ഏറ്റവും വലിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാകാന്‍ ഒരുങ്ങി ജിയോസിനിമ; ലയനത്തിനു ശേഷം ഹോട്ട്സ്റ്റാറിനു എന്തു സംഭവിക്കും?

രണ്ട് വ്യത്യസ്ത പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിപ്പിക്കുന്നത് കൂടുതൽ ചെലവേറിയതും കാര്യക്ഷമത കുറഞ്ഞതുമാകുമെന്ന് ആർ.ഐ.എൽ കരുതുന്നു;

Update:2024-08-19 16:33 IST

Image Courtesy: Canva, jiocinema.com, hotstar.com

സ്റ്റാർ ഇന്ത്യയുടെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറുമായുള്ള ലയനത്തിന് ഒരുങ്ങുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ.ഐ.എൽ). ലയനം പൂര്‍ത്തിയായാല്‍ ജിയോസിനിമ എന്ന ഒരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം മാത്രം മതിയെന്ന നിലപാടിലാണ് ആർ.ഐ.എൽ എന്ന് ദ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഹോട്ട്‌സ്റ്റാറിന് 50 കോടിയിലധികം ഡൗൺലോഡുകള്‍

വാൾട്ട് ഡിസ്നിയുടെ സ്റ്റാർ ഇന്ത്യയുടെ ഉടമസ്ഥതയിലാണ് ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍ പ്രവര്‍ത്തിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ 50 കോടിയിലധികം ഡൗൺലോഡുകളുള്ള ഇന്ത്യയിലെ മികച്ച സ്ട്രീമിംഗ് സേവനങ്ങളിലൊന്നാണ് നിലവിൽ ഡിസ്നി+ഹോട്ട്സ്റ്റാർ. അതേസമയം ആർ.ഐ.എൽ നിയന്ത്രിക്കുന്ന വയാകോം18 ന്റെ ഉടമസ്ഥതയിലുള്ള ജിയോസിനിമയ്ക്ക് 10 കോടിയിലധികം ഡൗൺലോഡുകളാണ് ഉളളത്.
ലയനം പൂര്‍ത്തിയാകുന്നതോടെ രണ്ട് വ്യത്യസ്ത പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിപ്പിക്കുന്നത് കൂടുതൽ ചെലവേറിയതും കാര്യക്ഷമത കുറഞ്ഞതുമാകും എന്നാണ് ആർ.ഐ.എൽ കരുതുന്നത്. ഒറ്റ പ്ലാറ്റ്ഫോം ആക്കുന്നതിലൂടെ യൂട്യൂബ്, നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നിവ പോലുള്ള വമ്പന്‍മാരുമായി മത്സരിക്കാൻ കഴിയുന്ന കൂടുതൽ ശക്തമായ സ്ട്രീമിംഗ് സേവനം നിർമ്മിക്കാനാണ് ആർ.ഐ.എൽ പദ്ധതിയിടുന്നത്.

ഐ.പി.എല്‍ കണ്ടത് റെക്കോഡ് പ്രേക്ഷകര്‍

സ്റ്റാർ ഇന്ത്യയെയും വയാകോം 18 നെയും ലയിപ്പിക്കുന്നതിന് ആർ.ഐ.എല്ലും വാൾട്ട് ഡിസ്‌നിയും ഈ വര്‍ഷമാദ്യമാണ് കരാറിൽ ഒപ്പുവെച്ചത്. ഇതോടെ 71,313.55 കോടി രൂപ മൂല്യമുളള കമ്പനിയായി ഇത് മാറുന്നതാണ്. പുതിയ കമ്പനിക്ക് 100 ലധികം ടിവി ചാനലുകളും രണ്ട് സ്ട്രീമിംഗ് സേവനങ്ങളും ഉണ്ടായിരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ആർ.ഐ.എൽ ഒരു സ്ട്രീമിംഗ് പ്ലാറ്റ്ഫോം മാത്രമാണ് പരിഗണിക്കുന്നത്.
കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ), നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻ.സി.എൽ.ടി) തുടങ്ങിയവയുടെ അനുമതി ലഭിക്കുന്നതോടെ ലയനം പൂര്‍ത്തിയാകും. ഈയടുത്ത് കഴിഞ്ഞ ഐ.പി.എല്ലിന്റെ ഡിജിറ്റൽ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയ ശേഷം ജിയോസിനിമയില്‍ റെക്കോഡ് പ്രേക്ഷകരാണ് മത്സരങ്ങള്‍ കണ്ടത്.
ഡിസ്നി+ഹോട്ട്സ്റ്റാര്‍ പ്ലാറ്റ്ഫോം ജിയോ സിനിമയുമായി സംയോജിപ്പിക്കുന്നതിലൂടെ വിനോദം, കായികം, ഹോളിവുഡ് തുടങ്ങിയ 1,25,000 മണിക്കൂർ ഉള്ളടക്കങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിംഗ് സേവനമായി ഇതു മാറുമെന്നാണ് വിലയിരുത്തുന്നത്. ഐ.പി.എൽ പോലുള്ള പ്രധാന കായിക മത്സരങ്ങളും ഡിസ്നി, എച്ച്.ബി.ഒ, എൻ.ബി.സി യൂണിവേഴ്സൽ, പാരാമൗണ്ട് ഗ്ലോബൽ തുടങ്ങിയ വലിയ സ്റ്റുഡിയോകളിൽ നിന്നുള്ള ഉള്ളടക്കവും പുതിയ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും.
Tags:    

Similar News