പണമിടപാടുകള്‍ സുഗമമാക്കുന്നതിന് സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഇ-പോസ് മെഷീനുകളും; പ്രയോജനങ്ങള്‍ അറിയാം

നടപടി ക്രമങ്ങള്‍ കൂടുതല്‍ ഡിജറ്റലാക്കുന്നതിന് സഹായകരമാകും

Update:2024-07-27 16:08 IST

Image Courtesy: Canva, kozhikode.directory

സംസ്ഥാനത്ത് സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പണമിടപാടുകള്‍ സുഗമമാക്കുന്നതിന് ഇ-പോസ് മെഷീന്‍ കൊണ്ടുവരുന്നതിന് തീരുമാനമായി. പണമിടപാടുകള്‍ വേഗത്തിലും കൃത്യതയോടെയും നടത്തുന്നതിന് ഏറെ സഹായകരമാണ് ഇ-പോസ് മെഷീനുകള്‍. ഡിജിറ്റലായി നടപടി ക്രമങ്ങള്‍ നടക്കുന്നതിനാല്‍ ഇ-പോസ് മെഷീനുകള്‍ (ഇലക്‌ട്രോണിക് പോയിന്റ് ഓഫ് സെയിൽ) ഇടപാടുകള്‍ക്ക് കേന്ദ്രീകൃത സ്വഭാവം വരികയും എളുപ്പത്തില്‍ ഓഫീസുകളില്‍ നല്‍കേണ്ട ഫീസും മറ്റു ചെലവുകളും കണക്കുകൂട്ടാനും സാധിക്കുന്നു.
രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. രജിസ്ട്രേഷന്‍ നടപടികളില്‍ പണമിടപാടുകള്‍ സുഗമമാക്കണമെന്ന ആവശ്യങ്ങള്‍ ജനങ്ങള്‍ വളരേക്കാലമായി ഉന്നയിക്കുകയാണ്. സംസ്ഥാനത്തെ റേഷന്‍ കടകളില്‍ നിലവില്‍ ഇ-പോസ് മെഷീനുകള്‍ ഉപയോഗിച്ചാണ് ബില്ലിങ് സംബന്ധിച്ച കാര്യങ്ങള്‍ ചെയ്യുന്നത്. സമയലാഭവും നടപടി ക്രമങ്ങളിലെ സുതാര്യതയും കണക്കുകളിലെ കൃത്യതയും മൂലം ഇ-പോസ് സംവിധാനത്തോട് ജനങ്ങള്‍ മികച്ച രീതിയിലാണ് പ്രതികരണം നടത്തുന്നത്.

ബയോ മെട്രിക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും

സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ബയോ മെട്രിക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. ആധാരങ്ങളില്‍ മഷിയില്‍ തൊട്ടു വിരല്‍ പതിപ്പിക്കുന്ന നടപടികള്‍ ഇതോടെ ഒഴിവാക്കാനാകും. ഇ-സ്റ്റാമ്പിങ് നടപ്പാക്കാനുളള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റ് 1 മുതല്‍ രജിസ്ട്രേഷന്‍ നടപടികള്‍ സമ്പൂര്‍ണമായും ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറ്റാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
ആധാര്‍ പകര്‍പ്പുകള്‍ ഓണ്‍ലൈനായി ലഭ്യമാക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഓണ്‍ലൈനായി ആധാര്‍ പകര്‍പ്പുകള്‍ ലഭ്യമാക്കുന്നതിനുളള സൗകര്യങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വസ്തു സംബന്ധമായ രേഖകൾ പരിപാലിക്കുന്നതിനും രേഖകളുടെ നിയമസാധുതയും ആധികാരികതയും ഉറപ്പാക്കുന്നതിനും ഉത്തരവാദിത്തമുള്ള ഓഫീസാണ് സബ് രജിസ്ട്രാറുടേത്. സുതാര്യത നിലനിർത്തുന്നതിലും വഞ്ചനാപരമായ വസ്തു ഇടപാടുകൾ തടയുന്നതിലും ഈ ഓഫീസിന്റെ പങ്ക് നിർണായകമാണ്. വിൽപ്പത്രങ്ങൾ, വിവാഹ സർട്ടിഫിക്കറ്റുകൾ, പാർട്ണർഷിപ്പ് ഡീഡുകൾ തുടങ്ങിയ മറ്റ് നിയമപരമായ രേഖകളുടെ രജിസ്ട്രേഷനും സബ് രജിസ്ട്രാർമാർ കൈകാര്യം ചെയ്യുന്നുണ്ട്.
Tags:    

Similar News