'മനുഷ്യന്റെ കഴുത്തറുക്കല്ലേ ! ' സ്റ്റാര്‍ ഹോട്ടലുകളോട് പസ്വാന്‍

Update: 2019-08-13 12:48 GMT

വാഴപ്പഴവും കോഴിമുട്ടയും കഴിച്ചുപോയതിന്റെ പേരില്‍ ആയിരങ്ങളുടെ ബില്‍ നല്‍കി മനുഷ്യരെ കബളിപ്പിക്കുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃ മന്ത്രി രാം വിലാസ് പസ്വാന്‍. ഇത് അന്യായമായ വ്യാപാര രീതിയാണെന്ന് ന്യൂഡല്‍ഹിയില്‍ അദ്ദേഹംമാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ചണ്ഡിഗഡിലെ ജെ.ഡബ്ല്യു. മാരിയറ്റ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിനെക്കുറിച്ച് നടന്‍ രാഹുല്‍ ബോസ് പരാതിപ്പെട്ട കാര്യം പസ്വാന്‍ ചൂണ്ടിക്കാട്ടി. രണ്ട് വാഴപ്പഴത്തിന് 442 രൂപയുടെ ബില്‍ നല്‍കിയതായുള്ള പരാതിയുടെ വീഡിയോ  വൈറലായിരുന്നു. ഒരു വേവിച്ച മുട്ടയ്ക്ക് 1,700 രൂപ ഈടാക്കിയ സ്റ്റാര്‍ ഹോട്ടലും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

അതേസമയം, ജെഡബ്ല്യു മാരിയറ്റിനെ ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍സ് (എഫ്എച്ച്ആര്‍ഐ) ന്യായീകരിച്ചിരുന്നു. ഹോട്ടല്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഭക്ഷണത്തിന് 18 ശതമാനം ജിഎസ്ടി ഈടാക്കി ശരിയായ കാര്യം ചെയ്തുവെന്നുമായിരുന്നു വിശദീകരണം.

റീട്ടെയില്‍ സ്റ്റോറില്‍ നിന്ന് മാര്‍ക്കറ്റ് വിലയ്ക്ക് വാഴപ്പഴം വാങ്ങാന്‍ കഴിയും; ചരക്ക് മാത്രമല്ല ഹോട്ടല്‍ വാഗ്ദാനം ചെയ്യുന്നത്; മുന്തിയ സേവനം, ഗുണനിലവാരം, പ്ലേറ്റ്, കത്തി, ശുചിത്വമുള്ള പഴം, അന്തരീക്ഷം, ആഡംബരം തുടങ്ങിയ കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നാണ് ഹോട്ടലിനു വേണ്ടി ഉയര്‍ത്തപ്പെടുന്ന ന്യായീകരണങ്ങള്‍.

Similar News