍ അടക്കം മൂന്ന് ഇന്ത്യന്‍ സൈനികരാണ് ചൈനീസ് ആക്രണത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം എത്ര ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്നോ എത്ര പേര്‍ക്ക് പരിക്കേറ്റെന്നോ വ്യക്തമല്ല.

പ്രശ്‌നം വഷളാക്കരുതെന്ന് ചൈന

ലഡാക്കിലെ ഗാല്‍വന്‍ വാലിയില്‍ ചൈനീസ് പട്ടാളത്തിന്റെ ആക്രമണത്തില്‍ ഒരു കേണല്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ പ്രതികരണവുമായി ചൈന. ഇന്ത്യ ഏകപക്ഷീയ നടപടികള്‍ സ്വീകരിക്കരുതെന്നും പ്രശ്‌നം വഷളാക്കരുതെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചതായി വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

സ്വന്തം ജനങ്ങളില്‍നിന്ന് സര്‍ക്കാര്‍ കൊള്ളലാഭമുണ്ടാക്കുന്നു: സോണിയാ ഗാന്ധി

പത്താം ദിവസവും തുടരുന്ന ഇന്ധന വില വര്‍ധനവില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കോവിഡ് മഹാമാരിക്കിടെ ഇത്തരത്തില്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നതിന് യാതൊരു യുക്തിയുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തില്‍ അവര്‍ കുറ്റപ്പെടുത്തി. ജനങ്ങള്‍ പ്രയാസത്തിലായിരിക്കുമ്പോള്‍ അവരെ ഉപയോഗിച്ച് കൊള്ളലാഭമുണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.

ജിയോയില്‍ 1.5 ബില്യണ്‍ ഡോളര്‍ നിക്ഷപത്തിന് സൗദി പിഐഎഫ്

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ജിയോയില്‍ ഓഹരി നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യയുടെ സമ്പദ് ഫണ്ടായ പിഐഎഫ്. സൗദി പൊതു നിക്ഷേപ ഫണ്ട് (പിഐഎഫ്), ഏകദേശം 1.5 ബില്യണ്‍ ഡോളറിന് 2.33 ശതമാനം ഓഹരി ജിയോയില്‍ നിന്ന് ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ജിയോ കഴിഞ്ഞ എട്ട് ആഴ്ചയില്‍ ഫെയ്‌സ്ബുക്, സില്‍വര്‍ ലേക്ക്, വിസ്റ്റ ഇക്വിറ്റി പാര്‍ട്ണര്‍, ജനറല്‍ അറ്റ്ലാന്റിക്, കെകെആര്‍, മുബഡാല, എഡിഐഎ, ടിപിജി, എല്‍ കാറ്റര്‍ട്ടണ്‍ തുടങ്ങി 10 നിക്ഷേപകര്‍ക്ക് 104,326.95 കോടി രൂപയുടെ 22.3 ശതമാനം ഓഹരികളാണ് വിറ്റത്.

ബോയ്‌ക്കോട്ട് ചൈന ആഹ്വാനം ശക്തിപ്പെടുത്തി സ്വദേശി ജാഗരണ്‍ മഞ്ച്

കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന സംഘര്‍ഷ വാര്‍ത്തകള്‍ക്ക് പിന്നാലെ 'ബോയ്‌ക്കോട്ട് ചൈന' ആഹ്വാനം ശക്തിപ്പെടുത്തി ആര്‍.എസ്.എസ്. അനുബന്ധപ്രസ്ഥാനമായ സ്വദേശി ജാഗരണ്‍ മഞ്ച്. ചൈനയുമായി വ്യാപാരം തുടരുന്നവരുടെ കണ്ണു തുറപ്പിക്കുന്ന സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കണ്‍വീനര്‍ അശ്വിനി മഹാജന്‍ ട്വീറ്റ് ചെയ്തു. ഡല്‍ഹി-മീററ്റ് ആര്‍.ആര്‍.ടി.എസ്. നിര്‍മാണ പദ്ധതിയില്‍ നിന്നുള്ള ചൈനീസ് പങ്കാളിത്തം മാറ്റണമെന്നും അശ്വിനി ആവശ്യപ്പെടുന്നു.

ഇന്ത്യ-ചൈന സംഘര്‍ഷം മൂലം രൂപയുടെ മൂല്യമിടിഞ്ഞു

ഇന്ത്യ-ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് രൂപയുടെ മൂല്യമിടിഞ്ഞു. ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയതോടെ രാവിലത്തെ വ്യാപാരത്തില്‍ മൂല്യം 75.77 നിലവാരത്തിലേക്ക് ഉയര്‍ന്നിരുന്നു. പക്ഷേ, ഡോളറിനെതിരെ രൂപയുടെ മൂല്യം 76.24 നിലവാരത്തിലേക്ക് പിന്നീട് താഴ്ന്നു.

കൊറിയന്‍ സംയുക്ത ഓഫീസ് ഉത്തരകൊറിയ സ്‌ഫോടനത്തിലൂടെ തകര്‍ത്തു

ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാവുന്നതിനിടെ കൊറിയന്‍ സംയുക്ത ഓഫീസ് ഉത്തര കൊറിയ ബോംബിട്ട് തകര്‍ത്തു. ദക്ഷിണ കൊറിയയ്ക്ക് സമീപം കേയ്‌സോങിലെ ഇരുരാജ്യങ്ങളുടേയും സംയുക്ത ഓഫീസ് ആണ് തകര്‍ത്തത്. ഇരു രാജ്യങ്ങള്‍ക്കും തമ്മില്‍ ആശയവിനിമയം നടത്താനായി 2018-ലാണ് കേയ്‌സോങില്‍ സംയുക്ത ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനുവരി മുതല്‍ ഓഫീസില്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നില്ല.

മോറട്ടോറിയം വേണ്ടെന്നുവച്ച് ഭൂരിഭാഗം മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളും

റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച രണ്ടാംഘട്ട മോറട്ടോറിയം രാജ്യത്തെ 150 ഓളം വരുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും പ്രയോജനപ്പെടുത്തിയില്ലെന്നു റിപ്പോര്‍ട്ട്. ആദ്യഘട്ടമായി മാര്‍ച്ച് 27ന് പ്രഖ്യാപിച്ച മോറട്ടോറിയം ഈ കമ്പനികളേറെയും പ്രയോജനപ്പെടുത്തിയിരുന്നു. ലോക്ക്ഡൗണിന് വ്യാപകമായി ഇളവുനല്‍കിയതോടെ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെയും ഇടപാടുകള്‍ വര്‍ധിച്ചിട്ടുണ്ട്. അടിയന്തര വായ്പകള്‍ നല്‍കുന്നതിനാണ് ഈ സ്ഥാപനങ്ങള്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. അതിനാല്‍തന്നെ പിന്നീടു ബാധ്യതയുണ്ടാക്കുന്ന മോറട്ടോറിയം പ്രയോജനപ്പെടുത്താതെ മുന്നോട്ടുപോകാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കമ്പനികള്‍.

'ബോയ്‌ക്കോട്ട് പതഞ്ജലി' സമൂഹ മാധ്യമങ്ങളില്‍ ശക്തം; നേപ്പാള്‍ ഭൂപട പരിഷ്‌കരണം തിരിച്ചടിയായി

ഇന്ത്യയുടെ എതിര്‍പ്പു മറികടന്ന് നേപ്പാള്‍ സര്‍ക്കാര്‍ ഭൂപടം മാറ്റിയതിന്റെ തിരിച്ചടിയേറ്റ് ബാബാ രാംദേവിന്റെ പതഞ്ജലി. പതഞ്ജലിയുടെ 90 ശതമാനം ഓഹരിയും സ്വന്തമായുള്ള സിഇഒ ബാലകൃഷ്ണ നേപ്പാള്‍ സ്വദേശിയാണെന്നതിന്റെ പേരില്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ 'ബോയ്‌ക്കോട്ട് പതഞ്ജലി ' എന്ന ഹാഷ് ടാഗിലുള്ള പ്രചരണം തീവ്രമായിട്ടുണ്ട്.

വാട്‌സാപ്പ് വഴി വിവരം ചോര്‍ത്തല്‍: 15 ലക്ഷം രൂപ പിഴ ചുമത്തി സെബി

ഏഷ്യന്‍ പെയിന്റ്‌സിന്റെ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പ്രസിദ്ധീകരണത്തിന് മുന്‍പ് വാട്‌സാപ്പ് വഴി ചോര്‍ത്തിയ വ്യക്തിക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ പിഴ ചുമത്തി. നീരജ് കുമാര്‍ അഗര്‍വാള്‍ എന്നയാള്‍ക്ക് എതിരെയാണ് 15 ലക്ഷം രൂപ പിഴ ചുമത്തിയത്.

തൊഴില്‍ നിയമങ്ങളിലെ ഏകപക്ഷീയ നടപടികള്‍ തിരുത്തണമെന്ന് തൊഴിലാളി സംഘടനകള്‍

കോവിഡ്-19 പശ്ചാത്തലത്തില്‍ തൊഴിലാളിവിരുദ്ധനയങ്ങള്‍ രാജ്യവ്യാപകമാകുന്നതായി വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍. ഇത്തരം നയങ്ങള്‍ തിരുത്തണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് അവര്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ 'ലേബര്‍ റിലേഷന്‍സ് ഇന്‍ ഇന്ത്യ' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഐസിഐസിഐ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി

സ്വകാര്യമേഖല ബാങ്കായ ഐസിഐസിഐ ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്ക് പുതുക്കി. 25 ബിപിഎസ് ആണ് കുറച്ചത്. ഈ മാസം 4 ന് 50 ലക്ഷം രൂപ വരെയുള്ള സ്ഥിരനിക്ഷേപ പലിശ നിരക്ക് 3 ശതമാനമായി കുറച്ചിരുന്നു. 50 ലക്ഷം രൂപയ്ക്കും അതിനു മുകളിലുമുള്ള നിക്ഷേപത്തിന്റെ പലിശ നിരക്ക് 3.75 % ല്‍ നിന്ന് 3.50 % ആയും കുറച്ചു.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, ഒമ്പത് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചിലയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, കൊല്ലം, ഇടുക്കി എന്നീ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News