കാര്‍ബണ്‍ പുറന്തള്ളല്‍: മോഹിപ്പിക്കുന്ന ഓഫറുമായി ഇലോണ്‍ മസ്‌ക്

കൂടുതല്‍ വിവരങ്ങള്‍ അടുത്തയാഴ്ച പുറത്തു വിടുമെന്നും ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ കുറിച്ചു

Update: 2021-01-22 10:17 GMT

മികച്ച രീതിയില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിനെ ചെറുക്കുന്ന സാങ്കേതിക വിദ്യയ്ക്ക് 100 ദശലക്ഷം ഡോളര്‍ സമ്മാനം പ്രഖ്യാപിച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ടെസ്ലയുടെ സ്ഥാപകനായ അദ്ദേഹം ട്വിറ്ററിലൂടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ആഗോളതാപനത്തിന് ഇടയാക്കുന്ന കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ നിരവധി ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഇതില്‍ നേരിയ പുരോഗതി കൈവരിക്കാന്‍ മാത്രമേ ലോകത്തിനായിട്ടുള്ളൂ. കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണമായും ഇല്ലാതാകുന്നുവെന്ന് ഉറപ്പാക്കാന്‍ പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ പിടിച്ചെടുക്കുന്നതിനുള്ള അത്യാധുനിക സാങ്കേതിക വിദ്യ കണ്ടെത്തേണ്ടതുണ്ടെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മികച്ച രീതിയില്‍ കാര്‍ബണ്‍ പിടിച്ചെടുക്കുന്ന സാങ്കേതിക വിദ്യയ്ക്ക് ഇലോണ്‍ മസ്‌ക് 100 ദശലക്ഷം ഡോളര്‍ സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തയാഴ്ചയോടെ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിന്റെ ഭാഗമായി പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ പിടിച്ചെടുക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന നടപടി ത്വരിപ്പെടുത്താനുള്ള നടപടിയെടുക്കുമെന്ന് പുതുതായി സ്ഥാനമേറ്റ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു.


Tags:    

Similar News