മാറ്റാം മെട്രോ സ്‌റ്റേഷനുകളുടെ പേരുകള്‍; ദുബൈയിലെ പരീക്ഷണം വിജയം, കമ്പനികളും ഹാപ്പിയാണ്
മഷ്‌രീഖ് സ്‌റ്റേഷന്റെ പേര് ഇനി മുതല്‍ ഇന്‍ഷുറന്‍സ് മാര്‍ക്കറ്റ് മെട്രോ സ്‌റ്റേഷന്‍
മെട്രോ റെയില്‍ സ്‌റ്റേഷനുകളുടെ പേരുകളില്‍ മാറ്റം വരുത്തിയുള്ള ദുബൈ സര്‍ക്കാരിന്റെ പരീക്ഷണങ്ങളില്‍ കോര്‍പ്പറേറ്റ് ലോകത്ത് വന്‍ സ്വീകാര്യത. സ്വകാര്യ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നഗരത്തിലെ പ്രമുഖ മെട്രോ സ്‌റ്റേഷനുകളുടെ പേരുകള്‍ ബ്രാന്റിംഗിനായി വിട്ടുനല്‍കുന്നത്. ഏറ്റവുമൊടുവില്‍ പ്രമുഖ സ്റ്റേഷനായ മഷ്‌രീഖ് മെട്രോ സ്‌റ്റേഷന്റെ പേര് ഇന്‍ഷുറന്‍സ് മാര്‍ക്കറ്റ് എന്നാക്കി. യു.എ.ഇയിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ ഇന്‍ഷുറന്‍സ്മാര്‍ക്കറ്റ് ഡോട്ട് എ.ഇ യുടെ പേരിലാണ് സ്റ്റേഷന്‍ അറിയപ്പെടുക. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഷെയ്ക് സായിദ് റോഡില്‍ മാള്‍ ഓഫ് എമിറേറ്റ്‌സിനും ദുബൈ ഇന്റര്‍നെറ്റ് സിറ്റിക്കും ഇടയിലാണ് ഈ സ്റ്റേഷന്‍. താല്‍പര്യമുള്ള കമ്പനികള്‍ക്ക് മെട്രോസ്‌റ്റേഷന്റെ പേര് ബ്രാന്റിംഗിനായി ഏറ്റെടുക്കുന്നതിനുള്ള അനുമതി 2009 ലാണ് ദുബൈ ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി നല്‍കി തുടങ്ങിയത്. കൂടുതല്‍ കമ്പനികള്‍ മുന്നോട്ടു വരുന്നതോടെ ഈ നീക്കം ദുബൈയിലും വിജയിക്കുകയാണ്.
മലയാളി കമ്പനിയുടെ പേരിലും മെട്രോ സ്‌റ്റേഷന്‍
നിരവധി ആഭ്യന്തര, വിദേശ കമ്പനികളാണ് ഈ ബ്രാന്റിംഗ് സൗകര്യം ഉപയോഗപ്പെടുത്താന്‍ മുന്നോട്ടു വന്നിട്ടുള്ളത്. പ്രമുഖ മലയാളി കമ്പനിയായ ശോഭ റിയല്‍ട്ടിയുടെ പേരിലും ദുബൈയില്‍ മെട്രോ സ്‌റ്റേഷനുണ്ട്. മരിന മെട്രോ സ്‌റ്റേഷനാണ് 2021 ല്‍ ശോഭ റിയല്‍ട്ടി മെട്രോ സ്‌റ്റേഷനായി മാറിയത്. പഴയ അല്‍സഫ സ്റ്റേഷന്‍ ഓണ്‍പാസ് മെട്രോ സ്‌റ്റേഷനായി പുനര്‍നാമകരണം ചെയ്തിരുന്നു. അല്‍ ജഫ്‌ലിയ സ്റ്റേഷന്‍ മാക്‌സ് ഫാഷന്‍ മെട്രോ സ്‌റ്റേഷനായും അല്‍ റാഷിദിയ സ്‌റ്റേഷന്‍, സെന്റര്‍ പോയിന്റ് മെട്രോ സ്‌റ്റേഷനായും മാറി. എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, അബുദാബി കമേഴ്സ്യല്‍ ബാങ്ക് എന്നിവയുടെ പേരിലും മെട്രോ സ്‌റ്റേഷനുകള്‍ അറിയപ്പെടുന്നുണ്ട്.
കമ്പനികളുമായി പത്തു വര്‍ഷത്തെ കരാര്‍
മെട്രോ സ്‌റ്റേഷനുകള്‍ക്ക് കമ്പനികളുടെ പേര് നല്‍കുന്നത് പത്തു വര്‍ഷത്തേക്കുള്ള കരാറിലാണ്. സ്റ്റേഷനിലെ സൈന്‍ ബോര്‍ഡുകള്‍, ഓഡിയോ അനൗണ്‍സ്‌മെന്റ് ഉള്‍പ്പടെ മെട്രോയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പേര് മാറ്റും. സ്വകാര്യ മേഖലയുമായുള്ള മികച്ച സഹകരണത്തിന് ഈ പേര് മാറ്റ നയം ഗുണം ചെയ്യുന്നുണ്ടെന്ന് ദുബൈ ട്രാസ്‌പോര്‍ട്ട് അതോരിറ്റിയുടെ കീഴിലുള്ള റെയില്‍ ഏജന്‍സി സി.ഇ.ഒ അബ്ദുൽ മുഹസിന്‍ കല്‍ബത്ത് വ്യക്തമാക്കി. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് സ്വകാര്യമേഖലയുടെ പിന്തുണ ലഭിക്കുന്നതോടൊപ്പം കമ്പനികള്‍ക്ക് കൂടുതല്‍ പ്രചാരത്തിനും ഇത് സഹായിക്കുന്നു. വിദേശ സന്ദര്‍ശകര്‍ ധാരാളമായി ഉപയോഗിക്കുന്ന ദുബൈ മെട്രോ സ്‌റ്റേഷനുകള്‍ വഴിയുള്ള ബ്രാന്റിംഗ്, ദുബൈയിലെ കമ്പനികള്‍ക്ക് അന്താരാഷ്ട്ര പ്രചാരം നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ നീക്കത്തിലൂടെ ഇന്‍ഷുറന്‍സ് മാര്‍ക്കറ്റിന് വിപണിയിലെ സാന്നിധ്യം മെച്ചപ്പെടുത്താകുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി സി.ഇ.ഒ അവിനാഷ് ബാബര്‍ പറഞ്ഞു.