ധനുഷ്-നയന്‍താര കോപ്പിറൈറ്റ് തര്‍ക്കം കോടതിയില്‍; വെട്ടിലായി നെറ്റ്ഫ്‌ളിക്‌സും

സൃഷ്ടിയുടെ പുനര്‍നിര്‍മ്മാണം, പകര്‍പ്പ്, ട്രാന്‍സ്‌ക്രിപ്റ്റ്, വിവര്‍ത്തനം എന്നിവ നടത്തുന്നതിന് യഥാര്‍ത്ഥ സൃഷ്ടിയുടെ ഉടമയ്ക്ക് പ്രത്യേക അവകാശം നല്‍കുന്നതാണ് പകര്‍പ്പവകാശ നിയമം

Update:2024-11-27 16:56 IST

Image Courtesy: x.com/dhanushkraja, x.com/NayantharaU

തെന്നിന്ത്യന്‍ താരം നയന്‍താരയ്‌ക്കെതിരേ പകര്‍പ്പവകാശ ലംഘനത്തിന് നടന്‍ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നെറ്റ്ഫ്‌ളിക്‌സ് സംപ്രേഷണം ചെയ്യുന്ന നയന്‍താരയുടെ ജീവിതം പറയുന്ന 'നയന്‍താര ബിയോണ്ട് ദ ഫെയറി ടെയ്ല്‍' എന്ന ഡോക്യുമെന്ററിയില്‍ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനാണ് കേസ്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നയന്‍താര, വിഷ്‌നേഷ് ശിവന്‍ എന്നിവര്‍ക്കൊപ്പം നെറ്റ്ഫ്‌ളിക്‌സിന്റെ ഇന്ത്യയിലെ പ്രതിനിധികളായ ലോസ് ഗറ്റോസ് പ്രൊഡക്ഷന്‍ സര്‍വീസസ് എന്നിവരെ കൂടി കക്ഷിയാക്കണമെന്ന ധനുഷിന്റെ ആവശ്യവും അംഗീകരിച്ചു.
'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ ഭാഗങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതാണ് ധനുഷിനെ പ്രകോപിപ്പിച്ചത്. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹിതരാകുന്നതും.
അനുമതിയില്ലാതെ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനു പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട ധനുഷിനെതിരേ നയന്‍താര സോഷ്യല്‍മീഡിയയില്‍ കുറിപ്പിട്ടപ്പോഴാണ് വിഷയം പുറംലോകം അറിയുന്നത്.

പകര്‍പ്പവകാശ നിയമം

സൃഷ്ടിയുടെ പുനര്‍നിര്‍മ്മാണം, പകര്‍പ്പ്, ട്രാന്‍സ്‌ക്രിപ്റ്റ്, വിവര്‍ത്തനം എന്നിവ നടത്തുന്നതിന് യഥാര്‍ത്ഥ സൃഷ്ടിയുടെ ഉടമയ്ക്ക് പ്രത്യേക അവകാശം നല്‍കുന്നതാണ് പകര്‍പ്പവകാശ നിയമം. യഥാര്‍ത്ഥ ഉടമയ്ക്ക് അവരുടെ യഥാര്‍ത്ഥ സൃഷ്ടിയുടെ ദുരുപയോഗം തടയാനും നിയമ ലംഘനം നടന്നാല്‍ നിയമനടപടി സ്വീകരിക്കാനും കഴിയും. ഉടമയ്ക്ക് അവരുടെ സൃഷ്ടിയില്‍ നിന്ന് സാമ്പത്തിക ആനുകൂല്യങ്ങള്‍ നേടാനുള്ള അവകാശവുമുണ്ട്.
സൃഷ്ടി വില്‍ക്കാനോ അല്ലെങ്കില്‍ അത്തരം സൃഷ്ടികള്‍ ഉപയോഗിക്കാന്‍ കഴിയുന്ന മൂന്നാം കക്ഷിക്ക് ലൈസന്‍സ് നല്‍കാനോ ഉടമയ്ക്കായിരിക്കും ഏക അവകാശം. അനുമതിയില്ലാതെ ആരെങ്കിലും പകര്‍പ്പവകാശ ഉടമയുടെ സൃഷ്ടി തനിപ്പകര്‍പ്പാക്കുകയോ പുനര്‍നിര്‍മ്മിക്കുകയോ ചെയ്താല്‍ ഇത് പകര്‍പ്പവകാശ ലംഘനത്തിന് തുല്യമാണ്.
Tags:    

Similar News