മുഖം മിനുക്കാന്‍ ദുബൈ 'ട്രാം'; എട്ടു ലൈനുകളില്‍ കൂടി സര്‍വീസ്; വെര്‍ച്വല്‍ ട്രാക്കില്‍ ഓടും
ഡ്രൈവറില്ലാത്ത ട്രാമുകളില്‍ ഒരേ സമയം 300 പേര്‍ക്ക് സഞ്ചരിക്കാം
ദുബൈ ഉള്‍പ്പടെ യു.എ.ഇയിലെ എട്ടു നഗരങ്ങളില്‍ കൂടുതല്‍ പുതിയ ട്രാമുകള്‍ വരുന്നു. ദുബൈ ട്രാം സര്‍വ്വീസിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് ആധുനിക സൗകര്യങ്ങളുള്ള കൂടുതല്‍ ട്രാം സര്‍വീസുകള്‍ക്ക് യു.എ.ഇ സര്‍ക്കാര്‍ മുന്നോട്ടു വരുന്നത്. നഗരങ്ങളിലെ വാഹന തിരക്ക് കുറക്കുകയാണ് മുഖ്യ ലക്ഷ്യം. ഡ്രൈവര്‍ ഇല്ലാതെ വെര്‍ച്വല്‍ ട്രാക്കില്‍ ഓടുന്ന ഓട്ടോമാറ്റിക് ട്രാമുകളാണ് വരുന്നത്. പ്രത്യേക റൂട്ടുകള്‍ നിശ്ചയിച്ച് പെയിന്റ് ചെയ്ത ലൈനുകളിലൂടെ കാമറയുടെ സഹായത്തോടെയാണ് ഇവ സഞ്ചരിക്കുക. പരമ്പരാഗത ട്രാമുകള്‍ക്ക് പകരം, ആധുനിക രീതിയില്‍ രൂപ കല്‍പ്പന ചെയ്ത വൈദ്യുതിയില്‍ ഓടുന്ന ട്രാമുകളാണ് രംഗത്തെത്തുക. പരീക്ഷണാടിസ്ഥാനത്തില്‍ ഒരു സര്‍വീസ് അബുദബിയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. 200 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഈ വാഹനം റീം ഐലന്റിനും മറീന മാളിനും ഇടയിലാണ് സര്‍വീസ് നടത്തുന്നത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഒരേ സമയം 300 യാത്രക്കാര്‍
മൂന്നു കംപാര്‍ട്‌മെന്റുകളുള്ള ട്രാമുകളില്‍ 300 പേര്‍ക്ക് സഞ്ചരിക്കാനാകും. പരമാവധി സ്പീഡ് മണിക്കൂറില്‍ 70 കിലോമീറ്റര്‍. 100 കിലോമീറ്ററാണ് വൈദ്യുതി ബാറ്ററികളുടെ ശേഷി. പ്രത്യേക റെയില്‍പാളങ്ങള്‍ ഇല്ലാത്തതാണ് ഇതിന്റെ പ്രത്യേകത. റോഡുകളില്‍ പെയിന്റ് ചെയ്ത ലൈനുകളിലൂടെയാണ് ഇവ സഞ്ചരിക്കുക. ട്രാമുകളിലെ കാമറകളുടെയും സെന്‍സറുകളുടെയും സഹായത്തോടെയാണ് യാത്ര. മനോഹരമായ രൂപകല്‍പ്പനയും മികച്ച ഇന്റീറിയര്‍ സൗകര്യങ്ങളും പുതിയ ട്രാമുകളിലെ യാത്ര വേറിട്ട അനുഭവമാക്കുമെന്നാണ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അവകാശപ്പെടുന്നത്.
ടാക്‌സി ട്രാക്കുകള്‍ വിപുലീകരിക്കും
ഇതോടൊപ്പം ടാക്‌സികള്‍ക്കും ബസുകള്‍ക്കുമായുള്ള പ്രത്യേക ട്രാക്കുകള്‍ വിപുലീകരിക്കാനും യു.എ.ഇ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി തീരുമാനിച്ചു. അടുത്ത വര്‍ഷത്തോടെ ഇത് നടപ്പാക്കും. ആറു റൂട്ടുകളില്‍ 20 കിലോമീറ്റര്‍ വീതമാണ് ദീര്‍ഘിപ്പിക്കുന്നത്. ബസുകള്‍ക്കുള്ള പ്രത്യേക റൂട്ടുകള്‍ വിപുലീകരിക്കുന്നതോടെ ബസ് യാത്രാ സമയത്തില്‍ 41 ശതമാനത്തിന്റെ കുറവു വരുമെന്നാണ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി കണക്കാക്കുന്നത്. ബസുകള്‍ക്ക് കൃത്യസമയങ്ങളില്‍ സര്‍വീസ് നടത്താനുമാകും. ഡ്രൈവറില്ലാത്ത ബസുകള്‍ വ്യാപകമാക്കാനുള്ള പദ്ധതിക്കും ആര്‍.ടി.എ രൂപം നല്‍കിയിട്ടുണ്ട്.