'ഇനി ആര്‍ക്കും വിലക്കാനാവില്ല' സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുമായി ട്രംപ്
രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ സ്വന്തം സോഷ്യല്‍ മീഡിയയിലൂടെ ട്രംപ് സജീവമാകുമെന്നാണ് കരുതുന്നത്
തന്നെ വിലക്കിയ സോഷ്യല്‍ മീഡിയ വമ്പന്മാരായ ട്വിറ്ററിനെയും ഫേസ്ബുക്കിനെയും വെല്ലുവിളിച്ച് ഡൊണാള്‍ ട്രംപ്. സ്വന്തമായി ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ സജീവമാകാനാണ് ട്രംപ് ഒരുങ്ങുന്നത്.
ട്വിറ്ററില്‍ നിന്നും മറ്റ് സോഷ്യല്‍ മീഡിയകളില്‍നിന്നും വിലക്കപ്പെട്ടതിനെത്തുടര്‍ന്ന് 'സ്വന്തം പ്ലാറ്റ്‌ഫോം' ഉപയോഗിച്ച് ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയിലേക്ക് മടങ്ങാനാണ് ഡൊണാള്‍ഡ് ട്രംപ് പദ്ധതിയിടുന്നതെന്ന് അദ്ദേഹത്തിന്റെ മുന്‍ ഉപദേശകന്‍ പറഞ്ഞു.
'രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ട്രംപ് സോഷ്യല്‍ മീഡിയയിലെത്തുന്നത് കാണാനാകുമെന്ന് കരുതുന്നു' ജേസണ്‍ മില്ലര്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
ട്രംപിന്റെ സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. 88 ദശലക്ഷം ഫോളോവേഴ്സാണ് അദ്ദേഹത്തിന് ട്വിറ്ററിലുണ്ടായിരുന്നത്. കഴിഞ്ഞ ജനുവരി ആറിന് യുഎസ് ക്യാപിറ്റലിലുണ്ടായ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്ന ട്വീറ്റ് പങ്കുവച്ചതിന് ട്രംപിന്റെ അക്കൗണ്ടായ @realDonaldTrump സ്ഥിരമായി ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തിരുന്നു.
ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, സ്‌നാപ്ചാറ്റ് എന്നിവയുള്‍പ്പെടെ മറ്റ് പ്രധാന പ്ലാറ്റ്‌ഫോമുകളും ട്രംപിനെ വിലക്കിയിട്ടുണ്ട്.