ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; മെയ് 26, 2020

Update: 2020-05-26 14:44 GMT

കേരളത്തില്‍ ഇന്ന് 67 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 67 പേര്‍ക്ക് കോവിഡ്. ഇന്നലെ 49 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. ഇന്ന് പാലക്കാട് 29 പേര്‍ക്കും കണ്ണൂര്‍ എട്ട് പേര്‍ക്കും കോട്ടയത്ത് ആറ് പേര്‍ക്കും മലപ്പുറം, എറണാകുളം അഞ്ച് വീതവും തൃശൂര്‍, കൊല്ലം നാല് പേര്‍ക്കും കാസര്‍കോട്, ആലപ്പുഴ എന്നിവിടങ്ങില്‍ മൂന്ന് പേര്‍ക്കുമാണ് കോവിഡ്. പത്തു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിട്ടുമുണ്ട്.

ഇന്ത്യയില്‍

രോഗികള്‍ : 145,380 (ഇന്നലെ 138,845

മരണം : 4,167 (ഇന്നലെ 4,021

ലോകത്ത്

രോഗികള്‍: 5,495,061 (ഇന്നലെ 5,407,613)

മരണം: 3,46,232 (ഇന്നലെ 3,45,059 )

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ വില

ഒരു ഗ്രാം സ്വര്‍ണം: 4,350 രൂപ (ഇന്നലെ 4,352 )

ഒരു ഡോളര്‍ : 75.44 രൂപ (ഇന്നലെ 75.90)

ക്രൂഡ് ഓയ്ല്‍

WTI Crude 34.27 +1.02 (ഇന്നലെ: 33.48 +0.23)

Brent Crude 36.16 +0.63 (ഇന്നലെ :35.15 +0.02 )

Natural Gas 1.780 +0.049 (ഇന്നലെ: 1.724 0.007 )

ഓഹരി വിപണിയില്‍ ഇന്ന്

സെന്‍സെക്സ് 63.29 പോയന്റ് ഇടിഞ്ഞ് 30609.30 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 0.21 ശതമാനത്തിന്റെ ഇടിവ്. നിഫ്റ്റി 9029.05 പോയിന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 10.20 പോയിന്റ് ഇടിവാണ് ഇന്നുണ്ടായത്. അതേസമയം ബിഎസ്ഇ മിഡ്കാപ് സൂചിക 136.56 പോയ്ന്റ് കൂടി 11406.58 പോയ്ന്റിലെത്തി. 1.21 ശതമാനത്തിന്റെ വര്‍ധന. സ്വര്‍ണ സൂചിക ഇടിഞ്ഞപ്പോള്‍ വെള്ളി നേട്ടമുണ്ടാക്കി. സ്വര്‍ണം 258 പോയ്ന്റ് ഇടിഞ്ഞ് 46723 പോയിന്റില്‍ എത്തിയപ്പോള്‍ വെള്ളി 128 പോയ്ന്റ് വര്‍ധിച്ച് 48420 പോയ്ന്റിലെത്തി. ആഗോള വിപണി ഏതാനും ദിവസങ്ങളായി തുടര്‍ച്ചയായ നേട്ടം ഉണ്ടാക്കുമ്പോഴും അതിനൊത്ത് ഉണരാന്‍ ദേശീയ വിപണിക്ക് സാധിച്ചിട്ടില്ല

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികള്‍ സമ്മിശ്ര പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്. പത്തു കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 13 കമ്പനികളുടെ വിലയിടിഞ്ഞു. നാല് കമ്പനികളുടെ ഓഹരി വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല. നേട്ടമുണ്ടാക്കിയ കമ്പനികളില്‍ കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ ആണ് മുന്നില്‍. ഓഹരി വില 5.85 രൂപ വര്‍ധിച്ച് 110.35 രൂപയിലെത്തി. 5.60 ശതമാനം വര്‍ധന. എവിറ്റി നാച്വറല്‍സിന്റെ വില 1.65 രൂപ വര്‍ധിച്ച് 35.75 രൂപയും കേരള ആയുര്‍വേദയുടേത് 1.70 രൂപ വര്‍ധിച്ച് 44.50 രൂപയും ഫെഡറല്‍ ബാങ്കിന്റേത് 1.10 രൂപ വര്‍ധിച്ച് 38.45 രൂപയുമായി. യഥാക്രമം 4.84, 3.97, 2.95 ശതമാനം വര്‍ധന. അപ്പോളോ ടയേഴ്സിന്റെ ഓഹരി വിലയില്‍ 2.27 ശതമാനം വര്‍ധനയുണ്ടായി. 2.05 രൂപ വര്‍ധിച്ച് 92.40 രൂപയായി.

മറ്റ് വാര്‍ത്തകള്‍ ചുരുക്കത്തില്‍:

ഇന്ത്യയ്ക്ക് പുറത്ത് ഐ പി ഒ നടത്താന്‍ ജിയോ പ്ലാറ്റ്‌ഫോംസ് നീക്കം

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഡിജിറ്റല്‍, വയര്‍ലെസ് ബിസിനസ്സിന്റെ വിദേശ ലിസ്റ്റിംഗിനായുള്ള പ്രാരംഭ തയ്യാറെടുപ്പിന് ബാങ്കുകളുമായി ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്. 10 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഒരു മാസത്തിനുള്ളില്‍ വിദേശത്തുനിന്ന് എത്തിയതിന്റെ ബലത്തില്‍ ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ഗ്രൂപ്പ് ഇന്ത്യയ്ക്ക് പുറത്ത് ഒരു പ്രാരംഭ പൊതു ഓഫറിനായി ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിനെ സജ്ജമാക്കുന്നതായും സൂചനയുണ്ട്. അടുത്ത 12 - 24 മാസത്തിനുള്ളില്‍ ഓഫര്‍ സംഭവിക്കുമെന്നാണു റിപ്പോര്‍ട്ട്.

രജിസ്റ്റര്‍ ചെയ്യാതെ കേരളത്തിലേക്ക് വന്നാല്‍ പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി

രജിസ്റ്റര്‍ ചെയ്യാതെ കേരളത്തിലേക്ക് വരുന്നവരില്‍ നിന്ന് കനത്ത പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവര്‍ക്ക് 28 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനും ഏര്‍പ്പെടുത്തും. മലയാളികള്‍ക്ക് സംസ്ഥാനത്തേക്ക് തിരികെ വരാനുള്ള പാസിന്റെ മറവില്‍ തമിഴ്‌നാട്ടില്‍നിന്ന് കെട്ടിട നിര്‍മാണ തൊഴിലാളികള്‍ വരുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിദേശത്തുനിന്ന് കേരളത്തിലേക്ക് തിരിച്ചെത്താന്‍ രജിസ്റ്റര്‍ ചെയ്തത് 1.34 ലക്ഷം പേര്‍

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചെത്താന്‍ 3,80,000 പേരാണ് രജിസ്റ്റര്‍ ചെയ്തതെന്ന് മുഖ്യമന്ത്രി . ഇതില്‍ 2,16,000 പേര്‍ക്ക് പാസ് നല്‍കി. ഇതില്‍ 1,01,779 പേര്‍ സംസ്ഥാനത്ത് എത്തി. വിദേശത്തുനിന്ന് തിരിച്ചെത്താന്‍ 1,34,000 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 11,181 പേര്‍ മെയ് 25 വരെ സംസ്ഥാനത്ത് എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് : നിയന്ത്രണങ്ങള്‍ തുടരുന്നില്ലെങ്കില്‍ കേരളത്തില്‍ സമൂഹ വ്യാപന സാധ്യത

കേരളം ഇപ്പോള്‍ കോവിഡ് സമൂഹ വ്യാപനഘട്ടത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും ആവശ്യമായ നിയന്ത്രണങ്ങള്‍ തുടരുന്നില്ലെങ്കില്‍ ഏത് ഘട്ടത്തിലും സമൂഹവ്യാപന സാധ്യത ഉണ്ടെന്ന് മുഖ്യമന്ത്രി. ഇപ്പോള്‍ നമ്മള്‍ സമൂഹവ്യാപനത്തിന്റെ വക്കില്‍ നില്‍ക്കുന്നു എന്ന് വേണമെങ്കില്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു.

അറബിക്കടലില്‍ ന്യൂനമര്‍ദം മേയ് 31 ഓടെ

മേയ് 31 ഓടു കൂടി തെക്ക് കിഴക്കന്‍ അറബിക്കടലിലും മധ്യ-കിഴക്കന്‍ അറബിക്കടലിലുമായി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കേരളത്തില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികള്‍ മേയ് 31 മുതല്‍ ജൂണ്‍ 4 വരെ യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടില്ലെന്ന മുന്നറിയിപ്പുണ്ട്.

കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ ശക്തമായ നടപടികള്‍ വേണമെന്ന് സുപ്രീം കോടതി

കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ചില പോരായ്മകളുണ്ടെന്ന് ജസ്റ്റീസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികളില്‍ ഒരു വിഭാഗം റോഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സംസ്ഥാന അതിര്‍ത്തികളിലും കുടുങ്ങി കിടക്കുകയാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രശ്‌ന പരിഹാരത്തിന് ശക്തമായ നടപടികള്‍ വേണമെന്നും കോടതി നിര്‍ദേശിച്ചു.

കടം വീട്ടുന്നതിന് വൈദ്യുതി വിതരണ കമ്പനി ഓഹരികള്‍ വില്‍ക്കാന്‍ അനില്‍ അംബാനി

ഡല്‍ഹിയിലെ വൈദ്യുതി വിതരണ കമ്പനി ഓഹരികള്‍ പൂര്‍ണമായി വില്‍ക്കാന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ കെ.പി.എം.ജി.യെ ചുമതലപ്പെടുത്തി.അനില്‍ അംബാനി ഗ്രൂപ്പ് 21 ദിവസത്തിനകം 71.7 കോടി ഡോളര്‍ ചൈനയിലെ ബാങ്കുകള്‍ക്ക് കൈമാറണമെന്ന ലണ്ടന്‍ കോടതി വിധി നടപ്പാക്കുന്നതിന് ബാങ്കുകള്‍ ഇന്ത്യയിലെ കോടതികളെ സമീപിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ നീക്കം. 51 ശതമാനം വീതം ഓഹരികളാണ് വില്‍ക്കുന്നത്. ഈ കമ്പനികളില്‍ ബാക്കിയുള്ള 49 ശതമാനം വീതം ഓഹരികള്‍ ഡല്‍ഹി സര്‍ക്കാരിന്റെ കൈവശമാണുള്ളത്. ഇറ്റാലിയന്‍ കമ്പനിയായ ഈനെല്‍ ഗ്രൂപ്പ്, ഇന്ത്യയിലെ പുനരുത്പാദന ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍കോ, അഹമ്മദാബാദ്, ആഗ്ര ഉള്‍പ്പെടെ നഗരങ്ങളില്‍ വൈദ്യുതി വിതരണം നിര്‍വഹിക്കുന്ന ടൊറന്റ് പവര്‍ എന്നീ കമ്പനികള്‍ ബിഡ് നല്‍കിയിട്ടുണ്ട്.

ജനുവരി -മാര്‍ച്ച് പാദത്തിലേത് എട്ട് വര്‍ഷത്തിലെ ഏറ്റവും മന്ദഗതിയിലുളള വളര്‍ച്ചാ നിരക്ക്

ജനുവരി -മാര്‍ച്ച് പാദത്തില്‍ എട്ട് വര്‍ഷത്തിനുള്ളിലെ ഏറ്റവും മന്ദഗതിയിലുളള വളര്‍ച്ചാ നിരക്കിലേക്ക് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ നീങ്ങിയേക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. മെയ് 20 മുതല്‍ 25 വരെ നടന്ന 52 സാമ്പത്തിക വിദഗ്ധരുടെ വോട്ടെടുപ്പ് സൂചിപ്പിക്കുന്നത്, ഒരു വര്‍ഷം മുമ്പുള്ള മാര്‍ച്ച് പാദത്തിലെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യം 2.1 ശതമാനം മാത്രമാണ് വളര്‍ച്ചാ നിരക്ക് പ്രകടിപ്പിച്ചതെന്നാണ്. ഇത് 2012 ന്റെ തുടക്കത്തില്‍ രേഖപ്പെടുത്തയിതിന് ശേഷമുളള ഏറ്റവും ദുര്‍ബലമായ പാദമായിരിക്കും.

'കാര്‍ ദേഖോ'യില്‍ പിരിച്ചുവിടല്‍, വേതനം വെട്ടിക്കുറയ്ക്കല്‍

ഓണ്‍ലൈന്‍ ഓട്ടോ ക്ലാസിഫൈഡ് പോര്‍ട്ടലായ 'കാര്‍ ദേഖോ', ഇരുന്നൂറോളം ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഉടനീളം ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയുന്നു. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാരെ പിരിച്ചുവിട്ട സ്റ്റാര്‍ട്ടപ്പുകളുടെ പരമ്പരയിലെ ഏറ്റവും പുതിയ കമ്പനിയാണ് ജയ്പൂര്‍ ആസ്ഥാനമായുള്ള കാര്‍ ദേഖോ.

മൊറട്ടോറിയ കാലയളവില്‍ പലിശ ഒഴിവാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്

റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുള്ള മൊറട്ടോറിയത്തിന്റെ കാലയളവില്‍ വായ്പകളുടെ പലിശ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്. ഐസിഐസിഐ ബാങ്കില്‍ നിന്ന് 37 ലക്ഷം രൂപ ഭവനവായ്പ എടുത്ത ആഗ്ര നിവാസിയായ ഗജേന്ദ്ര ശര്‍മയാണ് ഹര്‍ജിക്കാരന്‍. ജസ്റ്റിസ് അശോക് ഭൂഷണ്‍ നേതൃത്വം നല്‍കുന്ന ബെഞ്ച് റിസര്‍വ് ബാങ്കിനും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയക്കുകയും അടുത്ത ആഴ്ച കേസ് പരിഗണിക്കാന്‍ സമ്മതിക്കുകയും ചെയ്തു.

ചൂതാട്ടത്തിന്റെ 'രാജാവ് 'സ്റ്റാന്‍ലി ഹൊ അന്തരിച്ചു

ചൂതാട്ടത്തിന്റെ രാജാവെന്ന വിളിപ്പേരുള്ള സ്റ്റാന്‍ലി ഹൊ അന്തരിച്ചു. അമേരിക്കയിലെ ലാസ് വെഗാസിനെ മറികടക്കുന്ന തരത്തില്‍ ലോകത്തെ മികച്ച ചൂതാട്ടകേന്ദ്രമായി ചൈനയോടു ചേര്‍ന്നുള്ള മക്കാവു ദ്വീപ്് മാറിയതിന് പിന്നില്‍ സ്റ്റാന്‍ലി ഹൊ (98) ആയിരുന്നു.

ലോക്ഡൗണ്‍ നീട്ടുന്നത് സാമ്പത്തിക ദുരന്തത്തിന് മാത്രമല്ല കാരണമാകുന്നത്, മെഡിക്കല്‍ ദുരന്തത്തിന് കൂടി: ആനന്ദ് മഹീന്ദ്ര

ലോക്ഡൗണ്‍ ഇനിയും നീട്ടുന്നത് സാമ്പത്തികമായ ദുരന്തത്തിന് മാത്രമല്ല, മറ്റൊരു മെഡിക്കല്‍ ദുരന്തത്തിന് കൂടി വഴിതെളിക്കുമെന്ന് ആനന്ദ്ര മഹീന്ദ്ര. താന്‍ ഇതേക്കുറിച്ച് മുമ്പും പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം ഇത് ട്വിറ്ററില്‍ കുറിച്ചത്. നയനിര്‍മാതാക്കള്‍ക്ക് എന്ത് തെരഞ്ഞെടുക്കണമെന്നത് എളുപ്പമല്ലെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ ലോക്ഡൗണ്‍ കൊണ്ട് പ്രയോജനമില്ലെന്ന് അദ്ദേഹം പറയുന്നു. ഇന്ന് പിപിഇ കിറ്റ് അണിഞ്ഞുനില്‍ക്കുന്ന വിമാനജീവനക്കാരുടെയും ഫേസ്ഷീല്‍ഡും മാസ്‌കുമൊക്കെ അണിഞ്ഞ യാത്രക്കാരുടെയും ചിത്രം പങ്കുവെച്ചുകൊണ്ട് ഇത് ഒരു സയന്‍സ് ഫിക്ഷന്‍ സിനിമ പോലെ തോന്നിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എടിഎമ്മുകള്‍ മാറുന്നു, വെര്‍ച്വല്‍ ബാങ്ക് ശാഖകളായി

രാജ്യത്തെ എടിഎമ്മുകളുടെയൊക്കെ മുഖം മാറിക്കൊണ്ടിരിക്കുകയാണ്. ഏകദേശം 95 ശതമാനം എടിഎമ്മുകളും നൂതനമായ സൗകര്യങ്ങളിലേക്ക് മാറുന്നതിനായി വിവിധ ബാങ്കുകള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പണം പിന്‍വലിക്കുന്നതു പോലെ നിക്ഷേപിക്കുന്നതിനും അത് അപ്പോള്‍ തന്നെ എക്കൗണ്ടില്‍ പ്രതിഫലിക്കുകയും ചെയ്യുന്ന തരത്തിലേക്ക് എടിഎമ്മുകള്‍ മാറിയിരിക്കുന്നു. എടിഎമ്മുകള്‍ വെര്‍ച്വല്‍ ബാങ്കു ശാഖകളായി പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ ഇനി, ഇടപാടുകാര്‍ക്ക് ബാങ്ക് ശാഖകള്‍ തേടി പോകാനുള്ള സമയവും ചെലവും ലാഭിക്കാം എന്നര്‍ത്ഥം. രാജ്യത്ത് ആകെയുള്ള 2.4 ലക്ഷം എടിഎമ്മുകളില്‍ 14.6 ശതമാനത്തോളം (35,000 എണ്ണം) പുതിയ രീതിയിലേക്ക് മാറിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഏകദേശം 5.5 ലക്ഷം രൂപയാണ് ഓരോ പുതിയ എടിഎമ്മുകളുടെയും വില. സാധാരണ എടിഎമ്മുകളുടേത് മൂന്നു ലക്ഷം രൂപ മാത്രമായിരിക്കേയാണിത്.

സ്വര്‍ണത്തിലല്ല, റിയല്‍ എസ്റ്റേറ്റിലാണ് സ്ത്രീകളുടെ താല്‍പ്പര്യമെന്ന് റിപ്പോര്‍ട്ട്

രാജ്യത്തെ സ്ത്രീകളുടെ നിക്ഷേപ മനോഭാവത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് പഠന റിപ്പോര്‍ട്ട്. നേരത്തേ സ്വര്‍ണവും ബാങ്കുകളിലെ സ്ഥിര നിക്ഷേപവുമായിരുന്നു അവരുടെ ആദ്യ പരിഗണനയെങ്കില്‍ ഇന്ന് റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിനോടാണ് താല്‍പ്പര്യമെന്ന് പഠനറിപ്പോര്‍ട്ട്. അനറോക്ക്-എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് നടത്തിയ കണ്‍സ്യൂമര്‍ സെന്റിമെന്റ് സര്‍വേയിലാണ് ഇത് വെളിവായത്. സര്‍വേയില്‍ പങ്കെടുത്തു 57 ശതമാനം പേരും റിയല്‍ എസ്റ്റേറ്റിനെയാണ് ഒന്നാമതായി കാണുന്നത്. 28 ശതമാനം പേര്‍ ഓഹരി വിപണിയെ തെരഞ്ഞെടുത്തു എന്നതും ശ്രദ്ധേയമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News