കേരളത്തിന് ശരണം ലോട്ടറി തന്നെ; വരുമാനം കുതിക്കുന്നു

ലോട്ടറി വരുമാനത്തില്‍ ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കള്‍ 41.55 ശതമാനം വര്‍ധന

Update:2024-10-15 20:30 IST

വ്യവസായ മേഖലയില്‍ നിന്നുള്ള വരുമാനത്തിന്റെ സ്ഥിതി പരിതാപകരമായി മുന്നോട്ട് പോകുമ്പോള്‍ കേരള സര്‍ക്കാര്‍ പിടിച്ചു നില്‍ക്കുന്നത്  ലോട്ടറിയുടെ വില്‍പ്പനയില്‍ നിന്നുള്ള വരുമാനം കൊണ്ട്. ഭാഗ്യ പരീക്ഷണത്തിനായി കൂടുതല്‍ പേര്‍ തയ്യാറാകുന്നത് സംസ്ഥാനത്തിന് പ്രതീക്ഷിത വരുമാനത്തേക്കാള്‍ വലിയ നേട്ടമാണ് ഉണ്ടാക്കുന്നത്. ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ 41.55 ശതമാനം അധിക വരുമാനമാണ് ലോട്ടറി വില്‍പ്പനയിലൂടെ 2022-23 വര്‍ഷത്തില്‍ ലഭിച്ചതെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നികുതിയേതര വരുമാനത്തില്‍ മുന്നില്‍ നില്‍ക്കുന്നതും ലോട്ടറി കച്ചവടം തന്നെ. 2022-23 വര്‍ഷത്തില്‍ 11,892 കോടി രൂപയാണ് ഈ മേഖലയില്‍ നിന്നുള്ള വില്‍പ്പന വരുമാനം. 8,402 കോടി രൂപയാണ് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നത്. ലക്ഷ്യമിട്ടതിനേക്കാള്‍ 3,500 കോടിയോളം രൂപയാണ് അധികമായി കിട്ടിയത്. ഇതിന് പുറമെ ലോട്ടറിയില്‍ നിന്നുള്ള ജി.എസ്.ടി വരുമാനം 13.555 കോടി രൂപയാണ്.

പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പകുതിയോളം നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സി.എ.ജിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രവര്‍ത്തന ക്ഷമമായ 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77 സ്ഥാപനങ്ങള്‍ക്കും നഷ്ടക്കണക്കാണ് പറയാനുള്ളത്. 77 സ്ഥാപനങ്ങളുടെ നഷ്ടം 18,026.49 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ പ്രധാന ഭാഗവും ലോട്ടറി, മദ്യം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നിന്നാണ്. 2021-22 വര്‍ഷത്തേക്കാള്‍ നികുതി, നികുതിയേതര വരുമാനത്തില്‍ വര്‍ധനവുണ്ടായത് റവന്യു കമ്മില്‍ കുറയാന്‍ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022-23 വര്‍ഷത്തില്‍ 65,867.35 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഈ തുകയില്‍ 1.42 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ബജറ്റിന് പുറത്ത് 6,056.91 കോടി രൂപ സര്‍ക്കാര്‍ കടമെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവിന് ബജറ്റ് പണം ഉപയോഗിക്കണ്ടി വന്നതായി സി.എ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Tags:    

Similar News