ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 12, 2021

ഭൂരിഭാഗം ഇന്ത്യന്‍ നഗരങ്ങളും അടുത്ത 6-8 ആഴ്ച അടഞ്ഞുകിടക്കുമെന്ന് ഐസിഎംആര്‍ മേധാവി. പ്ലാസ്മാ ദായകരുടെ ഡേറ്റാബേസ് ആരോഗ്യ സേതു വഴി ലഭിക്കും. 'വര്‍ക്ക് ഫ്രം ഹോട്ടല്‍' പാക്കേജ് അവതരിപ്പിച്ച് ഐആര്‍സിടിസി. പത്മകുമാര്‍ എം നായര്‍ 'ബാഡ്' ബാങ്ക് സിഇഒ ആകും. രണ്ട് ശമ്പളവര്‍ധന നല്‍കാനൊരുങ്ങി ഐടി കമ്പനികള്‍. ഇന്ത്യന്‍ ഓഹരി സൂചികയില്‍ വീണ്ടും ഇടിവ്. നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update: 2021-05-12 15:13 GMT

ഭൂരിഭാഗം ഇന്ത്യന്‍ നഗരങ്ങളും അടുത്ത 6-8 ആഴ്ച അടഞ്ഞുകിടക്കും

ഉയര്‍ന്ന കോവിഡ് കേസുകള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യത്തെ പ്രധാന നഗരങ്ങള്‍ അടുത്ത 6-8 ആഴ്ച അടച്ചിടേണ്ടി വരുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് പത്തുശതമാനത്തില്‍ കൂടുതലുള്ള രാജ്യത്തെ എല്ലാ നഗരങ്ങളിലും ലോക്ക്ഡൗണ്‍ തുടരേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
പ്ലാസ്മാ ദായകരുടെ ഡേറ്റാബേസ് ആരോഗ്യ സേതുവഴി ലഭിക്കും
പ്ലാസ്മാ ദാനം ചെയ്യാന്‍ കഴിയുന്നവരുടെ ഡേറ്റാ ബേസ് ഉണ്ടാക്കാനൊരുങ്ങി ആരോഗ്യ സേതു. കോവിഡ് -19 ല്‍ നിന്ന് മുക്തരായ പ്ലാസ്മ ദാതാക്കളുടെ ഡാറ്റാബേസ് നിര്‍മ്മിക്കാന്‍ കോണ്‍ടാക്റ്റ് ട്രെയ്സിംഗ് ആപ്ലിക്കേഷന്‍ ആണ് ആരോഗ്യ സേതു ഉപയോഗിക്കുക.
40 ദശലക്ഷം സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആദ്യം തന്നെ 5 ജി ലഭിക്കും
ഇന്ത്യയിലെ കുറഞ്ഞത് 40 ദശലക്ഷം സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ 5 ജി സാങ്കേതികവിദ്യ സ്വീകരിക്കാന്‍ കഴിയുമെന്ന് രിപ്പോര്‍ട്ട്. എറിക്സണ്‍ കണ്‍സ്യൂമര്‍ ലാബ് ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
വര്‍ക്ക് ഫ്രം ഹോട്ടല്‍ പാക്കേജ് അവതരിപ്പിച്ച് ഐആര്‍സിടിസി
'വര്‍ക്ക് ഫ്രം ഹോം' എന്നതിന് പകരം കേരളത്തിലെ ഹോട്ടല്‍ മുറികളില്‍ പ്രൊഫഷണലുകള്‍ക്ക് ഉന്മേഷദായകവും ആശ്വാസകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന 'വര്‍ക്ക് ഫ്രം ഹോട്ടല്‍' പാക്കേജ് അവതരിപ്പിച്ചതായി ഐആര്‍സിടിസി ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. റെയില്‍വേയുടെ കാറ്ററിംഗ്, ടൂറിസം വിഭാഗത്തിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്നും ഐആര്‍സിടിസി വ്യക്തമാക്കി. അഞ്ച് രാത്രി താമസത്തിനായി ട്രിപ്പിള്‍ ഒക്യുപെന്‍സിയിലുള്ള ഒരാള്‍ക്ക് 10,126 രൂപയുടെ പാക്കേജ് മുതലാണുള്ളത്. അതില്‍ അണുവിമുക്തമാക്കിയ മുറികള്‍, മൂന്ന് ഭക്ഷണവും, രണ്ടുതവണ ചായ / കോഫി, കോംപ്ലിമെന്ററി വൈ-ഫൈ, വാഹനത്തിന് സുരക്ഷിതമായ പാര്‍ക്കിംഗ് സ്ഥലം, യാത്രാ ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടുന്നു.
രണ്ട് ശമ്പളവര്‍ധന നല്‍കാനൊരുങ്ങി ഐടി കമ്പനികള്‍
രാജ്യത്തെ പല ഐടി കമ്പനികളും മാസങ്ങള്‍ക്കുള്ളില്‍ രണ്ടാം ഘട്ട ശമ്പള വര്‍ധനവും സ്ഥാനക്കയറ്റവും നല്‍കുമെന്ന് റിപ്പോര്‍ട്ട്. പകര്‍ച്ചവ്യാധി, ബിസിനസ്സ് മാന്ദ്യം എന്നിവ കാരണം കഴിഞ്ഞ വര്‍ഷത്തെ ശമ്പള വര്‍ധനവ് തുടക്കത്തില്‍ മാറ്റിവച്ചിരുന്നു. ആക്‌സെഞ്ചര്‍, വിപ്രോ, ഇന്‍ഫോസിസ് അടക്കം നിരവധി കമ്പനികള്‍ പുതിയ തീരുമാനം പ്രഖ്യാപിച്ചേക്കും.
ഓയോയ്ക്ക് നാല് ദിവസത്തെ പ്രവൃത്തി ദിവസം
ഹോസ്പിറ്റാലിറ്റി കമ്പനിയായ ഒയോ ആഴ്ചയില്‍ 4 ദിവസത്തെ പ്രവൃത്തി ദിവസമാക്കുന്നു. വര്‍ക്കിംഗ് ഷ്ഡ്യൂള്‍ മാറ്റുമെന്ന് ഒയോ സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ റിതേഷ് അഗര്‍വാള്‍ ആണ് ബുധനാഴ്ച ട്വീറ്റിലൂടെ അറിയിച്ചത്. കാരണം കാണിക്കാതെ തന്നെ പെയ്ഡ് ലീവ് എടുക്കാനുള്ള സൗകര്യവും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
പത്മകുമാര്‍ എം നായര്‍ 'ബാഡ്' ബാങ്ക് സിഇഒ ആകും
ബാങ്കുകളുടെ കിട്ടാക്കടം പിരിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമാകുന്ന നാഷണല്‍ അസ്റ്റ് റികണ്‍സ്ട്രക്ഷന്‍ കമ്പനി(എന്‍എആര്‍സിഎല്‍)യുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായി മലയാളിയായ പത്മകുമാര്‍ എം നായര്‍ നിയമിതനാകും. 'ബാഡ്' ബാങ്ക് എന്നറിയപ്പെടുന്ന എന്‍എആര്‍സിഎല്‍ ഈ വര്‍ഷം ജൂണില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് കരുതുന്നത്.
വീണ്ടും ഇന്ധന വില വര്‍ധനവ്
കൊവിഡ് ലോക്ക്ഡൗണ്‍ പ്രതിസന്ധിക്കിടെ വീണ്ടും ഇന്ധനവില വര്‍ധന. പെട്രോള്‍ ഡീസലിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 94 രൂപ കടന്നു. മെയ് 4ന് ശേഷം ഇത് ഏഴാം തവണയാണ് ഇന്ധനവില വര്‍ധിക്കുന്നത്.
ഇന്ത്യയിലേക്ക് പണമയയ്ക്കാന്‍ ഫെഡറല്‍ ബാങ്ക്-മശ്രിഖ് ബാങ്ക് ധാരണ
ഇനി പ്രവാസികള്‍ക്ക് യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് അതിവേഗം പണമയയ്ക്കാം. യുഎഇയിലെ മുന്‍നിര ധനകാര്യ സ്ഥാപനമായ മശ്രിഖ് ബാങ്കും ഫെഡറല്‍ ബാങ്കും തമ്മില്‍ സഹകരണത്തിന് ധാരണയായി. യുഎഇയിലെ ഏറ്റവും പഴയ ബാങ്കുകളിലൊന്നായ മശ്രിഖിന് 12 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. യുഎഇയിലെ ഏക സ്വകാര്യ ബാങ്ക് കൂടിയാണ് മശ്രിഖ്.
ഇന്ത്യന്‍ ഓഹരി സൂചികയില്‍ വീണ്ടും ഇടിവ്
ആഗോള വിപണി ദുര്‍ബലമായി തുടരുന്നു. ഇന്ത്യന്‍ ഓഹരി സൂചികയില്‍ വീണ്ടും ഇടിവ്. സെന്‍സെക്സ് 471.01 പോയ്ന്റ് ഇടിഞ്ഞ് 48690.80 പോയ്ന്റും നിഫ്റ്റി 154.30 പോയ്ന്റ് ഇടിഞ്ഞ് 14696.50 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. 1571 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1443 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 15 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളില്‍ പകുതിയും ഇന്ന് നേട്ടമുണ്ടാക്കി
കേരള കമ്പനികളുടേത് സമ്മിശ്ര പ്രകടനമായിരുന്നു ഇന്ന്. 14 ഓഹരികള്‍ നേട്ടമുണ്ടാക്കി. പാറ്റ്സ്പിന്‍ ഇന്ത്യ (9.85 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് ( 6.62 ശതമാനം), എഫ്എസിടി (4.75 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് (4.50 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (3.43 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (2.86 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.
Gold & Silver Price Today
സ്വര്‍ണം : 4500, ഇന്നലെ : 4470
വെള്ളി : 75.90, ഇന്നലെ : 71.60
കോവിഡ് അപ്‌ഡേറ്റ്‌സ് - May 12, 2021
കേരളത്തില്‍ ഇന്ന്
രോഗികള്‍:43,529​
മരണം: 95
ഇന്ത്യയില്‍ ഇതുവരെ
രോഗികള്‍ :23,340,938​
മരണം: 254,197​
ലോകത്തില്‍ ഇതുവരെ
രോഗികള്‍:159,338,940​
മരണം: 3,313,013​



 


Tags:    

Similar News