എറണാകുളം-ബംഗളൂരു വന്ദേഭാരത്: ഇരട്ടിചാര്‍ജ് ഈടാക്കാന്‍ സ്‌പെഷ്യലാക്കിയിട്ടും സൂപ്പര്‍ ഹിറ്റ്
സ്ഥിരം സര്‍വീസാക്കണമെന്ന ആവശ്യവുമായി യാത്രക്കാര്‍
എറണാകുളം-ബംഗളൂരു റൂട്ടില്‍ ഓണ സമയത്ത് യാത്രക്കാരുടെ തിരക്ക് പരിഹരിക്കാന്‍ പതിവ് സ്‌പെഷ്യലുകള്‍ക്ക് പകരം ഉയര്‍ന്ന നിരക്കില്‍ വന്ദേഭാരത് ട്രെയിന്‍ സ്‌പെഷ്യല്‍ സര്‍വീസായി ഓടിച്ചിട്ടും ആദ്യ ദിവസങ്ങളില്‍ റെക്കോര്‍ഡ് ബുക്കിംഗ്. പുതിയ വന്ദേഭാരത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്ന ജൂലൈ 31ന് എറണാകുളത്ത് നിന്നും ബംഗളൂരുവിലേക്ക് 260 ടിക്കറ്റുകള്‍ മാത്രമേ ബാക്കിയുള്ളൂ. എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ വിഭാഗത്തില്‍ 21 എണ്ണം കൂടി ബാക്കിയുണ്ട്. ബംഗളൂരുവില്‍ നിന്നുള്ള ടിക്കറ്റ് ബുക്കിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല.
സ്‌പെഷ്യല്‍ സര്‍വീസ്
ഉത്സവ സമയത്ത് എറണാകുളം-ബംഗളൂരു റൂട്ടില്‍ ഏകദേശം 50,000 പേര്‍ യാത്ര ചെയ്യുമെന്നാണ് ഏകദേശ കണക്ക്. പലപ്പോഴും മാസങ്ങള്‍ക്ക് മുമ്പ് ബുക്ക് ചെയ്തവര്‍ക്ക് പോലും ട്രെയിന്‍ ടിക്കറ്റുകള്‍ കിട്ടാറില്ല. അവസരം മുതലെടുക്കുന്ന സ്വകാര്യ ബസ് ഉടമകള്‍ ടിക്കറ്റ് നിരക്ക് 5,000 രൂപ വരെ ഉയര്‍ത്താറുണ്ട്. ഇത് പരിഹരിക്കാന്‍ സാധാരണ നിരക്കിലുള്ള ട്രെയിനുകളായിരുന്നു നേരത്തെ സ്‌പെഷ്യല്‍ സര്‍വീസായി ഓടിച്ചിരുന്നത്. പിന്നീട് ലാഭത്തില്‍ കണ്ണുവച്ചതോടെ സുവിധ സ്‌പെഷ്യലുകളും ഉയര്‍ന്ന നിരക്കിലുള്ള സ്‌പെഷ്യല്‍ ട്രെയിനുകളും ഓടിക്കാന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതലാണ് ഉത്സവ സീസണില്‍ വന്ദേഭാരത് ട്രെയിനുകള്‍ സ്‌പെഷ്യലായി സര്‍വീസ് നടത്താന്‍ തുടങ്ങിയത്. ഇത് സാധാരണക്കാര്‍ക്ക് ആശ്രയിക്കാനാവില്ലെന്ന ആക്ഷേപം ശക്തമാണ്.
ടിക്കറ്റിന് ഇരട്ടി ചാർത
തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നും 12 ട്രെയിനുകളാണ് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്നത്. എറണാകുളത്ത് നിന്നും ബംഗളൂരുവിലേക്ക് സാധാരണ എക്‌സ്പ്രസ് ട്രെയിനില്‍ സെക്കന്റ് സിറ്റിംഗിന് 215 രൂപയും എസി ചെയര്‍കാറിന് 785 രൂപയുമാണ് ഈടാക്കുന്നത്. വന്ദേഭാരത് സ്‌പെഷ്യല്‍ ട്രെയിനിലെത്തുമ്പോള്‍ ഇത് ചെയര്‍കാറിന് 1,465 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2,945 രൂപയുമാകും.
വേണം സ്ഥിരം സര്‍വീസ്
നിലവില്‍ സ്‌പെഷ്യല്‍ സര്‍വീസായി ഓടിക്കുന്ന ട്രെയിന്‍ യാത്രക്കാരുടെ എണ്ണം, വരുമാനം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച് സ്ഥിരം സര്‍വീസ് ആക്കണമെന്ന ആവശ്യം ശക്തമാണ്. ഈ റൂട്ടില്‍ സ്ഥിരം സര്‍വീസ് ആരംഭിക്കുന്നത് വിവിധ ആവശ്യങ്ങള്‍ക്കായി ബംഗളൂരുവിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാകും. സ്ഥിരം സര്‍വീസായി ഓടിക്കുമ്പോള്‍ ടിക്കറ്റ് ചാര്‍ജും ഗണ്യമായി കുറയാന്‍ ഇടയുണ്ട്. അതേസമയം, സ്‌പെഷ്യല്‍ സര്‍വീസിനായി ഓറഞ്ച് നിറമുള്ള എട്ട് കോച്ചുകളുള്ള റേക്ക് എറണാകുളത്ത് എത്തിച്ചിട്ടുണ്ട്. ക്രിസ്മസ്-പുതുവത്സര സീസണില്‍ കോട്ടയം-ബംഗളൂരു സ്‌പെഷ്യല്‍ സര്‍വീസ് നടത്തിയിട്ടുള്ളതിനാല്‍ പരീക്ഷണയോട്ടം ഉണ്ടാകില്ല.
സര്‍വീസ് ഇങ്ങനെ
എറണാകുളം ജംഗ്ഷന്‍ (സൗത്ത്) റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനിലേക്ക് ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ്. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളത്ത് നിന്നും (ട്രെയിന്‍ നമ്പര്‍ 06001) വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ (ട്രെയിന്‍ നമ്പര്‍ 06002) തിരിച്ചും സര്‍വീസ് നടത്തും. എറണാകുളം, തൃശൂര്‍, പാലക്കാട്, പോത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബംഗളൂരു എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. എറണാകുളത്തു നിന്ന് ഉച്ചയ്ക്ക് 12.50 ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 10ന് ബംഗളൂരുവിലെത്തും. രാവിലെ 5.30 ന് ബംഗളൂരുവില്‍ നിന്നും തിരിച്ച് ഉച്ചയ്ക്ക് 2.20 ന് എറണാകുളത്ത് എത്തുന്ന വിധത്തിലാണ് ക്രമീകരണം. ജൂലൈ 31 മുതല്‍ ആഗസ്റ്റ് 26 വരെ 24 ട്രിപ്പുകളാണ് നിലവില്‍ തയ്യാറാക്കിയിരിക്കുന്നത്. 9 മണിക്കൂര്‍ 10 മിനിറ്റാണ് യാത്രാ സമയം.