എറണാകുളം-ബംഗളൂരു വന്ദേഭാരത് ഓണക്കാലത്ത് ഓടിത്തുടങ്ങും, പ്രതീക്ഷ നല്‍കി റെയില്‍വേ

കൊല്ലത്ത് കിടന്ന റേക്ക് ബംഗളൂരുവിലേക്ക് കൊണ്ടുപോയി

Update:2024-07-06 13:54 IST

Vande Bharat Train: MSK/Dhanam

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ് രണ്ടുമാസത്തിനുള്ളില്‍ ഓടിത്തുടങ്ങുമെന്ന് കരുതുന്നതായി റെയില്‍വേ. കര്‍ണാടക-കേരള ട്രാവലേഴ്‌സ് ഫോറം ഭാരവാഹികള്‍ നല്‍കിയ നിവേദനത്തിലാണ് റെയില്‍വേയുടെ മറുപടി.
കേരളത്തിന് വേണ്ടി പ്രഖ്യാപിച്ചെങ്കിലും ഏറെക്കാലം കൊല്ലത്ത് കിടന്ന റേക്ക് കഴിഞ്ഞ ദിവസം ബംഗളൂരുവിലേക്ക് കൊണ്ടുപോയിരുന്നു. നിലവില്‍ ഈ റേക്ക് ഉപയോഗിച്ച് ബംഗളൂരു-മധുരൈ സര്‍വീസ് നടത്തുകയാണ് റെയില്‍വേ. കഴിഞ്ഞ ദീപാവലി മുതല്‍ ബംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് വന്ദേഭാരത് സര്‍വീസ് നടത്തുമെന്നായിരുന്നു റെയില്‍വേ അറിയിച്ചിരുന്നത്. പിന്നീട് കേരളത്തില്‍ നിന്നും ഈ വന്ദേഭാരത് സര്‍വീസ് നടത്തില്ലെന്ന വാര്‍ത്തകള്‍ പുറത്തുവരികയും പിന്നാലെ റേക്ക് ബംഗളൂരുവിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ രണ്ടുമാസത്തിനുള്ളില്‍ കേരളത്തിലേക്ക് സര്‍വീസ് നടത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നാണ് റെയില്‍വേയുടെ മറുപടി. അങ്ങനെയാണെങ്കില്‍ ഓണക്കാലത്ത് ബംഗളൂരു-എറണാകുളം റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ആശ്വാസമാകും.
പ്രതീക്ഷിക്കുന്നത് ഇങ്ങനെ
പുലര്‍ച്ചെ അഞ്ചിന് എറണാകുളത്ത് നിന്നും പുറപ്പെട്ട് പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി ഉച്ചയ്ക്ക് 1.35ന് ബംഗളൂരുവില്‍ എത്തുന്ന രീതിയിലായിരിക്കും സര്‍വീസ്. 2.05ന് തിരിക്കുന്ന ട്രെയിന്‍ രാത്രി 10.45 ന് എറണാകുളത്തെത്തും. തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, സേലം സ്‌റ്റേഷനുകളിലാണ് സ്റ്റോപ്പുണ്ടാവുക.
താത്കാലികമായി റദ്ദാക്കിയ കൊച്ചുവേളി-യശ്വന്ത്പൂര്‍ ഗരീബ് രഥ് എക്‌സ്പ്രസ് സര്‍വീസ് പുനരാരംഭിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. യശ്വന്ത്പൂര്‍ റെയില്‍വേസ്റ്റേഷനിലെ അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടിയാണ് ആഗസ്റ്റ് 20 മുതല്‍ സെപ്തംബര്‍ 18 വരെ ഗരീബ് രഥ് സര്‍വീസ് റദ്ദാക്കിയത്. ഇവിടെ പണി തീരുന്നത് വരെ ചിക്കബാണവാരിയിലേക്കോ ബാനസ് വാടിയിലേക്കോ സര്‍വീസ് നടത്താനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപനം നേരത്തെയുണ്ടാകുമെന്നും ഡിവിഷണല്‍ ഓപറേഷന്‍സ് മാനേജര്‍ നൈനിശ്രീ രംഗനാഥ് റെഡ്ഡി ഉറപ്പുനല്‍കിയിട്ടുണ്ട്.
ഓണക്കാലത്തെ ദുരിത യാത്ര
ബംഗളൂരുവില്‍ നിന്നുള്ള ഓണക്കാലത്തെ ദുരിതയാത്രക്ക് അറുതിവേണമെന്ന ആവശ്യം മലയാളികള്‍ ഏറെക്കാലമായി ഉയര്‍ത്തുന്നതാണ്. റെയില്‍വേയുടെ ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കാന്‍ വൈകുന്നത് പലരുടെയും യാത്രയെ ബാധിക്കും. റിസര്‍വേഷന്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ടിക്കറ്റും തീരും. ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് പിന്നീട് ആശ്രയിക്കാന്‍ പറ്റുന്ന സ്വകാര്യ ബസുകള്‍ അമിത നിരക്കാണ് ഈടാക്കുന്നത്. കര്‍ണാടക, കേരള ആര്‍.ടി.സി ബസുകള്‍ പ്രത്യേക സര്‍വീസ് നടത്താറുണ്ടെങ്കിലും പലപ്പോഴും യാത്രാക്ലേശത്തിന് പരിഹാരമാകാറില്ല.
Tags:    

Similar News