'വര്‍ക്ക് ഫ്രം ഹോം' പ്രോല്‍സാഹിപ്പിക്കാന്‍ ദുബൈ; കാരണങ്ങള്‍ ഇതാണ്
20 ശതമാനം പേര്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്താല്‍ ഷെയ്ക് സായിദ് റോഡിലെ വാഹന തിരക്ക് 9.8 ശതമാനം കുറയും
കോവിഡ് കാലത്ത് തൊഴില്‍ മേഖലയില്‍ വ്യാപകമായ 'വീട്ടില്‍ ഇരുന്ന് ജോലി' (വര്‍ക്ക് ഫ്രം ഹോം) സമ്പ്രദായം ഇപ്പോഴും മിക്ക രാജ്യങ്ങളിലും തുടരുന്നുണ്ട്. സ്വകാര്യ മേഖലയിലെ കമ്പനികളുടെയും ജീവനക്കാരുടെയും സൗകര്യങ്ങള്‍ക്കനുസരിച്ച് വര്‍ക്ക് ഫ്രം ഹോം അനുവദിക്കുന്നു. ദുബൈയിലും ഈ രീതി വ്യാപകമാക്കാനുള്ള നീക്കത്തിലാണ് ഭരണാധികാരികള്‍. കാരണം മറ്റൊന്നുമല്ല, മഹാനഗരത്തിലെ ഗതാഗത കുരുക്ക് കുറക്കാന്‍ അത് സഹായിക്കും. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഓഫീസുകളില്‍ വര്‍ക്ക് ഫ്രം ഹോം, ഫ്ലക്‌സിബിള്‍ വര്‍ക്ക് രീതികള്‍ വ്യാപകമാക്കാനാണ് ദുബൈ ഭരണകൂടം ആവശ്യപ്പെട്ടിട്ടുള്ളത്. ഇതുസംബന്ധിച്ച് രണ്ട് പഠനങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് തീരുമാനം. കൂടുതല്‍ കമ്പനികള്‍ ഇതുമായി സഹകരിക്കാന്‍ തയ്യാറാണെന്നും കണ്ടെത്തിയിട്ടുണ്ട്.
പഠനങ്ങളിലെ കണ്ടെത്തലുകള്‍
വര്‍ക്ക് ഫ്രം ഹോം രീതി വ്യാപകമാക്കുന്നത് ദുബൈ നഗരത്തില്‍ ഗതാഗത കുരുക്ക് കുറക്കാന്‍ സഹായിക്കുമെന്ന് രണ്ട് പഠനങ്ങളില്‍ കണ്ടെത്തി. ദുബൈ റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റിയുടെ നിര്‍ദേശപ്രകാരമാണ് സര്‍വെകള്‍ നടന്നത്. നഗരത്തിലെ ഓഫീസുകളില്‍ 20 ശതമാനം ജീവനക്കാര്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്താല്‍ പ്രധാന റോഡായ ഷെയ്ക് സായിദ് റോഡില്‍ ഗതാഗത തിരക്ക് 9.8 ശതമാനം കുറയുമെന്ന് പഠനങ്ങളില്‍ കണ്ടെത്തി. ഫ്ലക്‌സിബിള്‍ വര്‍ക്കിംഗ് സമയം അനുവദിച്ചാല്‍ ഇതേ റോഡില്‍ വാഹന തിരക്ക് 5.7 ശതമാനം കൂടി കുറയും. തിരക്കേറിയ അല്‍ഖൈല്‍ റോഡിലും ഇതേ രീതിയിലുള്ള കുറവുണ്ടാകുമെന്നും പഠനങ്ങളില്‍ കണ്ടെത്തി. പൊതുമേഖലയിലെ 3,20,000 പേര്‍ ജോലി ചെയ്യുന്ന 644 ഓഫീസുകളിലും സ്വകാര്യ മേഖലയിലെ 12,000 ജീവനക്കാര്‍ക്കിടയിലുമുണ്ട് സര്‍വെ നടന്നത്. 80 ശതമാനം കമ്പനികളും വര്‍ക്ക് ഫ്രം ഹോം രീതിയെ പിന്തുണക്കാമെന്ന് സര്‍വെയില്‍ അറിയിച്ചിട്ടുണ്ട്.
ഫ്ലക്‌സിബിള്‍ ജോലി സമയം
പ്രധാന റോഡുകളിലെ വാഹന തിരക്ക് കുറക്കുന്നതിന് ഫ്ലക്‌സിബിള്‍ ജോലി സമയം ഏര്‍പ്പെടുത്തണമെന്നും റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി നിര്‍ദേശിക്കുന്നു. നിലവിലുള്ള ജോലി സമയത്തില്‍ രണ്ട് മണിക്കൂര്‍ വ്യത്യാസം വരുത്താനാണ് നിര്‍ദേശം. രാവിലെ 6.30 നും 8.30 നും ഇടയില്‍ ജോലി തുടങ്ങാന്‍ ഒരു വിഭാഗം ജീവനക്കാര്‍ തയ്യാറായാല്‍ അത് ഗതാഗത കുരുക്ക് കുറക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. രാവിലെ ഒമ്പത് മണിക്ക് ശേഷമുള്ള ട്രാഫിക് ജാം കുറക്കാന്‍ ഇത് സഹായിക്കും. വൈകുന്നേരങ്ങളിലും ഇത്തരമൊരു സമയമാറ്റം ഗുണകരമാകുമെന്നും നിര്‍ദേശമുണ്ട്. മാത്രമല്ല, രാവിലെ നേരത്തെ ജോലി തുടങ്ങുന്നത് ജീവനക്കാരുടെ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ദുബൈയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ 87 ശതമാനം ജീവനക്കാര്‍ ഫ്ലക്‌സിബിള്‍ ജോലി സമയത്തെ അനുകൂലിച്ചിട്ടുണ്ട്.