ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 29, 2020

Update: 2020-09-29 15:06 GMT


രാജ്യത്ത് പതിനഞ്ചില്‍ ഒരാള്‍ക്ക് കോവിഡ് വന്നിട്ടുണ്ടാകാമെന്ന് സര്‍വേ ഫലം

കോവിഡ് വ്യാപന നിരക്കില്‍ ഇന്ത്യ ഒന്നാം നിരയിലെത്തുമ്പോള്‍ പുതിയ സര്‍വേ ഫലം പുറത്ത്. രാജ്യത്ത് 10 വയസ്സിന് മുകളില്‍ പ്രായമുള്ള 15 പേരില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ കോവിഡ് വന്നിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഐ.സി.എം.ആര്‍. സിറോ സര്‍വേ ഫലം പറയുന്നത്. ഓഗസ്റ്റ് മാസം വരെ രാജ്യത്ത് ഐ.സി.എം.ആര്‍. നടത്തിയ രണ്ടാമസത്തെ സീറോ സര്‍വേ ഫലത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഓഗസ്റ്റ് 17-നും സെപ്റ്റംബര്‍ 22-നും ഇടയില്‍ രാജ്യത്തെ 21 സംസ്ഥാനങ്ങളിലായി 700 ഗ്രാമങ്ങളിലും വാര്‍ഡുകളിലും 70 ജില്ലകളിലുമായാണ് സര്‍വേ നടത്തിയത്.  29,082 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.

ഓഹരി മൂലധനം 1000 കോടി രൂപയായി ഉയര്‍ത്താനൊരുങ്ങി ലക്ഷ്മി വിലാസ് ബാങ്ക്

ഓഹരി മൂലധനം 650 കോടിയില്‍ നിന്ന് 1000 കോടി രൂപയായി ഉയര്‍ത്താനൊരുങ്ങി ലക്ഷ്മി വിലാസ് ബാങ്ക്. കഴിഞ്ഞ ദിവസം ചേര്‍ന്ന വാര്‍ഷിക പൊതുയോഗം  ഇതു സംബന്ധിച്ച തീരുമാനമെടുത്തു. റിസര്‍വ് ബാങ്കിന്റെ അനുമതിക്കു വിധേയമായിട്ടായിരിക്കും വര്‍ധന വരുത്തുക. ക്ളിക്സ് കാപിറ്റല്‍ ഗ്രൂപ്പുമായി ലക്ഷ്മി വിലാസ് ബാങ്കിന്റെ ലയനം സംബന്ധിച്ച അന്തിമവട്ട വിലയിരുത്തല്‍ നടക്കുന്നതായും ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു. ബാങ്കിന്റെ മൂലധനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്കായി  മാനേജ്മെന്റിനെ ചുമതലപ്പെടുത്തുന്ന പ്രമേയവും ഓഹരി ഉടമകള്‍ അംഗീകരിച്ചിട്ടുണ്ട്.  പബ്ളിക് ഓഫര്‍, റൈറ്റ്സ് ഇഷ്യു, ക്യു ഐ പി  തുടങ്ങിയ മാര്‍ഗങ്ങല്‍ലൂടെ പണം സമാഹരിക്കാനാണ് ലക്ഷ്യം വച്ചിരിക്കുന്നത്.

വാള്‍മാര്‍ട്ട് ടാറ്റയുമായി ഉടന്‍ കൈകോര്‍ക്കുന്നു

രാജ്യത്തെ ഓണ്‍ലൈന്‍ റീട്ടെയില്‍ വ്യാപാരത്തിലേയ്ക്ക് വാള്‍മാര്‍ട്ടുകൂടി കടക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ടാറ്റയുമായി സഹകരിച്ചായിരിക്കും ആഗോള റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടിന്റെ ഇന്ത്യയിലെ വ്യാപാരമെന്നതിന് തീരുമാനമായി. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. 1.85 ലക്ഷംകോടി രൂപ(25 ബില്യണ്‍ ഡോളര്‍)യായിരിക്കും വാള്‍മാര്‍ട്ട് ടാറ്റയില്‍ നിക്ഷേപിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ആപ്പ് ടാറ്റയും വാള്‍മാര്‍ട്ടും ഒന്നിച്ചുള്ള സംയുക്തസംരംഭമായിട്ടായിരിക്കും എത്തുക എന്നതിനും ധാരണയായതായാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഇരുകമ്പനികളും ചര്‍ച്ചതുടരുകയാണ്. സൊമാറ്റോ, സ്വിഗ്ഗി എന്നിവരെ പോലെ ഫുഡ് ഡെലിവറി കൂടാതെ പലവ്യഞ്ജനം, ഫാഷന്‍, ലൈഫ് സ്‌റ്റൈല്‍ തുടങ്ങിയ ഉത്പന്നങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ വിപണിയിലെത്തിക്കും.  2020 ഡിസംബറിലോ അടുത്തവര്‍ഷം ആദ്യമോ ആപ്പ് പുറത്തിറക്കിയേക്കും.

അനില്‍ അംബാനിയുടെ സ്വത്തു കണ്ടുകെട്ടാനൊരുങ്ങി ചൈനീസ് ബാങ്കുകള്‍

വായ്പയെടുത്ത 5,300 കോടി രൂപ തിരിച്ചുപിടിക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ചൈനീസ് ബാങ്കുകള്‍ അനില്‍ അംബാനിക്ക് അറിയിപ്പ് നല്‍കി.. മൂന്നു ചൈനീസ് ബാങ്കുകളാണ് അനില്‍ അംബാനിയുടെ സ്വത്തുക്കള്‍ വായ്പാ തിരിച്ചടവു തുകയുടെ പരിധിയിലേക്ക് ഉള്‍പ്പെടുത്താനൊരുങ്ങുന്നത്. ലണ്ടനില േെകാടതിയില്‍ ഇതുസംബന്ധിച്ച വ്യവഹാരവുമായി ബന്ധപ്പെട്ട് അനില്‍ അംബാനി ഹാജരായതിനുപിന്നാലെയാണ് നടപടിയെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ന് ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന, എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്മെന്റ് ബാങ്ക് എന്നിവയാണ് അനില്‍ അംബാനിയുടെ ഇന്ത്യക്കുപുറത്തുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാനൊരുങ്ങുന്നത്.

കുവൈറ്റ് ഭരണാധികാരി അന്തരിച്ചു

കുവൈറ്റ്് ഭരണാധികാരി ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് (91) അന്തരിച്ചു. യുഎസില്‍ ചികിത്സയിലായിരുന്നു. 40 വര്‍ഷം വിദേശകാര്യമന്ത്രിയുമായിരുന്നു ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. ഗള്‍ഫ് മേഖലയിലെ സമാധാനമധ്യസ്ഥനായാണ് ഇദ്ദേഹത്തെ വ്യവസായ സമൂഹം പറഞ്ഞിരുന്നത്. അയല്‍ രാജ്യങ്ങളുടെ സാമൂഹിക-രാഷ്ട്രീയ മേഖലയില്‍ പോലും സജീവസാന്നിധ്യമായിരുന്നു ഷെയ്ഖ് സബാഹിന്റേത്.

കോവിഡ് തടയാന്‍ സമരങ്ങള്‍ നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി

ലോക്ഡൗണ്‍ രോഗവ്യാപനം തടയുന്നതില്‍ ഇനിയൊരു പരിഹാരമായി കാണാനാകില്ലെന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ വിലയിരുത്തല്‍. കോവിഡ് പ്രതിരോധത്തിനു നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചതായി യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാത്രമല്ല വിവാഹം, മരണാനന്തര ചടങ്ങുകള്‍, രാഷ്ട്രീയ പരിപാടികള്‍ തുടങ്ങിയവ നടക്കുമ്പോള്‍ നിശ്ചിത ആളുകള്‍ മാത്രമേ ഉണ്ടാകാവൂ എന്നത് കര്‍ശനമാക്കും. കോവിഡിനെതിരായ പ്രതിരോധത്തില്‍ ഒറ്റക്കെട്ടായി നീങ്ങാന്‍ സര്‍വക്ഷിയോഗം തീരുമാനിച്ചു.

സംരംഭങ്ങളുടെ സുഗമമായ നടത്തിപ്പിനായി പദ്ധതികള്‍ അവതരിപ്പിച്ചു

സംസ്ഥാനത്തെ വ്യവസായ സംരംഭങ്ങളുടെ നടത്തിപ്പ് കൂടുതല്‍ സുഗമമാക്കുന്നതിന്റെ (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) ഭാഗമായുള്ള ടോള്‍ഫ്രീ കോള്‍ സേവനവും ഇന്‍വെസ്റ്റ്മെന്റ് ഫെസിലിറ്റേഷന്‍ സെന്ററും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നിക്ഷേപ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സുതാര്യമാക്കുന്നതിനുമുള്ള ഏകജാലക സംവിധാനമായ കെ-സ്വിഫ്റ്റിന്റെ പരിഷ്‌കരിച്ച പോര്‍ട്ടലും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. വ്യവസായ പ്രമുഖരുമായും അനുബന്ധമേഖലയിലുള്ളവരുമായും ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനായി വ്യവസായ വാണിജ്യ വകുപ്പ് ആരംഭിച്ച ഇ-ന്യൂസ് ലെറ്റര്‍ ' ഇന്‍വെസ്റ്റര്‍ കണക്ട്' ന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍വെസ്റ്റ് കേരള പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഈ പദ്ധതികള്‍.

കമ്പനികളുടെ ലാഭം കുറയുന്നു; അഡ്വാന്‍സ് ടാക്സ് അടയ്ക്കുന്നതിലും കുറവ്

രണ്ടാം പാദത്തില്‍ കമ്പനികള്‍ അഡ്വാന്‍സ് ടാക്സ് അടയ്ക്കുന്നതില്‍ വലിയ കുറവ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് രണ്ടാം ഗഡു അടച്ചിട്ടില്ല, പെട്രോ ബിസിനസില്‍ ലാഭമില്ലെന്നാണ് സൂചന. ഐടിസി, എസ്ബിഐ, എച്ച് ഡി എഫ് സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എല്‍ഐസി തുടങ്ങിയവയുടെ നികുതിത്തുകയും കുറവാണ്. അതേ സമയം അടുത്ത കാലത്തായി നിരവധി നിക്ഷേപങ്ങള്‍ ആകര്‍ഷിച്ച റിലയന്‍സ് റീറ്റെയ്ലിന്റെ അഡ്വാന്‍സ് ടാക്സില്‍ 16.3 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട് 521 കോടി രൂപയാണ് കമ്പനി അടച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 32 കോടി രൂപ അടച്ച സ്താനത്താണിത്. 2020 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടച്ചത് 270 കോടി രൂപയാണ്.

ബാങ്ക്, എഫ്എംസിജി ഓഹരികള്‍ക്ക് തിളങ്ങാനായില്ല; ഓഹരി സൂചികയില്‍ നേരിയ ഇടിവ്

വിവിധ മേഖലകളിലെ സമ്മിശ്ര പ്രകടനത്തിനൊടുവില്‍ ഓഹരി വിപണി നേരിയ ഇടിവോടെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 8.41 പോയ്ന്റ് താഴ്ന്ന് 37,973.22 പോയ്ന്റിലും നിഫ്റ്റി 5.10 പോയ്ന്റ് താഴ്ന്ന് 11222.40 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. എഫ്എംസിജി, ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ നേട്ടമുണ്ടാക്കുന്നതില്‍ പിന്നിലായപ്പോള്‍ കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ്, മെറ്റല്‍സ്, എനര്‍ജി തുടങ്ങിയവ നേട്ടമുണ്ടാക്കി.

ഇന്നലത്തെ മികച്ച പ്രകടനത്തിന്റ കരുത്തില്‍ തുടക്കം കുറിച്ച വിപണിയില്‍ ഇന്ന് ലാഭമെടുപ്പ് സജീവമായതോടെ സൂചികകളില്‍ ഇടിവ് കണ്ടു തുടങ്ങി. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, അള്‍ട്രാ ടെക് സിമന്റ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹീറോ മോട്ടോകോര്‍പ്, ടിസിഎസ് തുടങ്ങിയവ നേട്ടമുണ്ടാക്കി. അതേസമയം ഒഎന്‍ജിസി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, യുപിഎല്‍, പവര്‍ ഗ്രിഡ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.

കേരള കമ്പനികളുടെ പ്രകടനം

ഓഹരി സൂചികയിലെ ഇടിവ് കേരള ഓഹരികളെയും ബാധിച്ചു. 11 കേരള ഓഹരികള്‍ക്കാണ് ഇന്ന് നേട്ടം ഉണ്ടാക്കാനായത്. 16 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 5.59 ശതമാനം ഉയര്‍ച്ചയോടെ വണ്ടര്‍ലാ ഹോളിഡേയ്സ് നേട്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നിലുണ്ട്. 8.45 രൂപ ഉയര്‍ന്ന് ഓഹരി വില 159.50 രൂപയിലെത്തി. മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരി വില 40.35 രൂപ ഉയര്‍ന്ന് (3.70 ശതമാനം)1130 രൂപയിലും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് സെന്ററിന്റേത് 2.60 രൂപ ഉയര്‍ന്ന് (1.91 ശതമാനം) 138.40 രൂപയിലും അപ്പോളോ ടയേഴ്സിന്റേത് 1.80 രൂപ ഉയര്‍ന്ന് (1.40 ശതമാനം) 130.15 രൂപയിലും എത്തി.

കോവിഡ് അപ്‌ഡേറ്റ്‌സ്
കേരളത്തില്‍ ഇന്ന് :

രോഗികള്‍: 7354
മരണം : 22

കേരളത്തില്‍ ഇതുവരെ:

രോഗികള്‍: 1,87,276 , ഇന്നലെ വരെ :1,79,922
മരണം : 719 , ഇന്നലെ വരെ : 697

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 6,145,291 , ഇന്നലെ വരെ : 6,074,702

മരണം : 96,318 , ഇന്നലെ വരെ : 95,542

ലോകത്ത് ഇതുവരെ:

രോഗികള്‍: 33,353,615, ഇന്നലെ വരെ : 32,995,554

മരണം : 1,001,646, ഇന്നലെ വരെ : 996,695

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News