ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 15, 2020

Update: 2020-09-15 13:25 GMT

ലോക്ക് ഡൗണിനിടയിലും പ്രവാസികള്‍ ഇന്ത്യയിലേക്കയച്ചത് 136 ബില്യണ്‍ ഡോളര്‍

ലോകം മുഴുവന്‍ ലോക്ക് ഡൗണിലും തൊഴില്‍ രംഗത്ത് അസ്ഥിരതയും ആണെങ്കിലെന്താ പ്രവാസികള്‍ ഇന്ത്യയിലേക്കയക്കുന്ന പണത്തിനെ അത് ബാധിച്ചിട്ടേയില്ലെന്ന് കണക്കുകള്‍. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ മാത്രം 460 കോടി ഡോളര്‍ രാജ്യത്തേക്കെത്തിയതായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായതിനേക്കാള്‍ 50 ശതമാനം കൂടുതലാണിത് എന്നതും ശ്രദ്ധേയം. 305 കോടി ഡോളറായിരുന്നു 2019 ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയിലേക്ക് പ്രവാസികള്‍ അയച്ചിരുന്നത്.

ഈ വര്‍ഷം ജൂലൈ ആയപ്പോഴേക്കും ആകെ വിദേശത്തു നിന്നുള്ള പണം 135.36 ബില്യണ്‍ ഡോളറായി. ഈ വര്‍ഷം മാര്‍ച്ച് വരെ 130.58 ബില്യണ്‍ ഡോളറായിരുന്നു ഇത്. 2019 മാര്‍ച്ചില്‍ 133.12 ബില്യണ്‍ ഡോളറും 2018 മാര്‍ച്ചില്‍ 124.44 ബില്യണ്‍ ഡോളറുമായിരുന്നു ഇന്ത്യയിലേക്ക് വിദേശ ഇന്ത്യക്കാര്‍ അയച്ചിരുന്നത്.

രാജ്യത്തേക്ക് ഒഴുകിയെത്തിയ പണത്തിന്റെ സിംഹഭാഗവും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നാണ്. യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രവാസികള്‍ വന്‍തോതില്‍ പണമയച്ചു. ഏപ്രിലോടെ ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ അടച്ചിടുകയും ശമ്പളത്തില്‍ കുറവു വരുത്തുകയും ചെയ്തതിനു പിന്നാലെ പലിശ നിരക്കിലും കാര്യമായ കുറവുണ്ടായി. ഇതോടെയാണ് ഇന്ത്യയിലേക്ക് പണമൊഴുകിയതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

എല്‍ഐസിയുടെ ഐപിഒ ഉടന്‍ നടക്കില്ല

മൂല്യനിര്‍ണയ പ്രക്രിയ അടക്കമുള്ള കാര്യങ്ങള്‍ നീണ്ടു പോകുന്ന സാഹചര്യത്തില്‍ ഏറെ നാളായി കാത്തിരിക്കുന്ന, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എല്‍ഐസി) യുടെ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) നടപ്പു സാമ്പത്തിക വര്‍ഷത്തിലും സാധ്യമാകില്ല.

ഐപിഒ നടത്തുന്നതിന് അത്യാവശ്യമായി നിര്‍വഹിക്കേണ്ട ആസ്തിയുടെ മൂല്യനിര്‍ണയം നടത്തുന്നതിനുള്ള നടപടി പോലും ഇതുവരെയായില്ല. ഇതിന് ചുരുങ്ങിയത് ആറു മുതല്‍ എട്ടു മാസം വരെ സമയമെടുക്കും, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാര്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2020-21 സാമ്പത്തിക വര്‍ഷം 2.1 ലക്ഷം കോടി രൂപ ഓഹരി വിറ്റഴിക്കലിലൂടെ സമാഹരിക്കാമെന്ന ലക്ഷ്യം നിലവിലെ സാമ്പത്തിക പ്രശ്നങ്ങള്‍ക്കിടയില്‍ കൈവരിക്കാനാകുമോ എന്ന സംശയവും ഉയരുന്നുണ്ട്. ഈ ലക്ഷ്യം നേടുന്നതിന്റെ ഭാഗമായാണ് എല്‍ഐസിയുടെ ഐപിഒ നടത്താന്‍ ഒരുങ്ങുന്നതും. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി കടന്നു പോയി. ഐപിഒ യാഥാര്‍ത്ഥ്യമാകാന്‍ നിരവധി കാര്യങ്ങള്‍ ഇനിയും ചെയ്തു തീര്‍ക്കേണ്ടതുമുണ്ട്.

വിലക്കയറ്റം ഉയര്‍ന്നുതന്നെ, റീറ്റെയ്ല്‍ പണപ്പെരുപ്പം 6.69 ശതമാനത്തില്‍

ഓഗസ്റ്റില്‍ ഇന്ത്യയിലെ റീറ്റെയ്ല്‍ പണപ്പെരുപ്പം 6.69 ശതമാനത്തിലെത്തി. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ് നിരക്കാണിത്. ജൂലൈയില്‍ ഇത് 6.73 ശതമാനമായിരുന്നു. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്നുനില്‍ക്കുന്നതാണ് റീറ്റെയ്ല്‍ പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിലേക്ക് നില്‍ക്കുന്നതിന് കാരണം.

കോവിഡ് 19 പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ചുമാസമായി രാജ്യത്തിന്റെ വളര്‍ച്ച ചുരുങ്ങിയിരിക്കുകയും പണപ്പെരുപ്പനിരക്ക് കുത്തനെ ഉയര്‍ന്നുനില്‍ക്കുകയുമാണ്. റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള ആറ് ശതമാനം എന്ന ഉയര്‍ന്ന പരിധിക്ക് മുകളിലാണ് നിലവിലെ പണപ്പെരുപ്പം.

ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില വരും നാളുകളിലും ഉയര്‍ന്നുതന്നെ നില്‍ക്കാനുള്ള സാധ്യതയാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സപ്ലൈ ചെയ്നിലും ഉല്‍പ്പാദനത്തിനുമുള്ള തടസങ്ങള്‍ കൊണ്ട് സാമ്പത്തികവ്യവസ്ഥ സാധാരണഗതിയിലേക്ക് വരാന്‍ ഇനിയും സമയമെടുക്കും.

കോവിഡ് വാക്സിന്‍ എല്ലാവരിലേക്കും എത്താന്‍ അഞ്ചുവര്‍ഷം എങ്കിലും എടുക്കും

ലോകം അവസാനപ്രതീക്ഷയെന്ന നിലയില്‍ ഉറ്റുനോക്കുന്നത് കോവിഡ് വാക്സിനിലേക്കാണ്. എന്നാല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയുടെ വാക്കുകള്‍ ആശങ്കയുളവാക്കുന്നതാണ്. 2024 അവസാനമായാലും വാക്സിന്‍ ലോകത്ത് എല്ലാവരിലേക്കും എത്തിക്കാന്‍ സാധിക്കില്ലെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മേധാവിയായ അദാര്‍ പൂനവാല പറയുന്നത്.

''ഭൂമിയിലെ എല്ലാവര്‍ക്കും വാക്സിന്‍ ലഭിക്കാന്‍ നാല് മുതല്‍ അഞ്ച് വര്‍ഷം വരെയെടുക്കും.'' പൂനവാല പറഞ്ഞു. ഫിനാന്‍ഷ്യല്‍ ടൈംസ് നടത്തിയ ഇന്റര്‍വ്യൂവിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ വാക്സിന്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ കരാര്‍ നേടിയിരിക്കുന്നത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. വാക്സിന്‍ നിര്‍മാണരംഗത്തെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനിയാണ് പൂനെയില്‍ പ്രവര്‍ത്തിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട്.

ഒരു ലക്ഷം പേരെ പുതിയതായി നിയമിക്കാനൊരുങ്ങി ആമസോണ്‍

ലോക്ഡൗണ്‍ ദിനങ്ങളില്‍ നിരവധി പേരെ പിരിച്ചുവിട്ടെങ്കിലും ഒരു ലക്ഷം പേരെ പുതുതായി നിയമിക്കാനൊരുങ്ങുകയാണ് ആമസോണ്‍ എന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ തൊഴിലന്വേഷകര്‍ക്ക് പുതിയ അവസരമായി ഇന്ത്യയില്‍ നിന്നു തന്നെ നിരവധി നിയമനങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ട് ടൈം ആയും ഫുള്‍ടൈം ആയും ഉള്ള ജോലികള്‍ക്കാണ് അവസരമുള്ളത്. ഓര്‍ഡറുകള്‍ കുത്തനെ ഉയര്‍ന്നതോടെയാണ് പുതിയ ടമിനെ വിന്യസിക്കാനുള്ള നീക്കം. ലോജിസ്റ്റിക്സ് വിഭാഗത്തിലേക്കായിരിക്കും നിയമനം.

ഓര്‍ഡറുകള്‍ പായ്ക്ക് ചെയ്യല്‍, കയറ്റുമതി ചെയ്യല്‍, അടുക്കല്‍ തുടങ്ങിയവയാണ് ഒഴിവുള്ള പുതിയ ജോലികളെന്ന് കമ്പനി അറിയിച്ചു. അവധിക്കാല നിയമനവുമായി സാധാരണ താല്‍ക്കാലിക ജീവനക്കാരെ ആമസോണ്‍ നിയമിക്കുന്നതാണെങ്കിലും അതുമായി ഇതിന് ബന്ധമില്ലെന്നും ആമസോണ്‍ വ്യക്തമാക്കി.

അതേസമയം 33,000ത്തോളം കോര്‍പ്പറേറ്റ്, ടെക് ജോലികള്‍ നികത്തേണ്ടതായി ഉണ്ടെന്ന് കഴിഞ്ഞ ആഴ്ച കമ്പനി വ്യക്തമാക്കിയിരുന്നു. ഈ മാസം 100 പുതിയ വെയര്‍ഹൗസുകള്‍, പാക്കേജ് സോര്‍ട്ടിംഗ് സെന്ററുകള്‍ എന്നിവയും സെറ്റ് ചെയ്യുകയാണ് കമ്പനി. രാജ്യത്തെ റീട്ടെയ്ല്‍ ഭീമന്മാരായ ആമസോണ്‍ ജിയോയുമായാണ് മത്സരിക്കുന്നത്. ഈ വെയര്‍ഹൗസുകളിലേക്കും നിരവധി ആളുകളെ ആവശ്യമാണെന്ന് ആമസോണ്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം

കേരളത്തില്‍ സെപ്റ്റംബര്‍ 15 ന് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. പവന് 240 രൂപ വര്‍ധിച്ച് 38,160 രൂപയ്ക്കാണ് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ 120 രൂപയുടെ വര്‍ധനവാണ് ഉണ്ടഡായിരുന്നത്. ഈ മാസം ആദ്യമായാണ് സ്വര്‍ണ വില 38,000 രൂപയ്ക്ക് മുകളിലേയ്ക്ക് ഉയരുന്നത്. ഒരു ഗ്രാമിന് 4770 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം സ്വര്‍ണത്തിന് പൊതുവേ വിലക്കുറവാണെങ്കിലും വില വീണ്ടും ഉയരുന്നതിന്റെ ലക്ഷണങ്ങളുണ്ടെന്ന് സ്വര്‍ണ വ്യാപാരികള്‍ പറയുന്നു. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വില പവന് 37360 രൂപയായിരുന്നു. സെപ്റ്റംബര്‍ ആറ്, ഏഴ് തീയതികളിലായിരുന്നു ഇത്.

ദേശീയവിപണിയിലും ഉയര്‍ച്ചതന്നെയാണ് പ്രകടമായത്. എംസിഎക്‌സ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 0.43 ശതമാനം ഉയര്‍ന്ന് 51,910 രൂപയിലെത്തി. വെള്ളി കിലോയ്ക്ക് 0.78 ശതമാനം ഉയര്‍ന്ന് 69,503 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.75 ശതമാനം ഉയര്‍ന്നപ്പോള്‍ വെള്ളി കിലോയ്ക്ക് 1.6 ശതമാനമാണ് ഉയര്‍ന്നത്. രണ്ട് ദിവസമായി സ്വര്‍ണ വില ഉയര്‍ന്നിട്ടുണ്ടെങ്കിലും, കഴിഞ്ഞ മാസം സ്വര്‍ണം സര്‍വ്വകാല റെക്കോര്‍ഡ് വിലയായ 10 ഗ്രാമിന് 56,200 രൂപയില്‍ എത്തിയിരുന്നു.

ആഗോള വിപണി പരിശോധിച്ചാല്‍ ഈ ആഴ്ച ഉയര്‍ച്ച പ്രകടമല്ല. കഴിഞ്ഞ സെഷനിലെ കുത്തനെയുള്ള ഉയര്‍ച്ചയ്ക്ക് ശേഷം ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ ഇന്നും കാര്യമായ മാറ്റമില്ല. തിങ്കളാഴ്ച ഒരു ശതമാനം നേട്ടത്തിന് ശേഷം സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,956.17 ഡോളറായി.

കോവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ ഇന്ത്യയ്ക്ക് പ്രധാന പങ്കാളിയാകാമെന്ന് ബില്‍ഗേറ്റ്‌സ്

കോവിഡ് വാക്സിന്‍ നിര്‍മാണത്തില്‍ ഇന്ത്യക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്ന് ബില്‍ ഗേറ്റ്സ്. ഇന്ത്യ ഒരു മുന്‍നിര വാക്സിന്‍ നിര്‍മാതാവാണെന്നും കോവിഡ് വാക്സിന്‍ നിര്‍മിക്കുന്നതില്‍ ഇന്ത്യന്‍ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പിടിഐയോട് സംസാരിക്കവെ വ്യക്തമാക്കി.

കോവിഡ് വാക്‌സിന്‍ നിര്‍മാണത്തിന് മുന്‍കൈ എടുക്കുന്ന എല്ലാ കമ്പനികളും രാജ്യത്തെ മുന്‍നിര വാക്സിന്‍ നിര്‍മാതാവെന്ന നിലയില്‍ ഉയര്‍ത്തുകയാണെന്ന് അദ്ദേഹംപറഞ്ഞു. വാക്‌സിന്‍ നിര്‍മാണത്തില്‍ ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്നും ബില്‍ ഗേറ്റ്സ് കൂട്ടിച്ചേര്‍ത്തു. സുരക്ഷിതവും ഫലപ്രദവുമായ ഒരു വാക്സിന്‍ കഴിയുന്നത്ര വേഗത്തില്‍ ഇന്ത്യയില്‍ നിന്ന് പുറത്തിറങ്ങാന്‍ എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വാക്സിനുകള്‍ പലതും അവസാനഘട്ടത്തിലായതിനാല്‍ അടുത്ത വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇതുണ്ടാകുമെന്ന് പ്രതിക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇപിഎഫില്‍നിന്ന് വരിക്കാര്‍ പിന്‍വലിച്ചത് 39,403 കോടി രൂപ

കൊറോണ പ്രതിസന്ധിയില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും മാര്‍ച്ച് 25നും ഓഗസ്റ്റ് 31 നുമിടയില്‍ അംഗങ്ങള്‍ പിന്‍വലിച്ചത് 39,402.94 കോടി രൂപ.്‌ലോക്‌സഭയിലെ  ചോദ്യത്തിനു മറുപടിയായി ലോക്സഭയില്‍ കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാങ് വാറാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് അടച്ചിടല്‍ പ്രഖ്യാപിച്ചപ്പോള്‍ വരിക്കാര്‍ക്ക് നിക്ഷേപം പിന്‍വലിക്കാന്‍ അവസരം നല്‍കിയിരുന്നു.

മഹാരാഷ്ട്രയില്‍ നിന്നുള്ളവര്‍ മാത്രം പിന്‍വലിച്ചത് 7,837.85 കോടി രൂപയാണ്. കര്‍ണാടക(5,743.96 കോടി), തമിഴ്നാട്(പുതുച്ചേരി ഉള്‍പ്പടെ-4,984.51 കോടി). ഡല്‍ഹി(2,940.97 കോടി) എന്നിങ്ങനെയാണ് പിന്‍വലിച്ച തുകയുടെ കണക്ക്.

ഇന്നും നേട്ടം തുടര്‍ന്ന് സ്‌മോള്‍, മിഡ് കാപ് സൂചികകള്‍

ബാങ്കിംഗ് ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാണിച്ചപ്പോള്‍ ഇന്ന് ഓഹരി വിപണി സൂചികകള്‍ അര ശതമാനത്തിലേറെ ഉയര്‍ന്നു. സെന്‍സെക്‌സ് 288 പോയ്ന്റ് അഥവാ 0.74 ശതമാനം നേട്ടമാണുണ്ടാക്കിയത്. 39,044ല്‍ ക്ലോസ് ചെയ്തു. ഇന്‍ഡസ് ഇന്‍ഡ് ബാങ്കാണ് സെന്‍സെക്‌സ് സൂചികാ കമ്പനികളില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

എച്ച് ഡി എഫ് സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എച്ച് ഡി എഫ് സി, ആക്‌സിസ് ബാങ്ക് എന്നിവ ഇന്ന് നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് സൂചികയിലെ 30 കമ്പനികളില്‍ 21ഉം നേട്ടത്തിലായിരുന്നു.

നിഫ്റ്റി 82 പോയ്ന്റ്, 0.71 ശതമാനം ഉയര്‍ന്ന് 11,522ല്‍ ക്ലോസ് ചെയ്തു. അതിനിടെ ബിഎസ്ഇ സ്‌മോള്‍, മിഡ് കാപ് സൂചികകള്‍ മുന്നേറ്റം തുടരുകയാണ്. ബിഎസ്ഇ സ്‌മോള്‍കാപ് സൂചിക ഒന്നര ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ മിഡ്കാപ് സൂചിക 0.85 ശതമാനം ഉയര്‍ന്നു.

സെക്ടറുകളില്‍, നിഫ്റ്റി ഫാര്‍മ സൂചിക ഇന്ന് രണ്ട് ശതമാനത്തിലേറെ ഉയര്‍ന്നു. നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക 1.85 ശതമാനമാണ് ഉയര്‍ന്നത്. അദാനി ഗ്രീന്‍ എനര്‍ജി ഓഹരി വില 670.65 ആയപ്പോള്‍ കമ്പനിയുടെ മൊത്തം ഓഹരി മൂല്യം ഒരു ലക്ഷം കോടി രൂപ കടന്നു.

കേരള കമ്പനികളുടെ പ്രകടനം

ഓഹരി വിപണിയില്‍ ഇന്ന് കേരള കമ്പനികളുടേത് സമ്മിശ്ര പ്രകടനമായിരുന്നു. 16 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ നേട്ടമുണ്ടാക്കാനാകാതെ പോയത് 11 ഓഹരികള്‍ക്കാണ്. നേട്ടമുണ്ടാക്കിയ കമ്പനികളില്‍ മുന്നില്‍ കെഎസ്ഇ ലിമിറ്റഡാണ്. 85.95 രൂപ ഉയര്‍ന്ന് (അഞ്ചു ശതമാനം) 1805.10 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഈസ്‌റ്റേണ്‍ ട്രെഡ്‌സിന്റെ ഓഹരി വില 2.15 രൂപ ഉയര്‍ന്ന് (4.89 ശതമാനം) 46.15 രൂപയിലും പാറ്റ്‌സ്പിന്‍ ഇന്ത്യയുടേത് 27 പൈസ ഉയര്‍ന്ന് (4.83 ശതമാനം) 5.86 രൂപയിലും കേരള ആയുര്‍വേദയുടേത് 2.30 രൂപ ഉയര്‍ന്ന് (4.17 ശതമാനം) 57.45 രൂപയിലുമെത്തി.

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (4.05 ശതമാനം), എവിറ്റി (3.78 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (3.75 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (1.87 ശതമാനം), അപ്പോളോ ടയേഴ്‌സ് (1.75 ശതമാനം), ഫെഡറല്‍ ബാങ്ക് (1.69 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (0.95 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.66 ശതമാനം), നിറ്റ ജലാറ്റിന്‍  (0.65 ശതമാനം), ധനലക്ഷ്മി ബാങ്ക് (0.60 ശതമാനം), മണപ്പുറം ഫിനാന്‍സ് (0.60 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (0.56 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.നേട്ടമുണ്ടാക്കാനാകെ പോയ കമ്പനികളില്‍ കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ മുന്നിലാണ്. 3.65 രൂപ ഇടിഞ്ഞ് (2.92 ശതമാനം) ഓഹരി വില 121.30 രൂപയായി.
ഇന്‍ഡിട്രേഡ് (ജെആര്‍ജി) (2.62 ശതമാനം), കിറ്റെക്‌സ് (2.21 ശതമാനം), സിഎസ്ബി ബാങ്ക്  (2.14 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (2.13 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.65 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.42 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (1.10 ശതമാനം), എഫ്എസിടി (0.97 ശതമാനം), ആസ്റ്റര്‍ ഡി എം (0.49 ശതമാനം), ഹാരിസണ്‍സ് മലയാളം (0.16 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കാനാകെ പോയ മറ്റു കേരള കമ്പനികള്‍.

Data provided by Morningstar for Currency and Coinbase for Cryptocurrency)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News