'കൊലക്കുറ്റത്തിന് കേസെടുക്കണം' തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി

വോട്ടെണ്ണലിന് മുമ്പ് സംസ്ഥാന ആരോഗ്യ സെക്രട്ടറിയുമായി ചേര്‍ന്ന് കോവിഡ് പ്രോട്ടോകോള്‍ ഉണ്ടാക്കണമെന്നും കോടതി

Update:2021-04-26 17:59 IST

കോവിഡ് വ്യാപനത്തിനിടയിലും രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികള്‍ക്ക് അനുമതി നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. കോവിഡ് 19 ന്റെ രണ്ടാം തരംഗത്തിന് ഒരേയൊരു ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജി കുറ്റപ്പെടുത്തി. അതുകൊണ്ട് കൊലക്കുറ്റത്തിന് കേസെടുത്ത് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ അകത്തിടുകയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് വാക്കാല്‍ അഭിപ്രായപ്പെട്ടു.

കോവിഡ് 19 നെതിരെ പ്രതിരോധ നടപടികള്‍ കൈക്കൊണ്ടിരുന്നു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകന്‍ സൂചിപ്പിച്ചപ്പോള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ റാലികള്‍ നടത്തുമ്പോള്‍ നിങ്ങള്‍ അന്യഗ്രഹത്തിലായിരുന്നോ എന്നാണ് ചീഫ് ജസ്റ്റിസ് ചോദിച്ചത്. പൊതുജനാരോഗ്യം പരമപ്രധാനമാണെന്നും ഒരു ഭരണഘടനാ സ്ഥാപനം തന്നെ അത് തകര്‍ക്കാന്‍ ഇടയാകുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
വോട്ടെണ്ണല്‍ ദിവസമായ മേയ് രണ്ടിന് മുമ്പ് തന്നെ സംസ്ഥാന ആരോഗ്യ സെക്രട്ടറിയുമായി ചേര്‍ന്ന് പ്രത്യേക പ്രോട്ടോകോള്‍ ഉണ്ടാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.


Tags:    

Similar News