ഈ വന്ദേഭാരതില്‍ തണുപ്പല്ല, ചൂടു പകരുന്ന കോച്ചുകള്‍; കുതിക്കാം, കശ്മീരിലേക്ക്

അടുത്ത റിപ്പബ്ലിക് ദിനത്തില്‍ കശ്മീര്‍ വന്ദേഭാരത് ഉദ്ഘാടനം ചെയ്‌തേക്കും

Update:2024-11-27 17:45 IST

തണുപ്പിനു പകരം ചൂടു പകരുന്ന കോച്ച്! ഇത്തരമൊരു ട്രെയിനിന്റെ നിര്‍മാണത്തിലാണ് റെയില്‍വേ. മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന കശ്മീരിനെ ഉദ്ദേശിച്ചാണിത്. കശ്മീരിന് വേണ്ടത് തണുപ്പിനെ നേരിടാന്‍ പറ്റിയ ചൂടന്‍ കോച്ചുകളാണെന്ന് തിരിച്ചറിഞ്ഞാണ് റെയില്‍വേയുടെ നടപടി. കശ്മീര്‍ താഴ്‌വരയിലേക്ക് നേരിട്ടുള്ള ട്രെയിന്‍ സര്‍വീസ് ഈ വര്‍ഷം തന്നെ തുടങ്ങാനാണ് ഒരുക്കം. ഇതിനായി പ്രത്യേക വന്ദേഭാരത് ട്രെയിന്‍ തയാറായി വരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കശ്മീരിലേക്ക് നേരിട്ട് ട്രെയിന്‍ സര്‍വീസ് ഇപ്പോഴില്ല. ജമ്മുതാവി, കട്ര റെയില്‍വേ സ്‌റ്റേഷന്‍ വരെ ചെന്നാല്‍ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലൂടെ കശ്മീര്‍ താഴ്‌വരയില്‍ എത്താം. അതല്ലെങ്കില്‍ ഡല്‍ഹിയില്‍ നിന്നും മറ്റും വിമാനമാര്‍ഗം വേണം ശ്രീനഗറില്‍ എത്താന്‍. ഉധംപൂരില്‍ നിന്നുള്ള ശ്രീനഗര്‍-ബാരാമുള്ള റെയില്‍പാതയുടെ നിര്‍മാണം ഏതാനും ആഴ്ചകള്‍ക്കകം പൂര്‍ത്തിയാകും. 37,012 കോടിയാണ് നിര്‍മാണ ചെലവ്. പാത ഉദ്ഘാടനം ചെയ്യുന്നതോടെ ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറില്‍ എത്താന്‍ 13 മണിക്കൂര്‍ മതി. 800 കിലോമീറ്റര്‍. മിക്കവാറും റിപ്പബ്ലിക് ദിനത്തില്‍ പുതിയ സര്‍വീസ് ആരംഭിച്ചേക്കും.

പുതിയ ട്രെയിനില്‍ മുന്തിയ സംവിധാനങ്ങള്‍

ജമ്മുകശ്മീരിനുള്ള പ്രത്യേക വന്ദേഭാരത് ട്രെയിനുകളിലെ കോച്ചുകളില്‍ സംയോജിത സംവിധാനത്തിലൂടെ ചൂടു പകരുന്നതിനൊപ്പം ചെയര്‍ കാര്‍ ഡിസൈന്‍ നവീകരിച്ചു വരുകയുമാണ്. അധിക സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്. ഡ്രൈവറുടെ മുന്നിലെ ചില്ലില്‍ മഞ്ഞ് വരാതിരിക്കാന്‍ പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തും. തണുപ്പ് പൂജ്യം ഡിഗ്രിക്ക് താഴെയാണെങ്കിലും ഗ്ലാസില്‍ മഞ്ഞു കട്ട പിടിക്കില്ല. വാട്ടര്‍ ടാങ്കുകള്‍ക്ക് സിലിക്കോണ്‍ ഹീറ്റിംഗ് പാഡുകള്‍ നല്‍കും. വെള്ളം കട്ടിയാകാതിരിക്കാന്‍ പ്ലംബിംഗിന് പ്രത്യേക ഹീറ്റിംഗ് കേബിളാണ് ഉപയോഗിക്കുന്നത്. പൊതുമേഖല സ്ഥാപനമായ ബെമല്‍ (ബി.ഇ.എം.എല്‍) ആണ് നിര്‍മാണം നടത്തുന്നത്.
Tags:    

Similar News